ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താം, ചെറുകിട സംരംഭങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പലതുണ്ട് വഴികള്‍

വന്‍കിട കമ്പനികളുടെ ലിസ്റ്റിംഗിനേക്കാള്‍ വേറിട്ട നിബന്ധനകളാണ് എസ്എംഇ ഐ.പി.ഒ കള്‍ക്കുള്ളത്
msme
Image courtesy: Canva
Published on

'ആശയം കിടിലനാണോ, ഫണ്ട് വരും' പൊതുവെ കേള്‍ക്കുന്ന കാര്യമാണിത്. ഇതില്‍ വാസ്തവം ഇല്ലാതെയുമില്ല. എന്നിരുന്നാലും ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഇപ്പോഴും ആവശ്യമുള്ളപ്പോള്‍ മതിയായ ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതികളും നിലവിലുണ്ട്.

സംരംഭകര്‍ക്ക് ഫണ്ട് സമാഹരണത്തിന് മുമ്പെന്നത്തേക്കാള്‍ വഴികള്‍ ഇപ്പോള്‍ മുന്നിലുണ്ട്. കുടുംബശ്രീ, ബാങ്കുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ വഴിയെല്ലാം സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ട്. ഗ്രാമീണ, നഗര മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങാനും അധിക പ്രവര്‍ത്തന മൂലധനം വേണ്ടിവരുമ്പോള്‍ അത് ലഭ്യമാക്കാനും കുടുംബശ്രീ പദ്ധതികളുണ്ട്. ഇന്നൊവേഷന്‍ ഫണ്ട്, ടെക്നോളജി ഫണ്ട്, ടെക്നോളജി അപ്ഗ്രഡേഷന്‍ ഫണ്ട് എന്നിങ്ങനെ സൂക്ഷ്മ സംരംഭങ്ങളുടെ യാത്രയില്‍ പിന്തുണയാകുന്ന ഫണ്ടുകള്‍ കുടുംബശ്രീ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്.

സമൂഹത്തിന്റെ പിന്‍നിരയിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് സ്വയം സംരംഭം തുടങ്ങാനും അതിനെ വളര്‍ത്താനും വനിതാ വികസന കോര്‍പ്പറേഷന്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയെല്ലാം സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്.

സിഡ്ബി, നബാര്‍ഡ് എന്നിങ്ങനെയുള്ള ഏജന്‍സികളും സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിവരുന്നുണ്ട്. ഭൂരിഭാഗം സംരംഭകരും ബിസിനസ് തുടങ്ങാനും അതിനെ വളര്‍ത്താനും ഫണ്ടിനായി ആദ്യം ആശ്രയിക്കുന്നത് ബാങ്കുകളെ തന്നെയാണ്. സംരംഭകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ബാങ്കുകള്‍ വഴി ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി നൂതന വായ്പ ഉല്‍പ്പന്നങ്ങള്‍ ബാങ്കുകള്‍ രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. ബിസിനസ് വളര്‍ച്ചയില്‍ ബാങ്കുകളെ പങ്കാളികളാക്കി മുന്നോട്ട് പോകുന്ന വലിയൊരു സംരംഭക സമൂഹം തന്നെ നമുക്കിടയിലുണ്ട്.

കെഎഫ്‌സിയും കെഎസ്‌ഐഡിസിയും സ്റ്റാര്‍ട്ടപ്പ് മിഷനും

കേരള സര്‍ക്കാര്‍ ഏജന്‍സികളായ കെഎഫ്‌സി, കെഎസ്‌ഐഡിസി എന്നിവയെല്ലാം ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഒട്ടേറെ സാമ്പത്തിക പിന്തുണകള്‍ ലഭ്യമാക്കുന്നുണ്ട്. ടേം ലോണ്‍, വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍, കോര്‍പ്പറേറ്റ് ലോണ്‍, ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയ സാമ്പത്തിക സഹായ പദ്ധതികള്‍ കെഎസ്ഐഡിസി നടപ്പാക്കുന്നുണ്ട്. വനിത സംരംഭകര്‍ക്കായി പ്രത്യേക പദ്ധതികളും കെഎസ്ഐഡിസിക്കുണ്ട്. സീഡ് ഫണ്ട് മുതല്‍ സംരംഭത്തിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിനായി സ്‌കെയില്‍ അപ്പ് സപ്പോര്‍ട്ട് ലോണ്‍ വരെയൊക്കെ ഈ ഏജന്‍സികള്‍ നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് പുതുസംരംഭകര്‍ക്ക് സഹായകരമാകുന്ന ഒട്ടേറെ പദ്ധതികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. പേറ്റന്റ് സപ്പോര്‍ട്ട് സ്‌കീമുകള്‍, ഇന്നൊവേഷന്‍ ഗ്രാന്‍ഡ് തുടങ്ങിയവയെല്ലാം സംരംഭകര്‍ക്ക് പുതുകാലഘട്ടത്തില്‍ മുന്നേറാന്‍ കരുത്തേകുന്നവയാണ്.

വെഞ്ച്വര്‍ ക്യാപിറ്റല്‍/പ്രൈവറ്റ് ഇക്വിറ്റി

വളര്‍ച്ച ലക്ഷ്യമിടുന്ന സംരംഭകര്‍ക്ക് മുന്നിലുള്ള വഴികളാണ് വെഞ്ച്വര്‍ ക്യാപിറ്റലും പ്രൈവറ്റ് ഇക്വിറ്റിയും. മികച്ച വളര്‍ച്ചാ സാധ്യതയുള്ള, പ്രാരംഭഘട്ടത്തിലുള്ള സംരംഭങ്ങളാണ് പൊതുവെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം തേടുക.

കേരളത്തിലെ പല പ്രമുഖ കമ്പനികളും പ്രൈവറ്റ് ഇക്വിറ്റി നേടി വളര്‍ച്ചാ പാതയിലൂടെ അതിവേഗം മുന്നേറിയിട്ടുണ്ട്. സംരംഭത്തിന്റെ വരുമാനം, ലാഭം, പ്രവര്‍ത്തന പാരമ്പര്യം, ബിസിനസ് മോഡല്‍ എന്നിവയെല്ലാം ആഴത്തില്‍ വിശകലനം ചെയ്ത ശേഷമാണ് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം നടക്കുക. വെഞ്ച്വര്‍ ക്യാപിറ്റലും പ്രൈവറ്റ് ഇക്വിറ്റിയുമെല്ലാം തേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ അതിനുള്ള പ്രൊഫഷണല്‍ ഏജന്‍സികളുടെ സഹായം തേടണം.

എസ്എംഇ ഐപിഒ

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ രീതിയാണ് എസ്എംഇ ഐപിഒ. വന്‍കിട കമ്പനികളുടെ ലിസ്റ്റിംഗിനേക്കാള്‍ വേറിട്ട നിബന്ധനകളാണ് എസ്എംഇ ഐപിഒകള്‍ക്കുള്ളത്. മൊത്തം വിറ്റുവരവ്, ജീവനക്കാര്‍ എന്നിവയെല്ലാം വന്‍കിട കമ്പനികളില്‍ നിന്ന് വളരെ കുറച്ച് മതി. എന്‍എസ്ഇയ്ക്കും ബിഎസ്ഇയ്ക്കുമുള്ള എസ്എംഇ പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം കമ്പനികളുടെ ലിസ്റ്റിംഗ് നടക്കുന്നത്. പിന്നീട് ഇവയ്ക്ക് വന്‍കിട കമ്പനികളുടെ നിരയിലേക്ക് മാറാനും സാധിക്കും.

ഫണ്ട് വരും... ഇങ്ങനെ ആയാല്‍!

''പി&എല്‍, ബാലന്‍സ് ഷീറ്റ്, ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്റ് ഇവയെല്ലാം നൂലാമാലകളായി സംരംഭകര്‍ കാണരുത്. സംരംഭം വളര്‍ത്തണമെന്നാഗ്രഹിക്കുന്നവര്‍ ഇവയൊക്കെ ഗൗരവമായി കണ്ട് ബിസിനസില്‍ ഇവയ്ക്കുള്ള സ്ഥാനം കൃത്യമായി അറിഞ്ഞ് മുന്നോട്ട് പോകണം,'' ധനം ബിസിനസ് മീഡിയ തൃശൂരില്‍ സംഘടിപ്പിച്ച എംഎസ്എംഇ സമ്മിറ്റില്‍ പ്രശസ്ത അക്കൗണ്ടിംഗ് സ്ഥാപനമായ വര്‍മ & വര്‍മയുടെ സീനിയര്‍ പാര്‍ട്ണല്‍ വിവേക് കൃഷ്ണ ഗോവിന്ദ് അഭിപ്രായപ്പെട്ടതാണിത്. ക്ലീന്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ക്ക് ഫണ്ട് സമാഹരണത്തില്‍ വലിയ പങ്കുണ്ട്. ആശയം നല്ലതാണ്, വളര്‍ച്ചാ സാധ്യതയുണ്ട് എന്നൊക്കെ വാക്കാല്‍ പറഞ്ഞാല്‍ ബാങ്കില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഫണ്ട് കിട്ടണമെന്നില്ല. അതിന് എന്തൊക്കെ കാര്യങ്ങള്‍ വേണമെന്ന് നോക്കാം.

$ ശക്തമായ ബിസിനസ് മോഡല്‍: എങ്ങനെയാണ് സംരംഭം പണമുണ്ടാക്കുന്നത്, എങ്ങനെയാണ് അതിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത് എന്നതൊക്കെ കൃത്യമായിരിക്കണം.

$ വിപണിയില്‍ നിന്നുള്ള അനുകൂല പ്രതികരണം: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ എന്നിവയ്ക്ക് വിപണിയില്‍ തനതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടാകണം. വരുമാന വളര്‍ച്ച ഇതിനകം നേടിയിട്ടുണ്ടെങ്കില്‍ മാത്രമെ നിക്ഷേപ സമൂഹത്തിന് ഉല്‍പ്പന്നത്തില്‍/സേവനത്തില്‍ നിക്ഷേപകര്‍ക്ക് വിശ്വാസമുണ്ടാവൂ.

$ മത്സരാധിഷ്ഠിത സ്വഭാവം: മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന എന്തെങ്കിലും ഘടകം ബിസിനസുകള്‍ക്ക് വേണം. മികച്ച ബ്രാന്‍ഡ് പ്രതിച്ഛായ, ടെക്നോളജി അല്ലെങ്കില്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ കുറഞ്ഞ ചെലവും കൂടുതല്‍ ഗുണവും അങ്ങനെ എന്തെങ്കിലും.

$ ക്ലീന്‍ ഫിനാന്‍ഷ്യല്‍ റെക്കോര്‍ഡ്: കൃത്യമായ ഓഡിറ്റിംഗിന് വിധേയമാകുന്ന കമ്പനിയാകണം. വ്യക്തമായ ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്റ് വേണം. കണക്കും രേഖകളും കൃത്യമായിരിക്കണം.

$ ചെലവെത്ര, ലാഭമെത്ര: ബിസിനസിന്റെ മാര്‍ജിന്‍, ഒരു പുതിയ ഉപഭോക്താവിനെ ആകര്‍ഷിക്കുന്നതിന് വേണ്ട ചെലവ് തുടങ്ങി സൂക്ഷ്മമായ കാര്യങ്ങള്‍ വരെ അറിയണം. ട്രാക്ക് ചെയ്യണം.

$ കടങ്ങളും ബാധ്യതകളും: വലിയ കടബാധ്യതയുള്ള കമ്പനികള്‍ക്ക് ഫണ്ട് നല്‍കാന്‍ ആരും മടിക്കും. സാമ്പത്തിക അച്ചടക്കമുള്ള, മാനേജ് ചെയ്യാന്‍ പറ്റുന്ന കടമുള്ള കമ്പനിയാക്കി നിലനിര്‍ത്തുക.

$ നിയമാനുസൃതമായി തന്നെ പ്രവര്‍ത്തിക്കുക: ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള രേഖകള്‍ കൃത്യമാകണം. ഇക്വിറ്റി നിക്ഷേപമൊക്കെ ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ അതിന് അനുസൃതമായ വിധത്തിലുള്ള കമ്പനി രൂപഘടന സ്വീകരിക്കുക. നിയമാനുസൃതമായ എല്ലാവിധ ചട്ടങ്ങളും പാലിച്ച് വേണം കമ്പനി നടത്തിപ്പ്. സുതാര്യത എല്ലാ രംഗത്തും വേണം.

$ കൃത്യമായ വിഷന്‍: ബിസിനസ് വളര്‍ച്ചയെ സംബന്ധിച്ച് കൃത്യമായ വിഷന്‍ വേണം. അടുത്ത 3-5 വര്‍ഷങ്ങളില്‍ കമ്പനി വിഭാവനം ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ വേണം.

$ പര്‍പ്പസ്: ലാഭം മാത്രമല്ല, ഒരോ ബിസിനസിന്റെയും ലക്ഷ്യം. പണം ഒരു ഉപോല്‍പ്പന്നം മാത്രമാണ്. ബിസിനസിലൂടെ പണത്തിനപ്പുറം സൃഷ്ടിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമായി പറയാന്‍ കഴിയണം.

$ വാചകമടി വേണ്ട, ഡാറ്റ മതി: കഥകള്‍ വേണം. ബ്രാന്‍ഡുകള്‍ വിജയിക്കാന്‍ അത് അനിവാര്യവുമാണ്. എന്നാല്‍ ഫണ്ട് സമാഹരണത്തിന് കഥകള്‍ മാത്രം പോര, കണക്കുകളും വേണം. യഥാര്‍ത്ഥ ഡാറ്റ വെച്ച് വേണം ബാങ്കിനെയോ മറ്റ് ഫണ്ടിംഗ് ഏജന്‍സികളെയോ സമീപിക്കാന്‍.

$ വേണം മികച്ച ടീം: ബിസിനസ് മോഡലും ആശയവും മാത്രമല്ല, മികച്ച ടീമും വേണം. നേതൃപരമായ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ടാവണം. അതുപോലെ തന്നെ പദ്ധതികള്‍ നടപ്പാക്കിയുള്ള പരിചയസമ്പത്തും അനിവാര്യം.

$ Network = Networth: ബന്ധങ്ങള്‍ വളര്‍ത്തുക. നിക്ഷേപ സംഗമങ്ങള്‍, എംഎസ്എംഇ ശില്‍പ്പശാലകള്‍, സര്‍ക്കാരും മറ്റ് സംരംഭക കൂട്ടായ്മകളും സംഘടിപ്പിക്കുന്ന പരിപാടികള്‍, എക്സിബിഷനുകള്‍ എന്നിവയിലെല്ലാം സജീവമായി സംബന്ധിക്കുക. അതിലൂടെ നല്ല ബന്ധങ്ങള്‍ ലഭിക്കും. ബിസിനസിനെ കുറിച്ചുള്ള അവബോധം മറ്റുള്ളവര്‍ക്ക് ലഭിക്കും. മെന്റര്‍മാരെയും കണ്ടെത്താം.

$ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്ന മൂല്യമാകണം: ഉടമകള്‍ സ്വന്തം ബിസിനസിന് മൂല്യമിടുമ്പോള്‍ അത് ഏറ്റവും ഉയര്‍ന്ന തലത്തില്‍ തന്നെയാകും. ബിസിനസുകളുടെ മൂല്യനിര്‍ണയത്തിന് ശാസ്ത്രീയമായ രീതികളുണ്ട്. അവ ചെയ്യാന്‍ പ്രൊഫഷണല്‍ ഏജന്‍സികളുമുണ്ട്. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത മൂല്യം സ്വയം ബിസിനസിന് നല്‍കാതിരിക്കുക.

(Originally published in Dhanam Magazine October 31, 2025 issue.)

Ways to find funding for small businesses.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com