വെബ്3; ഇന്ത്യന്‍ ജിഡിപിക്ക് 1.1 ട്രില്യണ്‍ ഡോളറിന്റെ നേട്ടം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്
ഇന്റര്‍നെറ്റ് രംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ് web3. അടുത്ത 10 വര്‍ഷം കൊണ്ട് വെബ്3 മേഖല, ഇന്ത്യന്‍ ജിഡിപിയിലേക്ക് 1.1 ട്രില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് (Nasscom). ലോകത്ത് വെബ്3 മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 11 ശതമാനവും ഇന്ത്യക്കാരാണ്.
രണ്ട് വര്‍ഷം കൊണ്ട് വെബ്3 രംഗത്തെ രാജ്യത്തെ ടാലന്റുകളുടെ എണ്ണം കുതിച്ചുയരുമെന്നും നാസ്‌കോം റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വെബ്3 ടാലന്റില്‍ യുഎസും (25 %) ചൈനയുമാണ് (14 %) ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍. പുതു തലമുറ ഇന്റര്‍നെറ്റിനെയാണ് വെബ്3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് വെബ്2 ആണ്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് വെബ്3യില്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. മെറ്റവേഴ്‌സ്, ക്രിപ്‌റ്റോകറന്‍സികള്‍, ഡീ-ഫൈ ആപ്ലിക്കേഷനുകള്‍ എല്ലാം വെബ്3 ഇന്റര്‍നെറ്റിന്റെ ഭാഗമാണ്.
450ല്‍ അധികം വെബ്3 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളത്. അതില്‍ 33 ശതമാനവും ഫിന്‍ടെക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. എന്റര്‍പ്രൈസ് ടെക്‌നോളജി ( 18 %), കണ്‍സ്യൂമര്‍ ടെക്ക് (5%), എഡ്‌ടെക്ക് (5%) എന്നിവയാണ് മറ്റ് പ്രധാന മേഖലകള്‍. 2020 മുതല്‍ 1.3 ബില്യണിലധികം ഡോളറാണ് ഈ കമ്പനികളെല്ലാം ചേര്‍ന്ന് സമാഹരിച്ചത്. വെബ്3 നിക്ഷേപങ്ങളില്‍ 2020 മുതല്‍ 2022 ആദ്യപാദം വരെ 37 ഇരട്ടി വര്‍ധനവുണ്ടായി. അതേ സമയം രാജ്യത്തെ വെബ്3 മേഖലയില്‍ കൃത്യമായ നിയനിര്‍മാണങ്ങള്‍ നടക്കാത്തത് മേഖലയക്ക് തിരിച്ചടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.