

ഓഹരി വിപണിയില്‍ എത്തിയ ശേഷമുള്ള 21 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). യുഎസ് ആസ്ഥാനമായുള്ള ടെക്നോളജി കൺസൾട്ടിങ് സ്ഥാപനമായ കോസ്റ്റൽ ക്ലൗഡിനെ (Coastal Cloud) 700 മില്യൺ ഡോളറിന് (ഏകദേശം 6,500 കോടി രൂപ) ഏറ്റെടുക്കാൻ ടിസിഎസ് കരാർ ഒപ്പിട്ടു.
എ.ഐ യുടെ പിന്തുണയുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ടെക്നോളജി സർവീസസ് കമ്പനിയായി മാറാനുള്ള ടിസിഎസിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. എ.ഐ യുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിൽ കമ്പനിക്ക് ഈ നീക്കം നിർണായകമാകും. ആറ് വർഷത്തിനുള്ളിൽ 1 ജിഗാവാട്ട് ശേഷിയുളള ഡാറ്റാ സെന്റർ വികസിപ്പിക്കുന്നതിനായി 6.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഈ ഏറ്റെടുക്കല്‍.
ഏറ്റെടുക്കൽ 2025 ജനുവരി 31-നകം പൂർത്തിയാക്കാനാണ് ടിസിഎസ് ലക്ഷ്യമിടുന്നത്. ടിസിഎസിന്റെ വളർച്ചാ തന്ത്രത്തിൽ ക്ലൗഡ് സാങ്കേതികവിദ്യയുടെയും നിര്‍മ്മിതി ബുദ്ധിയുടെയും പ്രാധാന്യം വർദ്ധിപ്പിക്കുന്ന നിർണായകമായ നടപടിയാണിത്.
2012 ലാണ് കോസ്റ്റൽ ക്ലൗഡ് സ്ഥാപിതമായത്. വിൽപ്പന, സേവനം, മാർക്കറ്റിംഗ്, കൊമേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട എ.ഐ അധിഷ്ഠിത ബിസിനസ് കൺസൾട്ടിങ് സേവനങ്ങൾ നൽകുന്നതില്‍ പ്രമുഖ കമ്പനിയാണ് കോസ്റ്റൽ ക്ലൗഡ്. ഈ ഏറ്റെടുക്കലിലൂടെ ടിസിഎസിന് 400 ൽ അധികം പ്രൊഫഷണലുകളെയും 3,000 ലധികം മൾട്ടി-ക്ലൗഡ് സർട്ടിഫിക്കേഷനുകളുടെ വൈദഗ്ധ്യവും ലഭിക്കും. 132 മില്യൺ ഡോളറാണ് 2024 ൽ കോസ്റ്റൽ ക്ലൗഡിന്റെ വരുമാനം.
ഏറ്റെടുക്കലോടെ ആഗോളതലത്തിൽ മുൻനിര അഞ്ച് സെയില്‍സ് ഫോഴ്സ് കൺസൾട്ടിങ് സ്ഥാപനങ്ങളിൽ ഒന്നായി ടിസിഎസ് സ്ഥാനം ഉറപ്പിക്കും. ഇടത്തരം വിപണിയിലേക്ക് കൂടുതൽ പ്രവേശനം നേടാനും കമ്പനിയെ ഇത് സഹായിക്കും.
2008 ൽ സിറ്റിഗ്രൂപ്പ് ഗ്ലോബൽ സർവീസസ് ലിമിറ്റഡിനെ 505 മില്യൺ ഡോളറിന് വാങ്ങിയതായിരുന്നു ടിസിഎസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കൽ. യുഎസ് ആസ്ഥാനമായ ഡിജിറ്റൽ മാർക്കറ്റിംഗ് സേവന സ്ഥാപനമായ ലിസ്റ്റ്എൻഗേജ് മിഡ്‌കോയെ ഒക്ടോബറിൽ 73 മില്യൺ ഡോളറിന് വാങ്ങിയിരുന്നു.
ടാറ്റ ഗ്രൂപ്പിന്റെ കമ്പനികളുടെ വരുമാനത്തില്‍ ടിസിഎസ് വലിയ പങ്കാണ് വഹിക്കുന്നത്. മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 84 ശതമാനവും 2024 ൽ ടിസിഎസിന്റെ സംഭാവനയായിരുന്നു. 365 ബില്യൺ ഡോളറിന്റെ സംയോജിത വിപണി മൂലധനത്തിന്റെ 41 ശതമാനവും 2025 മാർച്ച് 31 ലെ കണക്കനുസരിച്ച് ടിസിഎസാണ് വഹിക്കുന്നത്.
What is behind TCS's acquisition of AI advisory firm Coastal Cloud for $700 million, the largest acquisition in its history?
Read DhanamOnline in English
Subscribe to Dhanam Magazine