വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് മെയ് മൂന്നു മുതല്‍ ആറ് വരെ

ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയര്‍-സെല്ലര്‍ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) വെര്‍ച്വല്‍ മീറ്റ് മെയ് മൂന്ന് മുതല്‍ ആറ് വരെ നടക്കും. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന കെടിഎമ്മില്‍ രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള പങ്കാളികളുമായി നടന്ന ബിസിനസ് ചര്‍ച്ചകളുടെ തുടര്‍നടപടികള്‍ നാല് ദിവസത്തെ ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യും.

കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍

സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയോടെ നടക്കുന്ന വെര്‍ച്വല്‍ കെടിഎം കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള കേരള ടൂറിസത്തിന്റെ സംരംഭങ്ങളെ സ്വാധീനിക്കുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ടൂറിസം വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

രണ്ട് വര്‍ഷം കൂടുമ്പോള്‍

2022 ല്‍ കേരള ടൂറിസം നേടിയ മികച്ച നേട്ടം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കാന്‍ വെര്‍ച്വല്‍ കെടിഎമ്മിലെ ബയര്‍-സെല്ലര്‍ ആശയവിനിമയം കൊണ്ട് സാധിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മാന്ദ്യത്തില്‍ നിന്ന് കേരള ടൂറിസത്തിന്റെ പുനരുജ്ജീവനം ലോകശ്രദ്ധയാകര്‍ഷിച്ചു.

പോയവര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 1.88 കോടി കടന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷം കൂടുമ്പോഴാണ് കെടിഎം സാധാരണ നടക്കുന്നത്.

Related Articles
Next Story
Videos
Share it