എന്തുകൊണ്ട് അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ചില്ല?

ഇന്ത്യയില്‍ സ്വര്‍ണ വില ഏപ്രില്‍ മാസത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയപ്പോഴും അന്താരാഷ്ട്ര സ്വര്‍ണ വില 2022 മാര്‍ച്ചില്‍ കൈവരിച്ച റെക്കോര്‍ഡ് വിലയായ ഔണ്‍സിന് 2074.88 ഡോളര്‍ ഭേദിക്കാന്‍ സാധിച്ചില്ല. അമേരിക്കയില്‍ അവധി വ്യാപാരത്തില്‍ ജൂണ്‍ കോണ്‍ട്രാക്ട് 2063.40 വരെ എത്തി. എന്തുകൊണ്ടാകാം സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിക്കാന്‍ കഴിയാത്തത്?

രണ്ട് കാരണങ്ങള്‍
പ്രധാനമായും രണ്ടു കാരണങ്ങളാണ് അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിക്കാത്തതിന് കാരണമായി ലിബെറം എന്ന പ്രമുഖ ആഗോള ബ്രോക്കിങ് സ്ഥാപനം പറയുന്നത്. ഒന്ന്, അമേരിക്കയില്‍ തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ 236,000 പേര്‍ക്ക് പുതുതായി ജോലി ലഭിച്ചു. ഇതോടെ പണപ്പെരുപ്പം തടയാനായി പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ഫെഡറല്‍ റിസര്‍വ് അത് കുറയ്ക്കുമെന്ന പ്രതീക്ഷ ഇല്ലാതായി. മെയ് മാസവും പലിശ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കാവുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ്
ഭേദിക്കില്ല.
പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് സ്വര്‍ണ വിലയില്‍ റാലി ഉണ്ടായിട്ടുള്ളത്.
രണ്ടാമതായി, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ ദീര്‍ഘ കാലത്തേക്ക് നിലനിര്‍ത്തിയാല്‍ 2023 -24 ല്‍ സ്വര്‍ണ വില ഔണ്‍സിന് 1800 ഡോളറില്‍ താഴെ 1600 വരെ എത്തുമെന്നും ലിബെറം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ റെക്കോര്‍ഡ് വിലയായ 2074.88 ഡോളര്‍ ഉടന്‍ ഭേദിക്കുമെന്ന പ്രവചനങ്ങളും വരുന്നുണ്ട്.
സ്വര്‍ണ വില മുന്നേറ്റം എന്തുകൊണ്ട്?
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചികയില്‍ ഉണ്ടായ ഇടിവും ട്രഷറി ബോണ്ടുകളുടെ ആദായം കുറഞ്ഞതും സ്വര്‍ണ വില ഉയരാന്‍ കാരണമായി. അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ച് ഇന്ത്യയിലെ മള്‍ട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ചില്‍ (എം.സി.എക്‌സ്) ജൂണ്‍ കോണ്‍ട്രാക്ട് റെക്കോര്‍ഡ് 61,255 (10 ഗ്രാമിന്) രൂപയായി. എം സി എക്സില്‍ ജൂണ്‍ കോണ്‍ട്രാക്ട് 61,460 രൂപ കടന്നാല്‍, 61,890 വരെ എത്തുമെന്ന് ഏഞ്ചല്‍ ബ്രോക്കിങ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ആഗോള മാന്ദ്യ ഭീതി, പണപ്പെരുപ്പം എന്നിവയാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.
ഇടിവിന് സാധ്യത കുറവ്
കേരളത്തില്‍ സ്വര്‍ണ വില 22 കാരറ്റിന് പവന് 45,320 രൂപയായി ഉയര്‍ന്നു, ഗ്രാമിന് 5665 രൂപ. അക്ഷയ തൃതീയ ദിവസം റെക്കോര്‍ഡ് വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് വിലവര്‍ധന ഉണ്ടായിരിക്കുന്നത്. വില ഉയരുന്ന സാഹചര്യത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ കെ ജി എസ് എം എ ) സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.
22 കാരറ്റും 18 കാരറ്റും തമ്മില്‍ ഗ്രാമിന് 1000 രൂപയുടെ വ്യത്യാസം ഉണ്ട്. 18 കാരറ്റിലാണ് വജ്ര ആഭരണങ്ങള്‍ കൂടുതലും നിര്‍മിക്കുന്നത്. ഇറക്കുമതി തീരുവ കുറക്കാത്തതു കൊണ്ടും രൂപയുടെ മൂല്യം വര്‍ധിക്കാന്‍ സാധ്യത ഇല്ലാത്തതുകൊണ്ടും ആഭ്യന്തര സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it