ബിസിനസില്‍ എന്ത് ചെയ്യണമെന്ന് വ്യക്തമായ ദിശാബോധം വേണം: ബിസ്‌ലെരി സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ
സരംഭക ലോകത്തേക്ക് ചുവടുവയ്ക്കുന്നവര്‍ക്ക് പ്രധാനമായും വേണ്ടത് ദിശാബോധമാണെന്ന് ബിസ്‌ലെരി ഇന്റര്‍നാഷണല്‍ സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ പറഞ്ഞു. പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ 'നിങ്ങളുടെ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ എന്ത് ചെയ്യണം' (ഹൗ ടു സ്‌കെയില്‍ അപ്പ് യുവര്‍ ബിസിനസ്)' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവാരത്തില്‍ വിട്ടുവീഴ്ച പാടില്ല
എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും തിരിച്ചറിയണം. ഒരു ബിസിനസ് തുടങ്ങുന്നതിലൂടെ നിങ്ങള്‍ പണം ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്, ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുക കൂടിയാണ്. ഓരോ ഘട്ടത്തിലും വിപണി സാഹചര്യങ്ങള്‍ അനുസരിച്ച് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയണം. അതേസമയം, നിലവാരത്തില്‍ വിട്ടുവീഴ്ച ഉണ്ടാവുകയുമരുത്.
നിലവാരത്തെ കുറിച്ച് ഭയമില്ലാതെ ഉത്പന്നം വാങ്ങാന്‍ ഉപയോക്താവിന് കഴിയണം. കൊക്കിലൊതുങ്ങാവുന്നതേ കൊത്തൂ എന്ന ചിന്താഗതി പാടില്ല. കൂടുതല്‍ വളരാനുള്ള ത്വര ഉള്ളിലുണ്ടാവണം. കഴിവുള്ള ജീവനക്കാരെ ഒപ്പം നിറുത്തണം. കമ്പനിയിലേക്ക് പ്രൊഫഷണലുകള്‍ വരുമ്പോള്‍, ഉടമകള്‍ (പ്രമോട്ടര്‍മാര്‍) തളരുകയല്ല, കൂടുതല്‍ വളരുകയാണ് എന്ന ബോധ്യം ഉണ്ടാവണം.
ഉത്പന്ന നിലവാരം മുഖ്യം
1969ലാണ് ബിസ്‌ലെരിയുടെ യാത്ര തുടങ്ങിയത്. മിനറല്‍ വാട്ടര്‍ ശ്രേണിയില്‍ നിന്ന് പിന്നീട് ഞങ്ങള്‍ ശീതളപാനീയങ്ങളിലേക്ക് കടന്ന് തംസ് അപ്പ് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡിന് രൂപംനല്‍കി. 26 ശതമാനം വിപണിവിഹിതവുമായി ഇന്നും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള ബ്രാന്‍ഡാണ് തംസ് അപ്പ്.
പിന്നീട് ശീതള പാനീയ ബ്രാന്‍ഡുകള്‍ ഞങ്ങള്‍ കൊക്ക-കോളയ്ക്ക് കൈമാറി, ബിസ്‌ലെരിയില്‍ മാത്രം ശ്രദ്ധയൂന്നി. ഉത്പാദനം ഞങ്ങള്‍ പുറംകരാര്‍ നല്‍കി. ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുറന്നു. പക്ഷേ, ഫാക്ടറികളില്‍ ഉത്പന്ന നിലവാരം ഉറപ്പാക്കാനായി ബിസ്‌ലെരി പ്രതിനിധിയുടെ സാന്നിദ്ധ്യം എപ്പോഴും ഉറപ്പാക്കി.
പത്ത്-ഘട്ടങ്ങളിലൂടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. നിലവാര പരിശോധനയ്ക്ക് 140 ഘട്ടങ്ങളുമുണ്ട്. മിനറല്‍ വാട്ടറില്‍ മിനറല്‍സ് ഉറപ്പാക്കണമെന്ന് കഴിഞ്ഞവര്‍ഷം എഫ്.എസ്.എസ്.എ.ഐ ഉത്തരവിറക്കി.
എന്നാല്‍, ഞങ്ങള്‍ തുടക്കകാലം മുതലേ അത് പാലിച്ചുവരുന്നു. ചില്ല് കുപ്പിയില്‍ നിന്ന് പ്ലാസ്റ്റിക്കിലേക്കും മാറി. പ്ലാസ്റ്റിക് ന്യൂട്രല്‍, വാട്ടര്‍ പോസിറ്റീവ് എന്ന തത്വത്തിലൂന്നിയാണ് ബിസ്‌ലെരി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാനല്‍ ചര്‍ച്ചയ്ക്ക് ഐ.ബി.എസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വി. കെ. മാത്യൂസ് നേതൃത്വം നല്‍കി. വി-ഗാര്‍ഡ് ചെയര്‍മാന്‍ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവരും സംബന്ധിച്ചു.