തനിക്ക് ലഭിച്ചത് 'ഓവേറിയൻ ലോട്ടറി', ലോകത്തിലെ 10 ഭാഗ്യവാന്മാരിൽ ഒരാളായത് എങ്ങനെയെന്ന് വാറൻ ബഫറ്റ്

തന്റെ പിതാവ് ഹൊവാർഡ് ഹോമൻ ബഫറ്റ് ഒരു സ്റ്റോക്ക് ബ്രോക്കർ ആയിരുന്നതിനാലാണ് തനിക്ക് 11-ാം വയസ്സിൽ തന്നെ നിക്ഷേപ രംഗത്തേക്ക് വരാൻ സാധിച്ചത്
Warren Buffett
Image courtesy: x.com/WarrenBuffett, Canva
Published on

ഏകദേശം 147 ബില്യൺ ഡോളർ ആസ്തിയുള്ള, ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ വാറൻ ബഫറ്റ്, തന്റെ വിജയത്തിൽ കഠിനാധ്വാനത്തെക്കാളും പ്രതിഭയെക്കാളും വലിയ പങ്ക് 'ഭാഗ്യം' വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ലോകത്തിലെ എട്ട് ബില്യൺ ജനങ്ങളിൽ ഏറ്റവും ഭാഗ്യവാന്മാരായ പത്ത് പേരെ എടുത്താൽ അതിൽ ഒരാൾ താനായിരിക്കുമെന്നും ബഫറ്റ് സിഎൻബിസിയോട് പറഞ്ഞു.

'ഓവേറിയൻ ലോട്ടറി' (Ovarian Lottery)

വിജയം എന്നത് ഒരാളുടെ നിയന്ത്രണത്തിലല്ലാത്ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു എന്നാണ് ബഫറ്റിന്റെ പക്ഷം. ഇതിനെ അദ്ദേഹം 'ഓവേറിയൻ ലോട്ടറി' എന്ന് വിശേഷിപ്പിക്കുന്നു. ഒരാൾ എവിടെ ജനിക്കുന്നു, ഏത് കുടുംബത്തിൽ ജനിക്കുന്നു, അവർക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവയാണ് വെറും പ്രതിഭയെക്കാൾ പ്രധാനം. അമേരിക്കയിൽ ജനിച്ചതും, ഒരു പുരുഷൻ എന്ന നിലയിൽ സമൂഹത്തിൽ ലഭിച്ച മുൻഗണനകളും തന്റെ സമ്പന്നനാകാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിതായി അദ്ദേഹം 2024-ലെ ഓഹരി ഉടമകൾക്കുള്ള കത്തിൽ സൂചിപ്പിച്ചിരുന്നു.

കുടുംബ പശ്ചാത്തലവും ദീർഘായുസും

തന്റെ പിതാവ് ഹൊവാർഡ് ഹോമൻ ബഫറ്റ് ഒരു സ്റ്റോക്ക് ബ്രോക്കർ ആയിരുന്നതിനാലാണ് തനിക്ക് 11-ാം വയസ്സിൽ തന്നെ നിക്ഷേപ രംഗത്തേക്ക് വരാൻ സാധിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു. "എന്റെ പിതാവ് ഒരു പ്ലംബർ ആയിരുന്നെങ്കിൽ, എനിക്ക് ഈ അവസരം ലഭിക്കില്ലായിരുന്നു" എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അടുത്ത മാസം 96 വയസ് തികയുന്ന ബഫറ്റ്, ദീർഘകാലം ജീവിച്ചിരിക്കുന്നത് കൂടുതൽ സമ്പത്ത് സമാഹരിക്കാൻ തന്നെ സഹായിച്ചുവെന്നും ഇത് കേവലം ഭാഗ്യമാണെന്നും വിശ്വസിക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ: തന്റെ സമ്പത്തിന്റെ 99 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ബഫറ്റ് മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ മക്കളിലൂടെ 2034 ഡിസംബർ 31-ഓടെ ഈ തുക പൂർണമായും വിതരണം ചെയ്യാനാണ് അദ്ദേഹം ഇപ്പോൾ ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തിലെ പത്താമത്തെ വലിയ ധനികനായ അദ്ദേഹം, ബെർക്ഷെയർ ഹാതവേയുടെ (Berkshire Hathaway) സിഇഒ സ്ഥാനത്ത് നിന്ന് മാറിയെങ്കിലും കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com