തട്ടിപ്പിന്റെ വിയറ്റ്‌നാം 'മോഡല്‍'; ബാങ്കിന് നഷ്ടം ഒരു ലക്ഷം കോടി രൂപ, ശതകോടീശ്വരിക്ക് വധശിക്ഷ

ഏഷ്യയില്‍ വളരെ വേഗത്തില്‍ വളരുന്ന രാജ്യങ്ങളിലൊന്നായ വിയറ്റ്‌നാമില്‍ നിന്ന് അത്യപൂര്‍വമായൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. വിയറ്റ്‌നാമിലെ സമ്പന്നരില്‍ മുന്‍നിരയിലുള്ള ട്രുവോംഗ് മൈ ലാന്‍ എന്ന വനിതയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു എന്നതാണ് ലോകത്തെ ഞെട്ടിച്ച വാര്‍ത്ത. താന്‍ നിയന്ത്രിച്ചിരുന്ന ബാങ്കില്‍ നിന്ന് 12.5 ബില്യണ്‍ ഡോളര്‍ (ഏകദേശം ഒരു ലക്ഷം കോടി രൂപ) തട്ടിച്ചെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.
വിയറ്റ്‌നാം ജി.ഡി.പിയുടെ 6 ശതമാനം വരുമത്രേ ട്രുവോംഗിന്റെ തട്ടിപ്പിന്റെ വ്യാപ്തി. ബാങ്കുകളെ കബളിപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ കോടതിയില്‍ തെളിയിക്കപ്പെട്ടത്. വാന്‍ തിന്‍ ഫാറ്റ് എന്ന കമ്പനിയുടെ തലപ്പത്ത് ഇരിക്കുമ്പോഴാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. 2012 മുതല്‍ സൈഗോണ്‍ കൊമേഴ്‌സ്യല്‍ ബാങ്കിനെ നിയന്ത്രിച്ചിരുന്നതും ട്രുവോംഗ് ആയിരുന്നു.
ഈ സ്ഥാനത്തിരുന്ന അവര്‍ തന്റെ കൂട്ടാളികളുടെയും വിശ്വസ്തരുടെയും പേരില്‍ വന്‍തോതില്‍ വായ്പകള്‍ എടുത്തുകൂട്ടി. കൂടാതെ ഷെല്‍ കമ്പനികളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും തട്ടിപ്പിനായി ഉപയോഗിച്ചു. സ്വന്തം കാര്‍ ഡ്രൈവറുടെ പേരില്‍ പോലും കോടികളുടെ വായ്പ എടുത്തിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
തന്റെ ഇഷ്ടക്കാര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ട്രുവോംഗ് ബാങ്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിരുന്നു. 2022 ഒക്ടോബറിലാണ് ഇവര്‍ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലാകുന്നത്. പിന്നാലെ ഇവരുടെ ഉടമസ്ഥതയിലുള്ള ആയിരത്തിലധികം സ്വത്തുക്കള്‍ അധികൃതര്‍ പിടിച്ചെടുത്തു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 42,000ത്തിലധികം പേര്‍ തട്ടിപ്പിന് ഇരയായി.
തുടക്കം പെട്ടിക്കടയില്‍, വളര്‍ന്നു പന്തലിച്ചത് ശരവേഗത്തില്‍
വിയറ്റ്‌നാമിലെ ഒരു ചന്തയില്‍ ചെറിയ പെട്ടിക്കട നടത്തിയാണ് ട്രുവോംഗിന്റെ തുടക്കം. എന്നാല്‍ പെട്ടെന്നു തന്നെ ഇവര്‍ സമ്പന്നയായി മാറി. ഇതിന്റെ പിന്നിലെ ഗുട്ടന്‍സ് ഇന്നും അജ്ഞാതമാണ്. ബാങ്കിന്റെയും മറ്റും സ്ഥാപനങ്ങളുടെയും തലപ്പത്ത് എത്തിയതോടെ ഇവര്‍ വിയറ്റ്‌നാമിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം സ്ഥലം വാങ്ങിക്കൂട്ടി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇവര്‍ക്ക് ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമുണ്ട്.
ഹോചിമിന്‍ സിറ്റിയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ സൈഗണ്‍ ടൈംസ് സ്‌ക്വയര്‍ ഈ 67കാരിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഹോംഗ്‌കോംഗില്‍ വേരുകളുള്ള കോടീശ്വരനെയാണ് ട്രുവോംഗ് വിവാഹം കഴിച്ചിരിക്കുന്നത്. 2022ല്‍ അറസ്റ്റിന് പിന്നാലെ ട്രുവോംഗിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
സാധാരണയായി ഇതുപോലുള്ള അഴിമതിക്കേസുകളില്‍ വിയറ്റ്‌നാമില്‍ വധശിക്ഷ പതിവുള്ളതല്ല. എന്നാല്‍ സര്‍ക്കാരിലും അധികാര കേന്ദ്രങ്ങളിലും ആഴ്ന്നിറങ്ങിയിരിക്കുന്ന അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടാണ് കോടതിവിധിയെ പലരും വിശേഷിപ്പിക്കുന്നത്. ചൈനയെ പോലെ ഏകകക്ഷി കമ്മ്യൂണിസ്റ്റ് ഭരണമാണ് വിയറ്റ്‌നാമിലും.
Related Articles
Next Story
Videos
Share it