എന്ത് കൊണ്ട് കുരുമുളകിന് വിലത്തകര്‍ച്ച ?

കുരുമുളക് ഉല്‍പാദനത്തിലും ഉല്‍പാദന ക്ഷമതയിലും പിന്നില്‍ നില്‍ക്കുന്ന കേരളത്തിന് അടിക്കടി ഉണ്ടാകുന്ന വിലത്തകര്‍ച്ച കൃഷി ആദായകരമല്ലാതാക്കുന്നു. ഗുണ നിലവാരമുള്ള കേരളത്തിലെ കുരുമുളക് ഉത്തര ഇന്ത്യന്‍ വിപണിയിലും വിദേശ വിപണിയിലും പിന്തള്ളപ്പെടുകയാണ്. രണ്ടാഴ്ച മുന്‍പ് അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് ക്വിന്റലിന് 50600 രൂപ യായിരുന്നത് ഇപ്പോള്‍ വില 49300 രൂപയായിരിക്കുകയാണ്.

ഗാര്‍ബിള്‍ഡ് കുരുമുളകിന് 52600 ല്‍ നിന്ന് 51300 ലേക്ക് താഴ്ന്നു. ഉത്തര ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഡിമാന്‍ഡ് ഉയര്‍ന്ന് നില്കൂന്ന വേളയിലാണ് കുരുമുളകിന്റെ വിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. കിഷോര്‍ സ്പൈസസ് ഡയറക്ടര്‍ കിഷോര്‍ ഷാംജിയുടെ അഭിപ്രായത്തില്‍ ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്ന് അനിയന്ത്രിതമായി എത്തുന്ന കുരുമുളക് മുംബൈ, ഡല്‍ഹി, ഇന്‍ഡോര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ സുലഭമായി ലഭിക്കുന്നു.
കുരുമുളക് ഉല്‍പാദനത്തില്‍ കേരളത്തിന്റെ ആധിപത്യം കര്‍ണാടകത്തിന് നഷ്ടപ്പെട്ടു കഴിഞ്ഞു. 2021 ല്‍ കര്‍ണാടകത്തിന്റെ ഉല്‍പാദനം 36000 ടണ്‍, കേരളത്തിന്റെ ഉല്‍പാദനം 22,000 ടണ്‍. ഉല്‍പാദന ചെലവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കേരളത്തിലെ കര്ഷകന് കുരുമുളക് ആദായകരമല്ലാതെ ആകുന്നു. കിഷോര്‍ ഷാംജി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ശരാശരി ഒരു തൊഴിലാളിക്ക് 677 രൂപ നിരക്കില്‍ നല്‍കേണ്ടി വരുന്ന സ്ഥാനത് ഗുജറാത്തില്‍ 227 രൂപയാണ്.
ശ്രീലങ്കയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവില്‍ ഉള്ളതിനാല്‍ 2500 ടണ്‍ കുരുമുളക് ഡ്യൂട്ടി ഒഴുവാക്കി ഇറക്കുമതി ചെയ്യാം. തുടര്‍ന്നുള്ള ഇറക്കുമതിക്ക് 500 രൂപ ഏറ്റവും കുറഞ്ഞ ഇറക്കുമതി നിരക്കില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുന്നു. 2021 ല്‍ ശ്രീലങ്കയില്‍ നിന്ന് 10,644 ടണ്‍ കുരുമുളക് ഇന്ത്യ ഇറക്കുമതി ചെയ്തു -2020 ല്‍ 4017 ടണ്ണായിരുന്നു.
വിയറ്റ്‌നാമില്‍ നിന്ന് കുരുമുളക് എത്തുന്നത് 'ആക്രി' എന്ന വിഭാഗത്തിലാണ്. ഇങ്ങനെ എത്തുന്ന കുരുമുളക് ഡല്‍ഹി, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളിലെ വിപണിയില്‍ എത്തി ചേരുന്നു. ഇന്ത്യന്‍ കുരുമുളകിന് വിദേശ രാജ്യങ്ങളില്‍ ഡിമാന്‍ഡ് ഉണ്ടെങ്കിലും വിയറ്റ്‌നാം കുരുമുളകിനേക്കാള്‍ വില വളരെ കൂടുതലാണ്.
ചൈനീസ് പുതുവത്സരത്തില്‍ വിയറ്റ്‌നാം കുരുമുളക് ടണ്ണിന് 4800 ഡോളറിന് ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള കുരുമുളകിന് 7000 ഡോളറാണ് വില. വിലയില്‍ മത്സരക്ഷമത കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ വിദേശ വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് പിന്തള്ള പെടുകയാണ്.കേരളത്തില്‍ കുരുമുളകിന്റെ ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിച്ചാല്‍ മാത്രമേ കര്‍ഷകന് കുരുമുളക് കൃഷി ആദായകരമാകൂ എന്നാണ് വിലയിരുത്തല്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it