ലക്ഷ്യം 82,000 കോടി രൂപയുടെ കയറ്റുമതി; ഇന്ത്യയില്‍ നിന്ന് കളിപ്പാട്ടങ്ങളും, സൈക്കിളുകളും വാങ്ങാന്‍ വാള്‍മാര്‍ട്ട്
2027ഓടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായി (82,000 കോടി രൂപ) ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ ആഗോള ഇ-കൊമേഴ്‌സ് ക്മ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിന്ന് കളിപ്പാട്ടങ്ങളും ഷൂസുകളും സൈക്കിളുകളും വാങ്ങുന്നു. വാള്‍മാര്‍ട്ട് പ്രസിഡന്റും സി.ഇ.ഒയുമായ ഡഗ് മക്മില്ലണ്‍ന്റെ ഇന്ത്യാ സന്ദര്‍ശനം ഈ നടപടികള്‍ക്ക് വേഗം കൂട്ടിയിരുന്നു.
കമ്പനിയുടെ ആവശ്യകതകളെക്കുറിച്ചും പ്രതീക്ഷിക്കുന്ന ഗുണനിലവാരത്തെക്കുറിച്ചും കമ്പനിയിലെ ഉദ്യോഗസ്ഥര്‍ നിരവധി ആഭ്യന്തര കളിപ്പാട്ട നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി. ഇത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ നേട്ടമാകും. കളിപ്പാട്ടങ്ങള്‍, ഷൂകള്‍, സൈക്കിളുകള്‍ എന്നിവ വാങ്ങുന്നതിന് പുറമെ ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമബിള്‍സ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അപ്പാരല്‍, വസ്ത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പുതിയ വിതരണക്കാരെ സജ്ജമാക്കാനും വാള്‍മാര്‍ട്ട് പദ്ധതിയിടുന്നുണ്ട്.
കളിപ്പാട്ട വ്യവസായത്തില്‍ വളര്‍ച്ച
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കളിപ്പാട്ടങ്ങളുടെ കാര്യത്തില്‍ ഇറക്കുമതി മാത്രമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കയറ്റുമതിയിലേക്ക് ഇന്ത്യ കടന്നു. ഐ.കെ.ഇ.എ (IKEA) പോലുള്ള ആഗോള കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങുന്നുണ്ട്. വാള്‍മാര്‍ട്ടും ഈ തീരുമാനത്തിലെത്തിയത് കളിപ്പാട്ട വ്യവസായത്തില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന വളര്‍ച്ചയെ എടുത്തുകാണിക്കുന്നു.
2022-23 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 1,017 കോടി രൂപയാണ്. 2021-22ല്‍ ഇത് 2,601 കോടി രൂപയായിരുന്നു. മൊത്തത്തിലുള്ള കളിപ്പാട്ട ഇറക്കുമതി 2021-22ല്‍ 70 ശതമാനം കുറഞ്ഞ് 870 കോടി രൂപയായി. ഇറക്കുമതി നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2020 ഫെബ്രുവരിയില്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തി. ഇപ്പോള്‍ ഇത് 70 ശതമാനമാണ്. കയറ്റുമതി ഉയര്‍ത്താന്‍ കളിപ്പാട്ടങ്ങള്‍ക്കായി പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) അവതരിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.