വാഹന വ്യവസായ ചരിത്രത്തിലെ വൻ അഴിച്ചുപണി; വോക്സ്‍വാ​ഗൺ 1 ലക്ഷം ജോലികൾ വെട്ടിക്കുറയ്ക്കുന്നു; നീക്കത്തിന് പിന്നിൽ?

ചൈനീസ് വാഹന നിർമാതാക്കളുടെ മത്സരം, അമിത ഉത്പാദന ശേഷി, വിപണി മാറ്റങ്ങൾ എന്നിവ നേരിടാൻ വോക്‌സ്‌വാഗൺ 50,000 ജോലികൾ കൂടി കുറയ്ക്കാനും മോഡൽ ശ്രേണി പകുതിയാക്കാനും പദ്ധതിയിടുന്നു
Volkswagen company restructuring plan
പ്രതീകാത്മക ചിത്രംImage Source: Canva
Published on

യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ വോക്‌സ്‌‍വാഗൺ (Volkswagen) 50,000 തസ്തികകൾ കൂടി വെട്ടിക്കുറയ്ക്കുന്നതിന് ഡയറക്ടർ ബോർഡ് അനുമതി നൽകി. ചൈനീസ് ഇലക്ട്രിക് വാഹന (EV) ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരവും ആവശ്യത്തിലുമധികമായ ഉത്പാദന ശേഷിയും ആഗോള തീരുവ സംബന്ധിച്ച വെല്ലുവിളികളും ഒക്കെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് കമ്പനിയുടെ 89 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണിക്ക് മാനേജ്മെന്റ് ഒരുങ്ങുന്നത്. "ഫ്യൂച്ചർ പ്ലാൻ" (Future Plan) എന്ന പേരിലാണ് കമ്പനി മാനേജ്‌മെന്റ് ഈ പരിഷ്കാരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

മൊത്തം 1,00,000 തൊഴിലവസരങ്ങൾ ഇല്ലാതാകും

ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ 50,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് വീണ്ടും 50,000 പേരെ കൂടി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 2030-ഓടെ വോക്‌സ്‌‍വാഗണിൽ നിന്ന് ആകെ ഒരു ലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാകും. ആ​ഗോള വാഹന വ്യവസായ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ കമ്പനി പുനഃസംഘടന കൂടിയാണിത്.

  • മോഡലുകളിൽ വൻ വെട്ടിച്ചുരുക്കൽ: 2035-ഓടെ നിർമ്മിക്കുന്ന വാഹന മോഡലുകളുടെ എണ്ണം 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

  • ജർമൻ പ്ലാന്റുകളുടെ ഭാവി: അടുത്ത ദശകത്തോടെ ഉത്പാദനം കുറയാൻ സാധ്യതയുള്ള നാല് പ്രധാന ജർമൻ നിർമാണ ശാലകളുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കാനോ മറ്റ് പങ്കാളിത്തങ്ങളിലേക്ക് മാറ്റാനോ കമ്പനി ആലോചിക്കുന്നുണ്ട്.

വോക്‌സ്‌‍വാഗൺ അഴിച്ചുപണി: ഒറ്റനോട്ടത്തിൽ

  • പുതിയ തൊഴിൽ വെട്ടിക്കുറയ്ക്കൽ ---------► 50,000 തസ്തികകൾ (ആകെ 1,00,000 തസ്തികകൾ).

  • പ്രഥമ ലക്ഷ്യം ---------► മോഡലുകളുടെ എണ്ണം 50% വരെ കുറയ്ക്കുക (2035-ഓടെ).

  • പ്രധാന കാരണങ്ങൾ ---------► ചൈനീസ് EV മത്സരം, അമിത ഉത്പാദന ശേഷി, തീരുവ ഭാരം.

അഴിച്ചുപണിക്ക് പിന്നിലെ കാരണങ്ങൾ

യൂറോപ്പിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള (ഇ.വി) മാറ്റം പ്രതീക്ഷിച്ച വേഗത കൈവരിക്കാത്തതാണ് വോക്സ്‍വാ​ഗണിനെ പ്രതിസന്ധിയിലാക്കിയത്. ഇതിനൊപ്പം ചൈനീസ് നിർമ്മാതാക്കൾ കുറഞ്ഞ ചെലവിൽ ഇ.വികളും ഹൈബ്രിഡ് മോഡലുകളും വിപണിയിലെത്തിച്ച് ആഗോളതലത്തിൽ സാന്നിധ്യം ശക്തമാക്കിയതും തിരിച്ചടിയായി. കയറ്റുമതി വിപണിയിലെ ഉയർന്ന് താരിഫുകളും കമ്പനിയുടെ ലാഭമാർജിനെ പ്രതികൂലമായി ബാധിച്ചു.

കമ്പനി മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും ലോവർ സാക്‌സണി (Lower Saxony) സംസ്ഥാന സർക്കാരും തമ്മിൽ ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വോക്സ്‍വാ​ഗണിന്റെ പുനഃസംഘടനയ്ക്ക് അംഗീകാരം ലഭിച്ചത്. നിക്ഷേപകരെ സംബന്ധിച്ച് ഈ അഴിച്ചുപണി കമ്പനിയുടെ സാമ്പത്തിക ഭദ്രത വർധിപ്പിക്കാൻ സഹായിക്കുമെങ്കിലും ജർമനിയിലെയും മറ്റ് യൂറോപ്യൻ നിർമ്മാണ ശാലകളിലെയും ജീവനക്കാർക്ക് ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്നാണ് വിലയിരുത്തൽ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com