കടം വീട്ടണം, ഒപ്പം 5ജി വിപുലീകരണം; 20,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

ടെലികോം രംഗത്തെ മുന്‍നിരക്കാരായ വോഡഫോണ്‍ ഐഡിയ 20,000 കോടി രൂപ സമാഹരിക്കും. ഓഹരിയുടമകളുടെ അസാധാരണ ജനറല്‍ മീറ്റിംഗ് ഫണ്ട് ശേഖരണത്തിന് അനുമതി നല്കിയിരുന്നു. പുതിയതായി സമാഹരിക്കുന്ന തുക 4ജി, 5ജി സേവനങ്ങള്‍ മെച്ചപ്പെടുത്താനാകും ഉപയോഗിക്കുക.

ഇതുവഴി ജിയോ ഉള്‍പ്പെടെയുള്ള എതിരാളികളുമായുള്ള മല്‍സരത്തില്‍ കൂടുതല്‍ മേധാവിത്വം കൈവരിക്കാമെന്ന് വോഡഫോണ്‍ ഐഡിയ കരുതുന്നു. കമ്പനിയുടെ കടങ്ങള്‍ കുറയ്ക്കുന്നതിനും അതുവഴി സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പുതിയ ധനസമാഹരണം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിന്നിട്ട പാദങ്ങളില്‍ തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ അളവ് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചത് കമ്പനിക്ക് ആശ്വാസം പകരുന്നുണ്ട്. പുതിയതായി സമാഹരിക്കുന്ന ഫണ്ട് സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.

കടങ്ങള്‍ കുറയ്ക്കും

ഇന്ത്യന്‍ ടെലികോം രംഗത്ത് ജിയോയുടെ കടന്നു വരവോടെ വലിയ രീതിയിലുള്ള കൊഴിഞ്ഞു പോക്കാണ് വോഡഫോണ്‍ ഐഡിയ നേരിടുന്നത്. ഇതിനൊപ്പം നഷ്ടകണക്ക് വര്‍ധിക്കുകയും ചെയ്തതോടെ പ്രതിസന്ധിയും ഉടലെടുത്തിരുന്നു. കമ്പനിയില്‍ നിന്ന് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ എറിക്‌സണ്‍, വാവെയ് തുടങ്ങിയവര്‍ മടി കാണിക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട വോഡഫോണ്‍ ഐഡിയയില്‍ നിന്ന് കരാര്‍ എടുക്കുന്നത് തിരിച്ചടിയാകുമോയെന്ന ഭയത്തിലായിരുന്നു ഇത്. പുതുതായി സമാഹരിക്കുന്ന തുകയില്‍ നിന്ന് ഒരുപങ്ക് ഇത്തരത്തിലുള്ള കടങ്ങള്‍ വീട്ടാനും കമ്പനി മാറ്റിവയ്ക്കും.

ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കനുസരിച്ച് ജനുവരിയില്‍ മാത്രം വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായത് 15.2 ലക്ഷം വരിക്കാരെയാണ്. മറ്റ് പ്രധാന എതിരാളികളെല്ലാം പുതിയ വരിക്കാരെ വര്‍ധിപ്പിച്ച സ്ഥാനത്താണ് വോഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടി നേരിട്ടത്. നിലവില്‍ 22.15 കോടി വരിക്കാരാണ് കമ്പനിക്കുള്ളത്.

Related Articles

Next Story

Videos

Share it