വിവാഹത്തിന് ചെലവഴിക്കുന്ന തുക ഉയരും, 500 ബില്യണ്‍ ഡോളറിൻ്റെ വിപണിയായി മാറുമെന്ന് മുരുഗവേല്‍ ജാനകിരാമന്‍

രാജ്യത്തെ വിവാഹങ്ങളെ കൊവിഡ് എങ്ങനെയാണ് ബാധിച്ചതെന്ന് നമ്മള്‍ എല്ലാവരും കണ്ടതാണ്. ലോക്ക്ഡൗണ്‍ മൂലം നിരവധി വിവാഹങ്ങളാണ് മാറ്റിവെച്ചത്. പിന്നീട് അവ നടന്നപ്പോഴാകാട്ടെ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉള്‍പ്പടെ നിയന്ത്രണം ഉണ്ടായി. വിവാഹങ്ങള്‍ മാറ്റിവെച്ചത് പന്തല് പണിക്കാരെ മുതല്‍ വസ്ത്ര വ്യാപാരികളെവരെ ദുരിതത്തിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വിവാഹങ്ങള്‍ സജീവമാവുകയാണ്.

രാജ്യത്തെ വിവാഹ വിപണി 10 കൊല്ലം കൊണ്ട് 500 ബില്യണ്‍ ഡോളറായി ഉയരുമെന്ന് മാട്രിമോണിയല്‍.കോം സ്ഥാപകനും സിഇഒയുമാണ് മുരുഗവേല്‍ ജാനകിരാമന്‍ പറഞ്ഞു. ബിസിനസ് സ്റ്റാന്‍ഡേഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ നീരീക്ഷണങ്ങള്‍ പങ്കുവെച്ചത്. നിലവില്‍ 80 ബില്യണ്‍ ഡോളറിൻ്റെ വിപണിയാണ് രാജ്യത്തെ വിവാഹങ്ങള്‍ക്കുള്ളത്. ഒരു കല്യാണം കൊണ്ട് തന്നെ തൊഴില്‍ ലഭിക്കുന്നത് നിരവിധി പേര്‍ക്കാണ്. പന്തല് പണിക്കാര്‍, പാചകത്തൊഴിലാളികള്‍, ക്യാമറ/വീഡിയോ ഗ്രാഫര്‍മാര്‍, അങ്ങനെ ഭക്ഷണം വിളമ്പാനെത്തുന്നവര്‍ വരെ നീളുന്നതാണീ പട്ടിക. അതുകൊണ്ട് തന്നെ വിവാഹ വിപണിയുടെ വളര്‍ച്ച നിരവധി ആളുകള്‍ക്ക് ഗുണം ചെയ്യും.
നിലവില്‍ 10-12 ലക്ഷം രൂപവരെയാണ് വിവാഹങ്ങള്‍ക്കായി പലരും ചെലവഴിക്കുന്നത്. ഭാവിയില്‍ ഇത് 30-40 ലക്ഷം രൂപവരെയായി ഉയരുമെന്ന് മുരുഗവേല്‍ പറയുന്നു. രാജ്യം അടുത്ത 10 വര്‍ഷം കൊണ്ട് 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി മാറും. ഇതോടെ പ്രതീശീര്‍ഷ വരുമാനവും ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മേഖലയില്‍ ലാഭത്തിലുള്ള രാജ്യത്തെ ഏക കമ്പനിയാണ് മാട്രിമോണി.കോം. 400 കോടിയില്‍ നിന്ന് 1000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് ഉയരുകയാണ് ലക്ഷ്യമെന്ന് മുരുഗവേല്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ശാദിസാഗാ.കോം എന്ന സ്ഥാപത്തെ ഇവര്‍ ഏറ്റെടുത്തിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാട്രിമോണി.കോം. ഡേറ്റിംഗ് ആപ്പുകള്‍ക്ക് വിപണി സാധ്യതയുണ്ടെങ്കിലും ആ മേഖലയിലേക്ക് കടക്കാന്‍ താല്‍പ്പര്യമില്ലെന്നും മുരുഗവേല്‍ വ്യക്തമാക്കി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it