Begin typing your search above and press return to search.
കടം വീട്ടിയില്ലെങ്കിൽ 5ജി ഇല്ല; വോഡഫോൺ ഐഡിയയ്ക്ക് മുന്നറിയിപ്പുമായി ടവർ കമ്പനി
മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്.
ഇന്‍ഡസ് ടവേഴ്‌സില്‍ 48 ശതമാനം ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശിക വീട്ടുംവരെ ഇന്‍ഡസ് ടവേഴ്‌സിന്റെ സേവനം വോഡഫോണ്‍ ഐഡിയയ്ക്ക് കിട്ടില്ലെന്ന് മിത്തല്‍ പറഞ്ഞു.
പണം സ്വരൂപിക്കാന്‍ വോഡഫോണ്‍ ഐഡിയ
ആറുമാസത്തിനകം 5ജി സേവനം ലഭ്യമാക്കുമെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ കമ്പനി ഇതിനുള്ള പരീക്ഷണം നടത്തുകയുമാണ്. ഫോളോ-ഓണ്‍ ഓഹരി വില്‍പനയിലൂടെ അടുത്തിടെ വോഡഫോണ്‍ ഐഡിയ 18,000 കോടി രൂപ സ്വരൂപിച്ചിരുന്നു.
പ്രൊമോട്ടര്‍മാരില്‍ നിന്ന് 2,000 കോടി രൂപയോളവും ലഭിച്ചു. കടപ്പത്രങ്ങളിറക്കിയോ ഓഹരി വില്‍പനയിലൂടെയോ വീണ്ടുമൊരു 20,000-25,000 കോടി രൂപ സമാഹരിക്കാനും വോഡഫോണ്‍ ഐഡിയ ആലോചിക്കുന്നുണ്ട്.
വീട്ടാനുള്ളത് വന്‍ തുക
ഇന്‍ഡസ് ടവേഴ്‌സിന്റെ വരുമാനത്തില്‍ 40 ശതമാനവും എത്തുന്നത് വോഡഫോണ്‍ ഐഡിയയ്ക്ക് നല്‍കുന്ന സേവനങ്ങളില്‍ നിന്നാണ്. 10,000 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനിക്ക് വോഡഫോണ്‍ ഐഡിയ വീട്ടാനുള്ള കുടിശിക. ഇത് തീര്‍ത്താലേ തുടര്‍ന്നും സേവനം ലഭ്യമാക്കൂ എന്നാണ് സുനില്‍ മിത്തല്‍ നല്‍കിയ മുന്നറിയിപ്പ്.
Next Story
Videos