പുതുവര്‍ഷത്തില്‍ സ്വര്‍ണത്തിന്റെ ഭാവി എന്ത്? വിപണിയിലെ 'പാണന്മാര്‍' പാടുന്നതിങ്ങനെ

2023ല്‍ സ്വര്‍ണവില പുതിയ റെക്കോഡുകള്‍ കുറിച്ചിരുന്നു
Gold jewellery
Image : Canva
Published on: 

അന്താരാഷ്ട്ര സ്വർണ വിലയിൽ 13 ശതമാനം വർദ്ധനയാണ് 2023ൽ രേഖപ്പെടുത്തിയത്. ഒക്ടോബറിൽ 1,800 ഡോളറിലേക്ക് താഴ്ന്ന ശേഷമാണ് ഇസ്രായേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് റാലി വീണ്ടും ആരംഭിച്ചത്.

കേരള വിപണിയില്‍ (മറ്റ് സംസ്ഥാനങ്ങളില്‍ വില നിര്‍ണയം മറ്റ് തരങ്ങളിലാണ്) സ്വർണ വില പവന് 56,000 രൂപ വരെ ഉയരുമെന്ന് പ്രമുഖ കമ്പോള ഉത്പന്ന ഗവേഷണ സ്ഥാപനമായ കോം ട്രെൻഡ്‌സ് റിസർച്ച് ഡയറക്ട്ർ ഗയാനശേഖർ ത്യാഗരാജൻ അഭിപ്രായപ്പെട്ടു. നിലവിൽ പവന് 46,480 രൂപയാണ് വില. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ ശക്തിയാർജിക്കുന്നതും വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യ സാധ്യതയും സ്വർണത്തിന് പിന്തുണ നൽകുന്നു.

യു.എസ് ഫെഡറൽ റിസർവ് പലിശ കുറയ്ക്കൽ നടപടികളിലേക്ക് പോകാൻ തയാറാണെന്ന സൂചന നൽകിയതും ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കേന്ദ്ര ബാങ്ക് വാങ്ങലും സ്വർണ വിപണിയെ പുതിയ ഉയരത്തിൽ എത്തിച്ചേക്കാമെന്ന് നിരീക്ഷകർ കരുതുന്നു.

ഡിസംബർ 4ന് അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 2135.40 ഡോളര്‍ വരെ ഉയർന്ന് നിലവിൽ 2,070 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. 2024 മധ്യത്തിൽ സ്വർണത്തിൽ ബ്രേക്ക് ഔട്ട് റാലി ഉണ്ടാകുമെന്ന് ജെ.പി മോർഗൻ ബാങ്ക് കരുതുന്നു. യു.എസ് പലിശ നിരക്ക് വെട്ടി കുറച്ചാൽ 2300 ഡോളർ വരെ ഒരു ഔൺസിന് വില ഉയരാം.

യു.ബി.എസ് ബാങ്ക് 2024 ഡിസംബറിൽ സ്വർണ വില 2,150 ഡോളറിലേക്ക് ഉയരുമെന്ന് പ്രവചിക്കുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ ഉത്പാദന-ഉപഭോഗ കണക്കുകൾ പുറത്തുവിടുക അല്ലാതെ വില പ്രവചിക്കാറില്ല. ബോണ്ട് ആദായം 0.50% കുറഞ്ഞാൽ സ്വർണത്തിന് 4 ശതമാനം മുന്നേറ്റം വരെ ഉണ്ടാകാമെന്ന് അവർ കരുതുന്നു. കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വർധിപ്പിക്കുന്നത് വിപണിയിൽ മുന്നേറ്റത്തിന് ആക്കം വർധിപ്പിക്കാൻ സാധ്യതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com