അതിവേഗ വളര്‍ച്ച ഒയോയ്ക്ക് തിരിച്ചടിയായോ?

അതിവേഗ വളര്‍ച്ച ഒയോയ്ക്ക് തിരിച്ചടിയായോ?
Published on

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാവുക എന്നതാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒയോയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഹോട്ടല്‍ ശൃംഖലയെന്നതാണ് അവരുടെ ടാഗ് ലൈന്‍. ഇന്ത്യയില്‍ അതിവേഗം വളര്‍ച്ച കൈവരിച്ച കമ്പനി 2017 ല്‍ ചൈനയില്‍ പ്രവേശിക്കുകയും ഒന്നര വര്‍ഷത്തിനുള്ളില്‍ അവിടത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയായി മാറുകയും ചെയ്തു. ഇതേ മാതൃകയില്‍ യുഎസിലും ജപ്പാനിലും യൂറോപ്പിലും മറ്റു ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളിലും പിടിമുറുക്കാനാണ് കമ്പനി ശ്രമിച്ചത്.

ഒയോയ്ക്ക് എന്തു പറ്റി?

എന്നാല്‍ എത്രയും പെട്ടെന്ന് വളരുക എന്ന തന്ത്രം ഓയോയെ തിരിച്ചടിക്കുകയാണോ എന്ന ആശങ്കയാണിപ്പോള്‍ ഉയരുന്നത്. എത്രയും പെട്ടെന്ന് വിപണി കീഴടക്കുക എന്ന ലക്ഷ്യവുമായി കുതിക്കുമ്പോള്‍ സ്വാഭാവികമായും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച നടത്തേണ്ടി വരും. അതിന് കൂടുതല്‍ മനുഷ്യവിഭവ ശേഷി വേണ്ടി വരും. എന്നാല്‍ ഒയോയുടെ കാര്യത്തില്‍ അനുയോജ്യരായ ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ 'തിരക്കുകൂട്ടലില്‍ ' കഴിയാതെ പോയി എന്നത് വലിയ ന്യൂനത തന്നെയായി.
ജപ്പാനീസ് ഹോള്‍ഡിംഗ് കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ ഫണ്ടിംഗ് ഉള്ളതു കൊണ്ടുതന്നെ അതിന്റെ സ്ഥാപക ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മസയോഷി സണ്ണില്‍ നിന്ന് ഒയോയ്ക്ക് വളര്‍ച്ചയും ലാഭവും കൂട്ടണമെന്നാവശ്യപ്പെട്ട് നിരന്തരമായ സമ്മര്‍ദ്ദമാണ് ഉണ്ടായത്. എന്നാല്‍ ഒയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളിന് അത് ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു കൂടിയാണ് 2019 നവംബറില്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങിയത്. ബാങ്ക് വായ്പകളെടുത്താണ് ഇതിനുള്ള പണം റിതേഷ് കണ്ടെത്തിയത്. എന്നാല്‍ ഇതോടെ കമ്പനിയുടെ നഷ്ടം 2384.7 കോടി രൂപയിലെത്തിയെങ്കിലും മൂല്യം അഞ്ച് ബില്യണ്‍ ഡോളറില്‍ നിന്ന് പത്ത് ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ജീവനക്കാരെ പിരിച്ചു വിടുന്നു

നഷ്ടം കൂടിയപ്പോള്‍ ജീവനക്കാരുടെ മേലുള്ള സമ്മര്‍ദ്ദവും കൂടി. ഇത് ജീവനക്കാരില്‍ അസംതൃപ്തിയുണ്ടാക്കി. ജീവനക്കാരെ ഗ്രേഡിംഗ് സിസ്റ്റത്തിലൂടെ മികവ് കണ്ടെത്തുകയും അല്ലാത്ത ആയിരക്കണക്കിന് പേരെ പിരിച്ചു വിടുകയും ചെയ്തു. തുടക്കത്തില്‍ ഒയോ എന്ന ബ്രാന്‍ഡ് നാമം തന്നെ മതിയായിരുന്നു. ജീവനക്കാര്‍ക്ക് എവിടെയും സ്വീകാര്യത ലഭിക്കുകയും അവരുടെ ടാര്‍ഗറ്റ് എളുപ്പത്തില്‍ കൈപ്പിടിയിലാവുകയും ചെയ്തു. പ്രശ്‌നങ്ങള്‍ തുടങ്ങുന്നതു വരെ ഗ്രേഡിംഗ് സംവിധാനം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു.

വൈകാതെ ഉപഭോക്താക്കളില്‍ നിന്നും ഹോട്ടലുടമകളില്‍ നിന്നും പരാതികള്‍ പ്രവഹിച്ചു തുടങ്ങിയതോടെ ജീവനക്കാര്‍ പ്രതിസന്ധിയിലായി. അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിനു പകരം രോഗ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനാണ് ഒയോ മാനേജ്‌മെന്റ് ശ്രമിച്ചത്. ട്രാന്‍സ്‌ഫോര്‍മേഷന്‍ മാനേജേഴ്‌സ് എന്ന നിലയിലായിരുന്നു തുടക്കമെങ്കിലും പിന്നീട് ബിസിനസ് ഡെവലപ്‌മെന്റ് എന്ന പതിവു രീതിയിലേക്ക് ജീവനക്കാരുടെ ഡ്യൂട്ടി മാറിയതും അവര്‍ക്ക് ജീവനക്കാരെ അസംതൃപ്തരാക്കി.

ഒരേ സ്ഥലത്ത് കൂടുതല്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍മാരെ നിയമിച്ചതും മിക്ക ഹോട്ടലുകളും ഒയോ റൂംസിനോട് പുറം തിരിഞ്ഞു നില്‍ക്കുന്നതും ജീവനക്കാരുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കി.

അമിത വേഗം തിരിച്ചടിക്കുന്നു

അടച്ചു പൂട്ടുമെന്ന കിംവദന്തികളും കുന്നൂകുടുന്ന നഷ്ടക്കണക്കുകളും ആദായ നികുതി വകുപ്പ് പരിശോധനകളുമെല്ലാം ഒയോ ജീവനക്കാരില്‍ അരക്ഷിതാവസ്ഥയാണെന്ന തോന്നല്‍ സൃഷ്ടിച്ചിട്ടുണ്ട്.ചൈനയില്‍ പേമെന്റ്‌സ് വൈകുന്നു എന്ന പേരില്‍ ഹോട്ടലുടമകള്‍ ഒയോ ഓഫീസുകള്‍ക്ക് മുന്നില്‍ സമരത്തിലാണ്. ചൈനയിലും ആയിരക്കണക്കിന് ജീവനക്കാരെയാണ് ഒയോ പിരിച്ചു വിട്ടത്. ജപ്പാനിലും പ്രതിസന്ധി നേരിടുന്നു.

പരിഹാരമാകുമോ 2020

എന്തായാലും 2020 ല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റിതേഷ് അഗര്‍വാള്‍. പെട്ടെന്ന് വളരാനാണ് ഒയോ ശ്രമിച്ചത്. എന്നാല്‍ ജീവനക്കാര്‍ അതിനൊപ്പം മാറിയില്ല. എല്ലാ പ്രശ്‌നങ്ങളും ഗൗരവപരമായി പഠിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

ജീവനക്കാര്‍ക്ക് മികച്ച പരിശീലനവും സ്ഥാപനത്തിന് സ്ഥിരതയും വിശ്വാസ്യതയും ഉറപ്പു വരുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനവും ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. ലാഭം ഉറപ്പു വരുത്തുന്ന പ്രദേശങ്ങളിലെ മികച്ച ഹോട്ടലുകളിലായിരിക്കും ഇനി ശ്രദ്ധയെന്നാണ് റിതേഷ് പറയുന്നത്. വളര്‍ച്ച മാത്രം ലക്ഷ്യമിട്ട് ലാഭം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിലെന്ന് അദ്ദേഹം പറയുന്നു.

ഒയോ നല്‍കുന്ന പാഠം

ഏതു വിധേനയും വളരുക എന്നത് അത്ര നല്ല ബിസിനസ് തന്ത്രമല്ലെന്നാണ് ഒയോ പഠിപ്പിക്കുന്നത്. ചെറിയൊരു പാളിച്ച പോലും ബ്രാന്‍ഡിനെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്നു. ഐപിഒ എന്ന ലക്ഷ്യം പോലും നീണ്ടു പോകുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com