കൊച്ചിയില്‍ വമ്പന്‍ വെല്‍നസ് പാര്‍ക്കുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; ഉദ്ഘാടനം ഉടന്‍

കേരളത്തിന് വിസ്മയകരമായ അമ്യൂസ്മെന്റ് പാര്‍ക്ക് സമ്മാനിച്ച വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാന്‍ എമിരറ്റസുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ മറ്റൊരു പുതുമയാര്‍ന്ന പദ്ധതി കൂടി നിര്‍മാണത്തിന്റെ അവസാനഘട്ടത്തില്‍. നഗരത്തിരക്കില്‍ വീര്‍പ്പുമുട്ടുന്ന കാക്കനാട് 11 ഏക്കറില്‍ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്ന ഓപ്പണ്‍ സ്പേസ് ഒരുങ്ങുകയാണ്.

ആദ്യഘട്ടത്തില്‍ ഏഴേക്കറില്‍ ജോഗിംഗ് ട്രാക്ക്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് എന്നു തുടങ്ങി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനുവേണ്ട നീന്തല്‍ കുളം വരെ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയുള്ള തിരക്കിട്ട ജോലികള്‍ പുരോഗമിക്കുകയാണ്.

കേരളത്തിൽ ആദ്യം

ഇതാദ്യമായാണ് കേരളത്തില്‍ സ്വകാര്യ നിക്ഷേപത്തില്‍ ഇത്രയും വലിയൊരു പാര്‍ക്ക് പദ്ധതി സജ്ജമാകുന്നത്. ഐടി കേന്ദ്രമായ കാക്കനാട് പൊതു പാര്‍ക്കുകളുടെ അപര്യാപ്ത പലവട്ടം ഇതിന് മുമ്പ് ചര്‍ച്ചയായിട്ടുണ്ട്. ഓപ്പണ്‍ സ്പേസുകളുണ്ടെങ്കിലും ആധുനികകാലഘട്ടത്തിന് അനുയോജ്യമായ വിധത്തിലല്ല പലതുമെന്ന് യുവസമൂഹം ചൂണ്ടിക്കാട്ടുന്നു. ''വൈകീട്ട് ഏഴ് മണിയോടെ ഗേറ്റ് താഴിട്ട് പൂട്ടുന്ന പാര്‍ക്ക് സംസ്‌കാരമാണ് നമുക്ക് കൂടുതല്‍ പരിചിതം.

സുരക്ഷിതത്തോടെ വ്യായാമം ചെയ്യാനും കളിക്കാനും സമാധാനമായിരുന്ന് ശുദ്ധവായു ശ്വസിക്കാനും ഒരിടം വന്നാല്‍ അതേറെ ആശ്വാസമായിരിക്കും,'' ഇന്‍ഫോ പാര്‍ക്കിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന ടെക്കി അഭിപ്രായപ്പെടുന്നു. ചെറിയൊരു അംഗത്വഫീസ് ഈടാക്കിയാവും ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ പ്രവര്‍ത്തിക്കുകയെന്നാണ് സൂചന.

Related Articles

Next Story

Videos

Share it