കാര്‍ഷികോത്പാദനം എങ്ങോട്ട്? മഴ ദൈവങ്ങള്‍ ഇന്ത്യയെ കനിയുമോ?

ആഗോളതലത്തിലെ ഭീതിജനകമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കിടയില്‍ ഇതാ ഒരു നല്ല വാര്‍ത്ത: ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഈവര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കാന്‍ പോകുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ കഴിഞ്ഞ വര്‍ഷത്തെ സാധാരണയിലും കുറഞ്ഞ കാലവര്‍ഷം കാരണം പ്രതിസന്ധി നേരിട്ട കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനമാകുമെന്ന് ഉറപ്പ്.
എല്‍ നിനോ പ്രതിഭാസം കാരണം കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ നാലിലൊന്ന് ഭാഗത്ത് വരള്‍ച്ച ബാധിച്ചിരുന്നു. രാജ്യത്തിന്റെ 40 ശതമാനം ഭാഗത്തും ആവശ്യത്തിലും കുറവ് മഴയാണ് രേഖപ്പെടുത്തിയത്. അത് വിള നാശത്തിനും ജലസംഭരണികളിലെ ജലക്ഷാമത്തിനും വിവിധ സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജലം കുത്തനെ കുറയാനും കാരണമായി. നെല്ല്, പയര്‍ വര്‍ഗങ്ങള്‍, ചോളം, നിലക്കടല, തോട്ടവിളകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തെ ബാധിച്ചതോടെ കാര്‍ഷിക മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടായത്. റബ്ബര്‍, തേയില, ഏലം, കുരുമുളക് തുടങ്ങിയ വിളകളെ പോലും കടുത്ത ചൂട് ബാധിക്കുകയും ഇതുമൂലം ഉല്‍പ്പാദനം കുറയുകയും ചെയ്തു.
കാര്‍ഷികോല്‍പ്പാദനം വര്‍ധിക്കും
നല്ല കാലവര്‍ഷം കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുകയും അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കളുടെ വിലക്കയറ്റ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യും. ഇത് ഗ്രാമീണരുടെ വരുമാനവും അതുവഴി ഉപഭോഗവും വര്‍ധിപ്പിക്കും. ജിഡിപി ഉയരാനും ഇത് ഉത്തേജനമാവും.
എന്നാലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്റ്റര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്രയുടെ അഭിപ്രായത്തില്‍ മഴയുടെ ദൈനംദിന പ്രക്രിയയില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം.
സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചാലും പലയിടങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കാം. അതോടൊപ്പം സാധാരണയിലും കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന് ഒഡിഷയിലും തൊട്ടടുത്തുള്ള പശ്ചിമ ബംഗാളിലെ ഗംഗാതീര പ്രദേശങ്ങളിലും ഝാര്‍ഖണ്ഡിലും സാധാരണയിലും കുറഞ്ഞ മഴയ്ക്കാണ് സാധ്യതയെന്ന് മൊഹാപത്ര പറയുന്നു.
അതേസമയം, ഐഎംഡിയില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തകള്‍ കണ്ട് കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനായി കൈക്കൊണ്ടു വരുന്ന ഫലപ്രദമായ നടപടികളില്‍ നിന്ന് നാം പിന്തിരിയരുത്. ദുബായിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം വരും വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാണ്.
ജാഗ്രത വേണം
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 318 ദിവസവും അതികഠിനമായ കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. 2.21 ദശലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയെയാണ് അത് ബാധിച്ചത്. ഇത് കാരണം നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും വസ്തുവകകള്‍ നശിക്കുകയും ചെയ്തു. ഇത് ഉല്‍പ്പാദനത്തെയും മൊത്തത്തില്‍ ജീവിതത്തെയും ബാധിച്ചു.
രാജ്യത്തെ പ്രധാന ജലസംഭരണികളില്‍ പകുതിയിലും ജലനിരപ്പ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ എത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ ജല സംരക്ഷണം ഊര്‍ജിതപ്പെടുത്തി കൃഷിക്കായി മണ്‍സൂണിനെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള ഫലപ്രദമായ നയങ്ങള്‍ രൂപീകരിക്കുന്നത് രാജ്യത്തിന്റെ സുഗമമായ വികസനത്തിന് അത്യന്താപേക്ഷിതമാണ്.
ഒരു മിന്റ് റിപ്പോര്‍ട്ട് അനുസരിച്ച് 2001ന് ശേഷം ഒമ്പത് തവണ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുകയും ഏഴ് തവണ പ്രവചിച്ചതിനേക്കാള്‍ കുറവ് മഴ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പോലും കാലാവസ്ഥാ വകുപ്പിന്റെ ശുഭപ്രതീക്ഷയില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനാല്‍ പലരും ചോദിക്കുന്നത് ഇതാണ്: കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത് മഴ ദൈവങ്ങള്‍ തള്ളിക്കളയുമോ?


(ധനം ബിസിനസ് മാഗസിന്റെ മേയ് 15 ലക്കത്തിൽ നിന്ന്)​
Related Articles
Next Story
Videos
Share it