ഫ്രിഡ്ജും വാഷിംഗ് മെഷീനും ആജീവനാന്ത വാടകക്ക്, പഴകിയാല്‍ പുതുപുത്തന്‍; എല്‍ജിയുടെയും സാംസംഗിന്റെയുമൊക്കെ ദക്ഷിണകൊറിയന്‍ വിജയം ഇവിടെ ഹിറ്റ് ആകുമോ?

ഫിന്‍ടെക് മേഖലയിലെ പുത്തന്‍ പരീക്ഷണം ഹോം അപ്ലയന്‍സസ് വിപണിയിലേക്കും
Home appliances
Home appliancesImage by Canva
Published on

പുതിയ ഫ്രിഡ്ജും വാഷിംഗ് മെഷീനും ഓവനുമെല്ലാം വീട്ടിലെത്തിക്കാം. ഉപയോഗിക്കുന്ന കാലത്തോളം വാടക നല്‍കണം. അവ മാറ്റണമെന്ന് തോന്നിയാല്‍ പുതിയത് കൊണ്ടു വരാം. വാടക നല്‍കുന്നത് ജീവിത കാലം മുഴുവന്‍ തുടരാം.

ഇസ്റ്റാള്‍മെന്റ് വിപണിയെ കുറിച്ച് ഏറെ അറിവുള്ള നമുക്കിടയിലേക്ക് ഇത്തരമൊരു പുതിയ 'വാടക പദ്ധതി' വരുന്നുണ്ട്. അവതരിപ്പിക്കുന്നത് ചില്ലറക്കാരൊന്നുമല്ല; എല്‍ജി, സാംസംഗ് പോലുള്ള ആഗോള ഭീമന്‍മാര്‍.

ഫിന്‍ടെക് മേഖലയിലെ പുത്തന്‍ പരീക്ഷണം ഹോം അപ്ലയന്‍സസ് വിപണിയിലും രംഗപ്രവേശനം നടത്തുകയാണ്. ഈ വിപണിയില്‍ നെറ്റ്ഫ്ളിക്സ് മോഡല്‍ പരീക്ഷണത്തിന് എല്‍ജിയും സാംസംഗുമൊക്കെ തയ്യാറാകുന്നതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്.

എത്ര ലളിതമായ ആശയം

ദക്ഷിണ കൊറിയയില്‍ എല്‍ജിയുടെ ബിസിനസ് 12,000 കോടി രൂപ വര്‍ധിപ്പിക്കാന്‍ ഈ പുതിയ തന്ത്രം സഹായിച്ചെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ സ്‌കീമില്‍ മാത്രമുണ്ടായത് 75 ശതമാനം വളര്‍ച്ച. എല്‍ജിയുടെ മൊത്തം വില്‍പ്പനയില്‍ 4 ശതമാനം മാത്രം ഈ പദ്ധതി വഴിയുള്ളത്. അതായത് 4 ശതമാനത്തില്‍ നിന്നുള്ള വരുമാനം 12,000 കോടി. വാടക പദ്ധതിയുടെ വന്‍ വളര്‍ച്ചാ സാധ്യതയാണ് എല്‍ജിക്ക് മുന്നിലുള്ളത്. സാംസംഗും ഈ പാത പിന്തുടരാന്‍ തയ്യാറെടുത്തിട്ടുണ്ട്.

ആശയം ലളിതമാണ്. ഏറ്റവും പുതിയ ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ കമ്പനി പ്രതിമാസ വാടക നിശ്ചയിച്ച് ഉപയോക്താവിന് നല്‍കും. ഡൗണ്‍ പേയ്‌മെന്റുകളില്ല. വാടകക്ക് കാലാവധിയുമില്ല. ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മടുക്കുകയോ മോഡല്‍ മാറ്റണമെന്ന് തോന്നുകയോ ചെയ്താല്‍ കമ്പനിയെ അറിയിച്ചാല്‍ മതി. അവര്‍ പുതിയത് തരും. വാടക തുടരും.

ഇന്ത്യയില്‍ എന്താണ് സാധ്യത?

കേരളത്തില്‍ ഇത് കേട്ടുകേള്‍വി ഇല്ലെങ്കിലും ഇന്ത്യയില്‍ വന്‍നഗരങ്ങളില്‍ ഈ പദ്ധതി വളരുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2023 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഈ വിപണി 8,300 കോടി രൂപ മൂല്യമുള്ളതാണ്. 2028 ആകുമ്പോള്‍ 28 ശതമാനം വര്‍ധിച്ച് 29,000 കോടിയിലെത്തുമെന്നും കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം എല്‍ജി അവരുടെ ഐപിഒക്ക് മുന്നോടിയായി സമര്‍പ്പിച്ച രേഖയില്‍ (draft Red Herring Prospectus -DRHP) ഇത്തരമൊരു ബിസിനസ് സാധ്യതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യ, തായ്‌വാന്‍ എന്നീ വിപണികള്‍ക്കൊപ്പം ഇന്ത്യയിലും എല്‍ജി ഈ ബിസിനസ് നടത്തി വരുന്നുണ്ട്.

പുതിയ തലമുറ, പുതിയ കാഴ്ചപ്പാട്

പുത്തന്‍ തലമുറയുടെ മാറുന്ന കാഴ്ചപ്പാടാണ് ഈ വിപണിയുടെ സാധ്യതയായി അന്താരാഷ്ട്ര കമ്പനികള്‍ കാണുന്നത്. യുവ പ്രൊഫഷണലുകള്‍ കൂടുതല്‍ വഴക്കമുള്ള ജീവിത രീതിയുള്ളവരാണ്. താമസം മാറുന്നതിനസരിച്ച് വലിയ വീട്ടുപകരണങ്ങള്‍ കൊണ്ടു പോകാനോ ഓണ്‍ലൈനില്‍ വില്‍ക്കാനോ അവര്‍ താല്‍പര്യപ്പെടുന്നില്ല. ഒന്നിച്ചൊരു തുക മുടക്കേണ്ട എന്നതും അവരെ ആകര്‍ഷിക്കുന്നു. നിത്യ ചെലവുകളുടെ കൂട്ടത്തില്‍ വാടകയും ഉള്‍പ്പെടുത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് അവര്‍. മാറുന്ന ട്രെഡിന് അനുസരിച്ച് വീട്ടുപകരണങ്ങള്‍ മാറ്റാം. കുടുംബ ബഡ്ജറ്റില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുന്നില്ല.

പുതിയ സ്റ്റാര്‍ട്ടപ്പുകള്‍

പുതിയ ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ വാടകക്ക് നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ സജീവമായി വരുന്നുണ്ട്. ഇത്തരം കമ്പനിയായ റെന്റ് മോജോ, പുതിയ ഫര്‍ണിച്ചറുകള്‍ വാടകക്ക് നല്‍കിയാണ് തുടങ്ങിയത്. ഇപ്പോള്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് മുതല്‍ ഇ-സ്‌കൂട്ടര്‍ വരെയുള്ള വിപണികളിലേക്ക് വിപുലീകരിച്ചു. 2023 ല്‍ ഈ കമ്പനിയുടെ വരുമാനം 121 കോടിയും ലാഭം 6 കോടിയുമാണ്. 2024 ല്‍ ലാഭത്തിലുണ്ടായത് 267 ശതമാനം വളര്‍ച്ച. സിറ്റിഫര്‍ണിഷ് എന്ന സ്റ്റാര്‍ട്ടപ്പും ഈ രംഗത്ത് മികച്ച പ്രകടനമാണ് നടത്തുന്നത്.

വെല്ലുവിളികള്‍

വാടക പദ്ധതി ഒരേസമയം കമ്പനികള്‍ക്കും ഉപയോക്താക്കള്‍ക്കും മുന്നില്‍ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് 55 കോടി ജനങ്ങളാണ് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തത്. എന്നാല്‍ 20 ശതമാനം പേര്‍ മാത്രമാണ് പണം നല്‍കിയത്. ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഇന്ത്യക്കാര്‍ എന്തെങ്കിലും വാങ്ങുവെന്ന വെല്ലുവിളി കമ്പനികള്‍ക്ക് മുന്നിലുണ്ട്. മറ്റൊന്ന് ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ടതാണ്. വിപണി വളരുമ്പോള്‍ യൂഡ്‌സ് ഉല്‍പ്പന്നങ്ങളുടെ തിരിച്ചു വരവ് കൂടും. ഇത് കമ്പനികള്‍ക്ക് വലിയ ലോജിസ്റ്റിക്‌സ് ബാധ്യതകള്‍ ഉണ്ടാക്കും. വാടകക്ക് എടുക്കുന്ന ഉല്‍പ്പന്നങ്ങളെ സ്വന്തം സ്വത്തായി കണക്കാത്തവര്‍ അവ നല്ലപോലെ പരിചരിക്കില്ലെന്നതും കമ്പനികളെ പ്രതിസന്ധിയിലാക്കും.

ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ളത് അധിക ചെലവിന്റെ വെല്ലുവിളിയാണ്. ഇത്തരം പദ്ധതികളില്‍ ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ കൂടിയ വില ദീര്‍ഘകാലത്തേക്ക് നല്‍കേണ്ടി വരും. കണക്കു കൂട്ടി വരുമ്പോള്‍ വന്‍തുക വരുമെന്നാവുന്നതോടെ ഈ പദ്ധതിയിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ ആകര്‍ഷിക്കപ്പെടില്ലെന്ന നിരീക്ഷണവുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com