ട്രംപിന്റെ താരിഫ് കുത്തേറ്റ് പിടയുമോ ഈ ബിസിനസുകള്‍?

താരിഫ് നിരക്കുകള്‍ നേരിട്ട് മാത്രമാകില്ല ഈ ബിസിനസുകളെ ബാധിക്കുക
Trump
TrumpCanva
Published on

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവയും പിഴയും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങിയതിനാണ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. എത്ര ശതമാനമാണ് പിഴ ഈടാക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

എല്ലാ സാധനങ്ങള്‍ക്കും 10 ശതമാനം നികുതിയാണ് ഏപ്രില്‍ രണ്ടിന് പ്രഖ്യാപിച്ചത്. ഇതു കൂടാതെ സ്റ്റീല്‍ അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് 50 ശതമാനവും വാഹന, വാഹന ഘടക ഭാഗങ്ങള്‍ക്ക് 25 ശതമാനവും അധികമായി നല്‍കണം. 25 ശതമാനം നികുതി കൂടി ചേര്‍ത്ത് ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കേണ്ടി വരിക 69 ശതമാനമാണ്.

ഉയര്‍ന്ന നികുതി ബാധിക്കുന്നതെങ്ങനെ?

2021 മുതല്‍ 2025 വരെയുള്ള കാലയളവെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും ഇറക്കുമതിയില്‍ 6.22 ശതമാനവും ഉഭയകക്ഷി വ്യാപാരത്തില്‍ 10.73 ശതമാനവും യുഎസുമായാണ്. 2024-25 ല്‍, ഉഭയകക്ഷി വ്യാപാരം 186 ബില്യണ്‍ ഡോളറിലെത്തി (86.5 ബില്യണ്‍ കയറ്റുമതിയും 45.3 ബില്യണ്‍ ഇറക്കുമതിയും).

2024-25 ല്‍ അമേരിക്കയുമായി ഇന്ത്യയ്ക്ക് 41 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചവുമുണ്ട് (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം). 2023-24 ല്‍ ഇത് 35.32 ബില്യണ്‍ ഡോളറും 2022-23 ല്‍ 27.7 ബില്യണ്‍ ഡോളറുമായിരുന്നു.

സേവനങ്ങളില്‍ ഏകദേശം 28.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 25.5 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയും നടത്തുന്നു. ഇത് വഴി 3.2 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചവുമുണ്ട്. മൊത്തത്തില്‍, യുഎസുമായുള്ള വ്യാപാരത്തില്‍ ഏകദേശം 44.4 ബില്യണ്‍ ഡോളറിന്റെ മിച്ചം ഇന്ത്യയ്ക്കുണ്ട്.

എന്നാല്‍ വിദ്യാഭ്യാസം, ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, റോയല്‍റ്റി, ആയുധ വ്യാപാരം എന്നിവയില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍, യുഎസിന് 35-40 ബില്യണ്‍ ഡോളറിന്റെ മിച്ചം ഉണ്ടെന്ന് ഡി.ടി.ആര്‍.ഐയുടെ കണക്കുകള്‍ പറയുന്നു.

പ്രധാന ഉല്‍പ്പന്നങ്ങള്‍

ഔഷധ ചേരുവകളും പ്രതിരോധ മരുന്നുകളും (8.1 ബില്യണ്‍ ഡോളര്‍), ടെലികോം ഉപകരണങ്ങള്‍ (6.5 ബില്യണ്‍ ഡോളര്‍), അമൂല്യമായ കല്ലുകള്‍ (5.3 ബില്യണ്‍ ഡോളര്‍), പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ (4.1 ബില്യണ്‍ ഡോളര്‍), വാഹന, ഓട്ടോ ഘടകങ്ങള്‍ (2.8 ബില്യണ്‍ ഡോളര്‍), സ്വര്‍ണവും മറ്റ് വിലയേറിയ ലോഹ ആഭരണങ്ങളും (3.2 ബില്യണ്‍ ഡോളര്‍), ആക്സസറികളും റെഡിമെയ്ഡ് പരുത്തി വസ്ത്രങ്ങളും (2.8 ബില്യണ്‍ ഡോളര്‍), ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ (2.7 ബില്യണ്‍ ഡോളര്‍) എന്നിവയായിരുന്നു 2024-ല്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി.

അസംസ്‌കൃത എണ്ണ (4.5 ബില്യണ്‍ ഡോളര്‍), പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ (3.6 ബില്യണ്‍ ഡോളര്‍), കല്‍ക്കരി, കോക്ക് (3.4 ബില്യണ്‍ ഡോളര്‍), മുറിച്ച് മിനുക്കിയ വജ്രങ്ങള്‍ (2.6 ബില്യണ്‍ ഡോളര്‍), ഇലക്ട്രിക് മെഷിനറി (1.4 ബില്യണ്‍ ഡോളര്‍), വിമാനങ്ങള്‍, ബഹിരാകാശ പേടകങ്ങള്‍, ഭാഗങ്ങള്‍ (1.3 ബില്യണ്‍ ഡോളര്‍), സ്വര്‍ണം (1.3 ബില്യണ്‍ ഡോളര്‍) എന്നിവയാണ് ഇക്കാലയളവില്‍ ഇറക്കുമതി നടത്തിയത്.

ഈ മേഖലകള്‍ക്ക് ആഘാതം

ഒരു രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയാണ് ഇറക്കുമതി തീരുവ. ഇറക്കുമതി ചെയ്യുന്നവര്‍ ഈ തുക സര്‍ക്കാറിന് അടയ്ക്കണം. കമ്പനികള്‍ സാധാരണ ഈ നികുതി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കും.

വസ്ത്രങ്ങള്‍, തുകല്‍, തുകല്‍ ഇതര പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, പരവതാനികള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളെ തീരുവ വളരെ ദോഷകരമായി ബാധിക്കും.

ട്രംപാഘാതം കൂടുതല്‍ ഏല്‍ക്കുന്ന മേഖലകള്‍ ഇവ:

ജെം ആന്‍ഡ് ജുവലറി

യു.എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ 10 ബില്യണ്‍ ഡോളറും ജെം ആന്‍ഡ് ജുവലറി മേഖലയില്‍ നിന്നാണ്. കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന മേഖലയായതിനാല്‍ തന്നെ വലിയ ആഘാതമായിരിക്കും ഉണ്ടാകുകയെന്ന് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പറയുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍സ്

യു.എസിലേക്കുള്ള പേറ്റന്റില്ലാത്ത ഔഷധങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഇന്ത്യ. 8 ബില്യണ്‍ മൂല്യമുള്ള കയറ്റുമതിയാണ് വര്‍ഷം നടത്തുന്നത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്, സപ്ലൈ ലിമിറ്റഡ് എന്നിവയുടെയൊക്കെ വരുമാനത്തിന്റെ 30 ശതമാനവും യു.എസില്‍ നിന്നാണ്.

ടെക്‌സ്റ്റൈല്‍സ്

ഗാര്‍ഹിക തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ഷൂസ് എന്നിവ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഗ്യാപ്, പെപ്പെ ജീന്‍സ്, വാള്‍മാര്‍ട്ട്, കോസ്റ്റ്കോ തുടങ്ങിയ പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്‌. വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇറക്കുമതി നികുതി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആഗോളതലത്തില്‍ ഈ വ്യവസായങ്ങള്‍ മികച്ച രീതിയില്‍ മത്സരിക്കാന്‍ ഇത് ആവശ്യമാണ്. ഉയര്‍ന്ന നികുതിയെ തുടര്‍ന്ന് ഇന്ന് മേഖലയിലെ ഓഹരികളെല്ലാം വലിയ ഇടിവിലായിരുന്നു.

ഇലക്ട്രോണിക്‌സ്

രാജ്യത്തെ ഐ ഫോണ്‍ ഉല്‍പാദനം ആപ്പിള്‍ ഉയര്‍ത്തിയതോടെ യു.എസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ചൈനയെ മറികടന്ന് ഇന്ത്യ എത്തിയിരുന്നു. എന്നാല്‍ പുതിയ ഇറക്കുമതി നികുതി വരുന്നത് ഈ രംഗത്ത് ഇടിവുണ്ടാക്കും. ഇന്ത്യയിലെ പുതിയ പദ്ധതികളെയും ഇത് ബാധിക്കും.

റിഫൈനറി

ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണശുദ്ധീകരണ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പോലുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ 2% വരെയും ഇടിഞ്ഞു. ബുധനാഴ്ച ട്രംപിന്റെ പരാമര്‍ശങ്ങള്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് കൂടുതല്‍ അനിശ്ചിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം 37 ശതമാനവും റഷ്യയില്‍ നിന്നാണ്. വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് അത് ലഭിക്കുന്നത്. റഷ്യന്‍ എണ്ണ ഇനി ലഭ്യമാകില്ലെങ്കില്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും ശുദ്ധീകരണ കമ്പനികളുടെ ലാഭം കുറയുകയും ചെയ്യും.

ഈ വര്‍ഷം റഷ്യയില്‍ നിന്ന് പ്രതിദിനം 5,00,000 ബാരല്‍ വരെ വാങ്ങാനുള്ള കരാറില്‍ റിലയന്‍സ് ഒപ്പുവച്ചിരുന്നു. അതോടെയാണ് ഏറ്റവും കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയത്.

Trump’s 25% tariff threatens India’s key export sectors including pharma, textiles, oil, and jewelry.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com