വോഡഫോണ്‍ ഐഡിയക്ക് ബിഗ് റിലീഫ്; എസ്.ബി.ഐ നേതൃത്വത്തില്‍ ₹29,000 കോടിയുടെ വായ്പ ലഭിച്ചേക്കും, ഓഹരി നേട്ടത്തില്‍

കുമാർ മംഗളം ബിർള ചെയർമാനായി തുടരണമെന്നത് വായ്പ നൽകുന്നതിനുള്ള പ്രധാന നിബന്ധനകളിലൊന്നാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്
VI & sbi logo, Kumar mangalam birla
canva
Published on

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ ലിമിറ്റഡ് (Vi) വൻ തുക വായ്പയായി സമാഹരിക്കാനൊരുങ്ങുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യം കമ്പനിക്ക് ഏകദേശം 3.5 ബില്യൺ ഡോളർ (ഏകദേശം 29,400 കോടി രൂപ) വായ്പ നൽകാൻ ധാരണയായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വരിക്കാരുടെ ചോർച്ചയും നേരിടുന്ന വോഡഫോൺ ഐഡിയക്ക് നെറ്റ്‌വർക്ക് നവീകരണത്തിനും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഈ തുക വലിയ ആശ്വാസമാകും.

നിബന്ധനകൾ കർശനം

എസ്.ബി.ഐക്ക് പുറമെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് (NaBFID) തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുന്ന കൺസോർഷ്യത്തിലുണ്ട്. ഏകദേശം 10 വർഷ കാലാവധിയുള്ളതാണ് വായ്പ.

അതേസമയം, വായ്പ തുക അനുവദിച്ച് നൽകുന്നതിന് ബാങ്കുകൾ ചില നിർണായക നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാനായ കുമാർ മംഗളം ബിർള വായ്പാ കാലാവധിയിലുടനീളം വോഡഫോൺ ഐഡിയയുടെ ചെയർമാനായി തുടരണമെന്നതാണ് പ്രധാന നിബന്ധന. കൂടാതെ തിരിച്ചടവ് മുടങ്ങിയാൽ ഗ്യാരന്റി നൽകണമെന്നും നിർദേശമുണ്ട്.

മത്സരം നേരിട്ട് മുന്നേറാന്‍

സമാഹരിക്കുന്ന വായ്പ തുക പ്രധാനമായും 4G, 5G നെറ്റ്‌വർക്ക് വിപുലീകരണത്തിനായി വിനിയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ വമ്പൻമാരിൽ നിന്ന് നേരിടുന്ന കടുത്ത മത്സരം ചെറുക്കാനും വിപണി വിഹിതം തിരിച്ചുപിടിക്കാനും നെറ്റ്‌വർക്ക് കരുത്ത് വർധിപ്പിക്കേണ്ടത് വോഡഫോൺ ഐഡിയക്ക് അനിവാര്യമാണ്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (ജൂൺ പാദത്തിൽ) കമ്പനിയുടെ നഷ്ടം പ്രതീക്ഷിച്ചതിലും കുറഞ്ഞ് 3,750 കോടി രൂപയായി മെച്ചപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ മുൻകാല സ്പെക്ട്രം കുടിശ്ശികകൾക്ക് പരിധി നിശ്ചയിച്ചതും, കുടിശ്ശിക തുകയുടെ ഒരു ഭാഗം (ഏകദേശം 37,000 കോടി രൂപ) ഇക്വിറ്റി ഓഹരികളാക്കി മാറ്റിയതും കമ്പനിക്ക് ജീവവായുവായിരുന്നു. നിലവിൽ കേന്ദ്ര സർക്കാരിന് വോഡഫോൺ ഐഡിയയിൽ 48.99% ഓഹരി പങ്കാളിത്തമുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ വോഡഫോൺ ഐഡിയ ഓഹരികൾ 40 ശതമാനത്തോളം മുന്നേറുകയും വിപണി മൂല്യം 1.6 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്. ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്ന് 15.17 രൂപയിലാണ് ഓഹരി.

സാമ്പത്തിക ബാധ്യതകൾ ക്രമീകരിച്ച് പ്രവർത്തനലാഭത്തിലേക്ക് എത്താനുള്ള കമ്പനിയുടെ നീക്കങ്ങൾക്ക് ബാങ്കുകളുടെ പിന്തുണ വലിയ കരുത്താകും.

SBI-led consortium agrees to provide $3.5 billion debt financing to help Vodafone Idea fund network expansion and compete with Reliance Jio and Bharti Airtel.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com