കേരളത്തില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് വീണ്ടും ക്ഷീണം, കുതിപ്പ് തുടര്‍ന്ന് ജിയോ

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട കണക്കുകളനുസരിച്ച് ജൂണിലും കേരളത്തിലെ വോഡഫോണ്‍ (Vi) വരിക്കാരുടെ എണ്ണത്തില്‍ കുറവ്. മേയ് മാസത്തേക്കാള്‍ 42,202 വരിക്കാരാണ് വോഡഫോണിനെ ഉപേക്ഷിച്ച് പോയത്. ഇതോടെ വോഡഫോണിന്റെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം 1,42,03,668 ആയി.


അതേ സമയം 71,204 വരിക്കാരെ നേടി റിലയന്‍സ് ജിയോയാണ് മുന്നില്‍. 47,022 വരിക്കാരുമായി ഭാരതി എയര്‍ടെല്ലാണ് രണ്ടാം സ്ഥാനത്ത്. ബി.എസ്.എന്‍.എല്‍ ജൂണില്‍ 10,079 വരിക്കാരെ സ്വന്തമാക്കി. ടെലിഫോണ്‍ സാന്ദ്രത കൂടിയ സംസ്ഥാനങ്ങളില്‍ ഡല്‍ഹിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിലെ മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 4.29 കോടിയാണ്.

രാജ്യത്തും മുന്നില്‍ ജിയോ തന്നെ
രാജ്യത്തെ മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ 0.11 ശതമാനത്തിന്റെ പ്രതിമാസ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. 117.25 കോടിയാണ് മൊത്തം വരിക്കാര്‍. മേയിലിത് 117.38 കോടിയായിരുന്നു. റിലയന്‍സ് ജിയോ 22,72,799 പുതിയ വരിക്കാരെ നേടിയപ്പോള്‍ ഭാരതി എയര്‍ടെല്‍ 14,09,572 വരിക്കാരെ നേടി. അതേ സമയം വോഡഫോണ്‍ ഐഡിയക്ക് 12,85,298 വരിക്കാരെയും ബി.എസ്.എന്‍.എല്ലിന് 18,70,559 വരിക്കാരെയും നഷ്ടമായി.
മൊബൈല്‍ ഫോണ്‍ വിപണിയുടെ 38.35 ശതമാനവും റിലയന്‍സ് ജിയോ സ്വന്തമാക്കി. 32.68 ശതമാനം വിഹിതവുമായി ഭാരതി എയര്‍ടെല്ലാണ് രണ്ടാം സ്ഥാനത്ത് . വോഡഫോണ്‍ ഐഡിയയുടെ വിഹിതം 20.08 ശതമാനമായി കുറഞ്ഞു. ബി.എസ്.എന്‍.എല്ലിന്റെ വിഹിതം 8.71 ശതമാനമാണ്.

ടെലികോം ഓഹരികളില്‍ സമ്മിശ്ര പ്രകടനം

ട്രായിയുടെ പ്രതിമാസ കണക്കുകള്‍ പുറത്തു വന്നതോടെ ഇന്നലെ ടെലികോം ഓഹരികളില്‍ സമ്മിശ്ര പ്രകടനമാണുണ്ടായത്. വോഡഫോണ്‍ ഓഹരികള്‍ ഇന്നലെ 8.81 % ഉയര്‍ന്ന് 8.65 രൂപയായി. ഭാരതി എയര്‍ടെല്‍ 0.42 ശതമാനത്തിന്റെ നേരിയ നേട്ടമുണ്ടാക്കിയപ്പോള്‍ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് 2.45% ഇടിവ് രേഖപ്പെടുത്തി. ടാറ്റ ടെലി സര്‍വീസസ് (മഹാരാഷ്ട്ര) 2 ശതമാനം ഉയര്‍ന്നു.

Related Articles
Next Story
Videos
Share it