മൈക്രോഡ്രാമ രംഗത്തേക്ക് 'വി മൂവീസ് & ടിവി'; ബുള്ളറ്റ് ആപ്പുമായി കൈകോർത്ത് ഇനി ചെറിയ സീരീസുകളും ആസ്വദിക്കാം

ഇന്ത്യൻ മൈക്രോഡ്രാമ വിപണി 2026-ഓടെ 1.5 ബില്യൺ ഡോളറായും 2030-ഓടെ 4.5 ബില്യൺ ഡോളറായും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്
മൈക്രോഡ്രാമ രംഗത്തേക്ക് 'വി മൂവീസ് & ടിവി'; ബുള്ളറ്റ് ആപ്പുമായി കൈകോർത്ത് ഇനി ചെറിയ സീരീസുകളും ആസ്വദിക്കാം
Published on

സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ തരംഗമാകുന്ന മൈക്രോഡ്രാമ (Microdrama) രംഗത്തേക്ക് പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയുടെ (Vi) കണ്ടന്റ് അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമായ വി മൂവീസ് & ടിവി കടക്കുന്നു. ബുള്ളറ്റ് മൈക്രോഡ്രാമ ആപ്പുമായി സഹകരിച്ചാണ് ഈ പുതിയ സേവനം ലഭ്യമാക്കുന്നത്. തുടക്കത്തിൽ വി മൂവീസ് & ടിവി ആപ്പിലൂടെ ഈ ഉള്ളടക്കങ്ങൾ തികച്ചും സൗജന്യമായി ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും.

അതിവേഗം വളരുന്ന മൈക്രോഡ്രാമ വിപണി

ഇന്ത്യയിൽ മൈക്രോഡ്രാമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2025-ലെ ആദ്യ പാദത്തിലെ കണക്കനുസരിച്ച് ആഗോളതലത്തിലെ മൈക്രോഡ്രാമ ഡൗൺലോഡുകളിൽ 11 ശതമാനവും (ഏകദേശം 3.5 കോടി) ഇന്ത്യയിൽ നിന്നാണ്. ഇന്ത്യൻ മൈക്രോഡ്രാമ വിപണി 2026-ഓടെ 1.5 ബില്യൺ ഡോളറായും 2030-ഓടെ 4.5 ബില്യൺ ഡോളറായും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടും മൂന്നും നിര നഗരങ്ങളിലെ യുവാക്കളുടെ താല്പര്യമാണ് ഈ വിപണിയെ നയിക്കുന്നത്. ഉപഭോക്താക്കൾ പ്രതിദിനം 40 മുതൽ 90 മിനിറ്റ് വരെ ഇത്തരം വീഡിയോകൾക്കായി ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എല്ലാം

പുതിയ മാറ്റത്തോടെ റൊമാന്‍സ്, ഡ്രാമ, ത്രില്ലര്‍, കോമഡി തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി ഭാഷകളില്‍ മൈക്രോഡ്രാമകളും ഇനി മുതല്‍ ലഭ്യമാകും. ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള റിക്ഷാ റോമിയോ, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ള ഓട്ടോരാജ, മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലുള്ള ലേഡി ബോസ്, ഹിന്ദിയിലുള്ള കോമഡി കപ്പിള്‍, ബംഗാളിയിലുളള സ്വീറ്റ് 16 എന്നീ പ്രധാന സീരീസുകള്‍ പുതിയ കാറ്റലോഗില്‍ ഉള്‍പ്പെടുന്നു.

ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ആമസോൺ എംഎക്‌സ് പ്ലെയർ തുടങ്ങി 20-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളും 400-ലധികം ലൈവ് ടിവി ചാനലുകളും നിലവിൽ വി ആപ്പിൽ ലഭ്യമാണ്. ഓരോന്നിനും വെവ്വേറെ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നതിന്റെ ബുദ്ധിമുട്ടില്ലാതെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ എല്ലാ വിനോദങ്ങളും ലഭ്യമാക്കുകയാണ് ഇതിലൂടെ വി ലക്ഷ്യമിടുന്നത്. മൈക്രോഡ്രാമ കൂടി ഉൾപ്പെടുത്തിയതോടെ സൗജന്യ കണ്ടന്റ് പോർട്ട്‌ഫോളിയോ കൂടുതൽ ശക്തമാക്കാൻ കമ്പനിക്ക് സാധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com