അമേരിക്കയിൽ 1,250 കോടി രൂപ ശമ്പളം വാങ്ങുന്ന ഈ ഇന്ത്യക്കാരനെ അറിയാമോ?

അമേരിക്ക ആസ്ഥാനമായ ഒട്ടുമിക്ക വന്‍കിട കമ്പനികളുടെയും തലപ്പത്ത് വാഴുന്നത് 'ഇന്ത്യന്‍' സി.ഇ.ഒമാരാണെന്നത് പുതിയ കാര്യമല്ല. എന്നാല്‍, സുന്ദര്‍ പിച്ചൈയും ശന്തനു നാരായണനും സാക്ഷാല്‍ ഇലോണ്‍ മസ്‌കും മാര്‍ക്ക് സക്കര്‍ബര്‍ഗുമൊന്നുമല്ല, അമേരിക്കയില്‍ ഏറ്റവുമധികം വേതനം പറ്റുന്ന സി.ഇ.ഒമാര്‍ മറ്റ് രണ്ടുപേരാണ്. അവരിലൊരാള്‍ ഇന്ത്യക്കാരനുമാണ്.
മലേഷ്യന്‍ വംശജനും ബ്രോഡ്‌കോം കമ്പനി മേധാവിയുമായ ഹോക്ക് ടാന്‍ (Hock Tan) ആണ് അമേരിക്കയില്‍ ഏറ്റവുമധികം വേതനം വാങ്ങുന്ന സി.ഇ.ഒ. 2023ല്‍ അദ്ദേഹം 162 മില്യണ്‍ ഡോളറാണ് (ഏകദേശം 1,350 കോടി രൂപ) വേതനമായി കൈപ്പറ്റിയതെന്ന് വോള്‍സ്ട്രീറ്റ് ജേണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.
രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരനും പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സിന്റെ (Palo Alto Networks) സി.ഇ.ഒയുമായ നികേഷ് അറോറയാണ്. 151.43 മില്യണ്‍ ഡോളറാണ് കഴിഞ്ഞവര്‍ഷം അറോറ വാങ്ങിയ വേതനം, സുമാര്‍ 1,250 കോടി രൂപ. കാലിഫോര്‍ണിയ ആസ്ഥാനമായ സൈബര്‍സെക്യൂരിറ്റി സേവനദാതാക്കളാണ് പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സ്.
ആരാണ് നികേഷ് അറോറ?
ഡല്‍ഹി എയര്‍ഫോഴ്‌സ് പബ്ലിക് സ്‌കൂളിലെ സ്‌കൂള്‍ വിദ്യാഭ്യാസം, ഐ.ഐ.ടി-ഭുവനേശ്വറില്‍ (IIT-BHU) നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബി.ടെക് പഠനം, ബോസ്റ്റണിലെ നോര്‍ത്തീസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ., ബോസ്റ്റണ്‍ കോളേജില്‍ നിന്ന് ധനകാര്യത്തില്‍ എം.എസ് എന്നിവ നേടിയ വ്യക്തിയാണ് നികേഷ് അറോറ.
ഗൂഗിളില്‍ ചീഫ് ബിസിനസ് ഓഫീസറായും ജാപ്പനീസ് നിക്ഷേപസ്ഥാപനമായ സോഫ്റ്റ്ബാങ്കില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചശേഷമാണ് അറോറ പാലോ ഓള്‍ട്ടോയിലെത്തുന്നത്. 2012ല്‍ ഗൂഗിളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അമേരിക്കയില്‍ എക്‌സിക്യുട്ടീവ് പദവിയില്‍ ഏറ്റവുമധികം വേതനം പറ്റുന്ന വ്യക്തിയെന്ന നേട്ടവും അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു; അന്ന് വേതനം 51 മില്യണ്‍ ഡോളറായിരുന്നു (425 കോടി രൂപ). സോഫ്റ്റ്ബാങ്കില്‍ അദ്ദേഹത്തിന്റെ വേതനം 135 മില്യണ്‍ ഡോളറായിരുന്നു (1,125 കോടി രൂപ). 2018ലാണ് അദ്ദേഹം പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സിലെത്തിയത്.
വമ്പന്‍ വേതനവുമായി 17 ഇന്ത്യക്കാര്‍
വോള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട ഏറ്റവുമധികം വേതനംപറ്റുന്ന 500 സി.ഇ.ഒമാരില്‍ 17 പേരാണ് ഇന്ത്യന്‍ വംശജര്‍. ഇതില്‍ നികേഷ് അറോറയ്ക്ക് പിന്നിലായി രണ്ടമതുള്ളത് അഡോബീയുടെ സി.ഇ.ഒ ശന്തനു നാരായണ്‍ ആണ്. 1998ല്‍ അഡോബീയിലെത്തിയ ഹൈദരാബാദുകാരന്‍ ശന്തനു, 2007 മുതല്‍ സി.ഇ.ഒയാണ്. 44.93 മില്യണ്‍ ഡോളറാണ് (375 കോടി രൂപ) 2023ല്‍ അദ്ദേഹം വാങ്ങിയ വേതനം.
മൈക്രോണ്‍ ടെക്‌നോളജിയുടെ സഞ്ജയ് മല്‍ഹോത്ര, ആന്‍സിസിന്റെ അജേയ് ഗോപാല്‍, വെര്‍ട്ടെക്‌സ് ഫാര്‍മയുടെ രേഷ്മ കേവല്‍രമണി എന്നിവരും ആദ്യ 120 റാങ്കുകള്‍ക്കുള്ളിലുള്ള ഇന്ത്യക്കാരാണ്. 20.4 മില്യണ്‍ ഡോളര്‍ മുതല്‍ 25.2 മില്യണ്‍ ഡോളര്‍ വരെയായിരുന്നു ഇവരുടെ വേതനം.
പിച്ചൈയേക്കാളും ബഹുദൂരം മുന്നില്‍
ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയേക്കാള്‍ ഏറെ അധികമാണ് നികേഷ് അറോറയുടെ വേതനം. 2023ല്‍ പിച്ചൈ കൈപ്പറ്റിയ വേതനം 8.80 മില്യണ്‍ ഡോളറായിരുന്നു (73 കോടി രൂപ).
ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് 2023ല്‍ വേതനമൊന്നും വാങ്ങിയില്ല. 24.40 മില്യണ്‍ ഡോളറാണ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വാങ്ങിയത്, ഏകദേശം 200 കോടി രൂപ.

Related Articles

Next Story

Videos

Share it