കൊച്ചിയില്‍ നിന്ന് നേരിട്ട് വിയറ്റ്‌നാമിലേക്ക് പറക്കാം, 5,555 രൂപയ്ക്ക്

വിയറ്റ്‌ജെറ്റ് എയറിന്റെ കൊച്ചി-ഹോ ചി മിന്‍ സിറ്റി നേരിട്ടുള്ള സര്‍വീസ് ഓഗസ്റ്റ് 12 മുതല്‍; തിരുവനന്തപുരത്തേക്കും വൈകാതെ
VietJet Air
Image : VietJet Air
Published on

വിയറ്റ്‌നാമില്‍ വിനോദ സഞ്ചാരത്തിനും ജോലിക്കും മറ്റുമായി പോകുന്ന മലയാളികള്‍ക്ക് ഇനി കൊച്ചിയില്‍ നിന്ന് നേരിട്ട് പറക്കാം. പ്രമുഖ വിയറ്റ്‌നാമീസ് പുതുതലമുറ വിമാനക്കമ്പനിയായ വിയറ്റ്‌ജെറ്റ് എയറിന്റെ (VietJet Air) കൊച്ചിയില്‍ നിന്ന് ഹോ ചി മിന്‍ സിറ്റിയിലേക്ക് (Ho Chi Minh City) നേരിട്ടുള്ള വിമാന സര്‍വീസിന് ആഗസ്റ്റ് 12ന് തുടക്കമാകുമെന്ന് വിയറ്റ്‌നാമിന്റെ ഇന്ത്യയിലെ അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായ് (Nguyen Thanh Hai) പറഞ്ഞു.

ഉദ്ഘാടന ഓഫറായി കൊച്ചി-ഹോ ചി മിന്‍ സിറ്റി ടിക്കറ്റ് നിരക്ക് 5,555 രൂപയാണ്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുണ്ടാവുക.

കൊച്ചിയില്‍ നിന്ന് രാത്രി 11.50ന് പുറപ്പെടുന്ന വിമാനം ഹോ ചി മിന്‍ സിറ്റിയില്‍ രാവിലെ 6.40നെത്തും. തിരികെ വൈകിട്ട് 7.20ന് പുറപ്പെട്ട് കൊച്ചിയില്‍ രാത്രി 10.50ന് എത്തും. നിലവില്‍ ന്യൂഡല്‍ഹി, മുംബയ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് വിയറ്റ്‌നാമിലേക്ക് നേരിട്ട് സര്‍വീസുള്ളത്. പട്ടികയില്‍ സെപ്തംബറോടെ ബംഗളൂരുവും ഹൈദരാബാദും ഇടംപിടിക്കും.

180 സീറ്റുകളുള്ള എയർബസ്  എ320 വിമാനമാണ് കൊച്ചി സര്‍വീസിലുള്ളത്. തുടക്കത്തില്‍ കൊച്ചിയില്‍ നിന്ന് ബിസിനസ് ക്ലാസില്ല. ഡിമാന്‍ഡനുസരിച്ച് ബിസിനസ് ക്ലാസ് ടിക്കറ്റുകളും അവതരിപ്പിക്കും.

തിരുവനന്തപുരത്തേക്കും നേരിട്ട്

കൊച്ചിയില്‍ നിന്ന് പ്രതിദിന സര്‍വീസ് നടത്തുകയാണ് മുഖ്യ ലക്ഷ്യമെന്ന് വിയറ്റ്‌ജെറ്റ് വൈസ് പ്രസിഡന്റ് ഓഫ് കൊമേഴ്‌സ് ജെയ് എല്‍. ലിംഗേശ്വര 'ധനം ഓണ്‍ലൈന്‍.കോമിനോട്' പറഞ്ഞു.

ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തിലെ അധികമറിയപ്പെടാത്ത 'രത്‌നമാണ്' കൊച്ചി. വാണിജ്യപരമായും വിയറ്റ്‌നാമിന് കൊച്ചിയില്‍ വലിയ സാദ്ധ്യതകളുണ്ട്. അതാണ് കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ കാരണമായത്.

കൊച്ചിയില്‍ നിന്ന് ഹോ ചി മിന്‍ സിറ്റിയിലേക്കും തിരിച്ചും ഓരോ സര്‍വീസിലും ശരാശരി 80 ശതമാനം യാത്രക്കാരെ (ലോഡ് ഫാക്ടര്‍) പ്രതീക്ഷിക്കുന്നു. വൈകാതെ കൊച്ചിയില്‍ നിന്ന് ഹനോയ് (Hanoi) നഗരത്തിലേക്കും സര്‍വീസ് തുടങ്ങും. ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷാദ്യമോ തിരുവനന്തപുരത്തേക്കും നേരിട്ട് സര്‍വീസ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ടുള്ള സര്‍വീസ് കേരള ടൂറിസത്തിനും നേട്ടമാകുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി പറഞ്ഞു. ലണ്ടനിലേക്ക് നേരിട്ടുള്ളതാണ് നിലവില്‍ കൊച്ചിയില്‍ നിന്നുള്ള ഏറ്റവും ദീര്‍ഘമായ സര്‍വീസ്. ഹോ ചി മിന്‍ സിറ്റി കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കപ്പെടുകയാണെന്ന് കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. മനു പറഞ്ഞു.

ടൂറിസത്തിനും ബിസിനസിനും നേട്ടം

ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്കും തിരിച്ചുമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ വലിയ കുതിപ്പിന് പുതിയ വിമാന സര്‍വീസ് സഹായിക്കുമെന്ന് അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായ് പറഞ്ഞു. കൊവിഡിന് മുമ്പ് പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് ശരാശരി 11,000 വിനോദ സഞ്ചാരികള്‍ വിയറ്റ്‌നാമില്‍ എത്തിയിരുന്നു.

പുതിയ സര്‍വീസിന്റെ കരുത്തില്‍ ഈ വര്‍ഷം 60 ശതമാനം അധിക സഞ്ചാരികളെ പ്രതീക്ഷിക്കുന്നു.

ഇ-വീസ ഇനി 90 ദിവസം

ഇന്ത്യക്കാര്‍ക്ക് 30 ദിവസത്തേക്ക് നല്‍കിയിരുന്ന ഇ-വീസ സൗകര്യം 90 ദിവസമായി വിയറ്റ്‌നാം ഉയര്‍ത്തിയെന്നും ഇത് ഇന്ത്യന്‍ സഞ്ചാരികള്‍ക്കും വിയറ്റ്‌നാം ടൂറിസത്തിനും വലിയ നേട്ടമാകുമെന്നും അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായ് പറഞ്ഞു. വിയറ്റ്‌നാമിലെ ഫു കോക്ക് (Phu Quoc) ദ്വീപിലേക്ക് ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ എത്താം. വൈകാതെ ഇന്ത്യ-ഫു കോക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളും നടപ്പാക്കും.

ചൈനയും തായ്‌ലന്‍ഡും

കൊവിഡാനന്തരം ചൈനയില്‍ നിന്ന് നിരവധി കമ്പനികള്‍ വിയറ്റ്‌നാമിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയിരുന്നു. വിയറ്റ്‌നാമിലേക്കുള്ള മികച്ച യാത്രാസൗകര്യം (കണക്റ്റിവിറ്റി), രാജ്യത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം എന്നിവയാണ് ഇതിന് കാരണമെന്ന് അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായ് പറഞ്ഞു.

ടൂറിസത്തില്‍ വിയറ്റ്‌നാമിന് തായ്‌ലന്‍ഡ് ഒരു വെല്ലുവിളിയല്ലെന്ന് ജെയ് എല്‍. ലിംഗേശ്വരയും പറഞ്ഞു. തായ്‌ലന്‍ഡിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാം സന്ദര്‍ശിച്ച് തിരിച്ചെത്താം. വിയറ്റ്‌നാമിന്റെ ടൂറിസം ആകര്‍ഷണങ്ങളും വൈവിദ്ധ്യങ്ങളും തികച്ചും വേറിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് 2023 ജനുവരി-മേയില്‍ 1.41 ലക്ഷം സഞ്ചാരികളാണ് വിയറ്റ്‌നാമിലെത്തിയത്. ഈ വര്‍ഷം ആകെ 5 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ വിയറ്റ്‌നാം പ്രതീക്ഷിക്കുന്നു. വിയറ്റ്‌നാം ടൂറിസത്തിന്റെ ഏറ്റവും വലിയ 10 വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ന്യൂയെന്‍ തന്‍ ഹായ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com