മൂല്യം 300 കോടിക്ക് താഴെ, വാങ്ങാന്‍ ഇടി; റിലയന്‍സ് ക്യാപിറ്റലിന് എന്താണിത്ര പ്രത്യേകത

അനില്‍ അംബാനിയുടെ (Anil Ambani) പാപ്പരത്ത നടപടികള്‍ നേരിടുന്ന കമ്പനിയാണ് റിലയന്‍സ് ക്യാപിറ്റല്‍ (Reliance Capital). ഈ കമ്പനിയെ ഏറ്റടുക്കാന്‍ രാജ്യത്തെ രണ്ട് ബിസിനസ് സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമാണ്. ടൊറന്റ് ഗ്രൂപ്പും ഹിന്ദുജ ഗ്രൂപ്പുമാണ് ഈ രണ്ട് കമ്പനികള്‍. ഡിസംബറില്‍ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഗ്രൂപ്പ് റിലയന്‍സ് ക്യാപിറ്റലിനായുള്ള ഇ-ലേലം വിജയിച്ചത്.

എന്നാല്‍ ലേലത്തിന്‍ പരാജയപ്പെട്ട ഹിന്ദുജ ഗ്രൂപ്പ് അപ്രതീക്ഷിതമായി 9,000 കോടിക്ക് കമ്പനിയെ ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. ഹിന്ദുജയുടെ നീക്കത്തിനെതിരെ നാഷണല്‍ ലോ ട്രൈബ്യൂണലിനെ ടൊറന്റ് സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യാഴാഴ്ചയാണ് വിധി പറയുന്നത്. ഉയര്‍ന്ന തുക ലഭിക്കുന്ന സാഹചര്യത്തില്‍, രണ്ടാമത് ലേലം നടത്തണമെന്നാണ് റിലയന്‍സ് ക്യാപിറ്റലിന്റെ വായ്പാ ദാതാക്കളുടെ ആവശ്യം. കാരണം 12,500-13,200 കോടി രൂപയ്ക്കിടയിലാണ് റിലയന്‍സ് ക്യാപിറ്റലിന്റെ ലിക്യുഡേഷന്‍ മൂല്യം. ഇടപാട് പൂര്‍ത്തിയാക്കാന്‍ 2023 ജനുവരി 31 വരെയാണ് സമയം.

റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുത്താലുള്ള നേട്ടങ്ങള്‍

ഏകദേശം 238 കോടിയോളം രൂപയാണ് റിലയന്‍സ് ക്യാപിറ്റലിന്റെ വിപണി മൂല്യം. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ ആകെ കടബാധ്യത 52,490 കോടി രൂപയാണ്. അതില്‍ 21,070 കോടി രൂപയും ബാങ്കുകള്‍ക്കാണ് നല്‍കാനുള്ളത്. ഹിന്ദുജ ഗ്രൂപ്പിന് 16.51 ശതമാനം ഓഹരി വിഹിതമുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് കമ്പനി നല്‍കാനുള്ളത് 1,600 കോടി രൂപയാണ്. രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്‌സികളില്‍ ഒന്നായിരുന്നു റിലയന്‍സ് ക്യാപിറ്റല്‍. അതുകൊണ്ട് തന്നെ കമ്പനിയെ ഏറ്റെടുക്കുന്നവര്‍ക്ക് എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിക്കും. കൂടാതെ കമ്പനിക്ക് സാന്നിധ്യമുള്ള ഇന്‍ഷുറന്‍സ് മേഖലയിലേക്കും പ്രവേശിക്കാം.

റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള സ്ഥാപനമാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. 9 ശതമാനത്തിനടുത്ത് ആണ് വിപണി വിഹിതം. 2021-22 കാലയളവില്‍ 381 കോടി രൂപയുടെ ലാഭം കമ്പനി രേഖപ്പെടുത്തിയിരുന്നു. കൂടാതെ റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിലെ 51 ശതമാനം ഓഹരി വിഹിതവും റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുക്കുന്നവര്‍ക്ക് സ്വന്തമാക്കാം. കൃത്യമായ കാലയളവിലേക്ക് ഉപഭോക്താക്കള്‍ പണം നിക്ഷേപിക്കുന്ന മേഖലയായതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സ് ആകര്‍ഷകമാണ്.

റിലയന്‍സ് അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് മറ്റൊന്ന്. (Reliance ARC). എസ്എംഇ, റീറ്റെയ്ല്‍ സെഗ്മെന്റുകളിലെ ബാഡ് ലോണ്‍ ഏറ്റെടുക്കുന്ന സ്ഥാപനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 2,230 കോടിയുടെ ആസ്തിയാണ് (AUM) കമ്പനിക്ക് കീഴിലുള്ളത്. റിലയന്‍സ് ക്യാപിറ്റലിന് കീഴില്‍ ബ്രോക്കിംഗ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് റിലയന്‍സ് സെക്യൂരിറ്റീസ്. ബ്രോക്കിംഗ് മേഖലയിലേക്കുള്ള പ്രവേശനവും റിലയന്‍സ് ക്യാപിറ്റലിന്റെ ഏറ്റെടുക്കല്‍ വഴി സാധ്യമാവും.

Related Articles
Next Story
Videos
Share it