30 മടങ്ങ് വരെ നേട്ടത്തോടെ ഫ്‌ളിപ്കാര്‍ട്ട് വിട്ട് നിക്ഷേപകര്‍; ഓഹരി പങ്കാളിത്തം വര്‍ധിപ്പച്ച് വാള്‍മാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബന്‍സാലും കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ യു.എസ് ആസ്ഥാനമായുള്ള ആക്സെലും ടൈഗര്‍ ഗ്ലോബലും തങ്ങളുടെ ഓഹരികള്‍ പ്രമുഖ യു.എസ് റീറ്റെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് വിറ്റ് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുപോയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ടിന്റെ മൊത്തം ഓഹരി പങ്കാളിത്തം 80.5 ശതമാനമായി ഉയര്‍ന്നു.

ഫ്‌ളിപ്കാര്‍ട്ട് വിട്ട് ബിന്നി ബന്‍സാല്‍

2018 ല്‍ വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 77% ഓഹരികള്‍ ഏറ്റെടുത്തതിന് പിന്നാലെ മറ്റൊരു സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ കമ്പനി വിട്ടിരുന്നു. എന്നാല്‍ ഈ ഏറ്റെടുക്കലിന് ശേഷവും 1-1.5 ശതമാനം ഓഹരി പങ്കാളിത്തം ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിന്നി ബന്‍സാലിന് ഉണ്ടായിരുന്നു. 1-1.5 ബില്യണ്‍ ഡോളര്‍ (8,250-12,400 കോടി രൂപ) സമ്പാദിച്ചുകൊണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിലെ മുഴുവന്‍ ഓഹരികളും വിറ്റൊഴിഞ്ഞ ബിന്നി ബന്‍സാല്‍ നിലവില്‍ കമ്പനിയുടെ ബോര്‍ഡില്‍ തുടരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മറ്റ് നിക്ഷേപകരും

ബിന്നി ബന്‍സാലിന്റെ ഓഹരികള്‍ കൂടാതെ ടൈഗര്‍ ഗ്ലോബല്‍, ആക്‌സെല്‍ എന്നീ ഫ്‌ളിപ്കാര്‍ട്ടിന്റെ ആദ്യകാല നിക്ഷേപകരുടെ ഓഹരികളും വാള്‍മാര്‍ട്ട് സ്വന്തമാക്കി. 2018ല്‍ ഫ്‌ളിപ്കാര്‍ട്ടിലെ ഭൂരിഭാഗം ഓഹരികള്‍ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നതിന് മുമ്പ് ആക്‌സെല്‍ അവരുടെ ഓഹരികള്‍ ക്രമേണ ഏകദേശം 6 ശതമാനമായി കുറച്ചു. പിന്നീട് ഇത് 1.1 ശതമാനമാക്കി നിലനിര്‍ത്തിയിരുന്നു.

നിലവില്‍ ഈ ഓഹരികളും വിറ്റൊഴിഞ്ഞതോടെ ഫ്‌ളിപ്പ്കാര്‍ട്ട് ഓഹരികളില്‍ നിന്നും മൊത്തം 1.5-2 ബില്യണ്‍ ഡോളര്‍ നേട്ടം (8,250-16,500 കോടി രൂപ) ആക്‌സെല്‍ സ്വന്തമാക്കി. 60-80 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ നിന്നാണ് ആക്‌സെല്‍ ഈ നേട്ടമുണ്ടാക്കിയത്. ഇത് 25-30 30 മടങ്ങ് വരെ ഉയര്‍ന്ന നേട്ടമാണ്.

വാള്‍മാര്‍ട്ട് ഏറ്റെടുക്കലിനുശേഷം ടൈഗര്‍ ഗ്ലോബലും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ചെറിയ ശതമാനം ഓഹരി കൈവശം വച്ചിരുന്നു. എന്നാല്‍ 1.2 ബില്ല്യണ്‍ (ഏകദേശം 9900 കോടി രൂപ) നിക്ഷേപിച്ച ടൈഗര്‍ ഗ്ലോബൽ ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ ലാഭം (ഏകദേശം 29,000 കോടി രൂപ) നേടികൊണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും പുറത്തു കടക്കുന്നത്.

സാന്നിധ്യം വിപുലീകരിക്കും

ഇന്ത്യയില്‍ വാള്‍മാര്‍ട്ടിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഭാഗമായാണ് ഈ നിക്ഷേപം. ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്ത് ആഗോള, പ്രാദേശിക കമ്പനികളായ ആമസോണ്‍, റിലയന്‍സ്, ടാറ്റ എന്നിവയുമായി മത്സരിക്കുന്ന വാള്‍മാര്‍ട്ട് വരും വര്‍ഷങ്ങളില്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും പൊതുജനങ്ങള്‍ക്കിടയില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഫ്‌ലിപ്കാര്‍ട്ടിനെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ വാള്‍മാര്‍ട്ട് പദ്ധതിയിടുന്നുണ്ട്.

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയുടെ ഭൂരിഭാഗം ഓഹരികളും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലാണ്. ഫ്‌ളിപ്കാര്‍ട്ടിലെയും ഫോണ്‍പേയിലെയും മറ്റ് ഓഹരി ഉടമകള്‍ക്ക് മൊത്തം നിന്ന് 3.5 ബില്യണ്‍ ഡോളര്‍ നല്‍കിയാണ് വാള്‍മാര്‍ട്ട് ഈ ഇടപാട് നടത്തിയത്. ഫ്‌ലിപ്കാര്‍ട്ടിന്റെ മൂല്യം 35 ബില്യണ്‍ ഡോളര്‍ (ഏകദേശം 2.8 ലക്ഷം കോടി രൂപ) വിലയിരുത്തിയാണ് ഇടപാടുകള്‍ നടന്നത്.

Related Articles
Next Story
Videos
Share it