ചെറുകിട കച്ചവടക്കാരെ ഡിജിറ്റല്‍ വമ്പന്മാര്‍ വിഴുങ്ങുമോ?

ചെറുകിട കച്ചവടക്കാരെ ഡിജിറ്റല്‍ വമ്പന്മാര്‍ വിഴുങ്ങുമോ?
Published on

രാജ്യത്തെ റീറ്റെയ്ല്‍ മേഖലയുടെ 85 ശതമാനത്തിലേറെ വരുന്ന അസംഘടിതരായ ചെറുകിട കച്ചവടക്കാരെ തങ്ങളുടെ കുടക്കീഴിലെത്തിച്ച് റീറ്റെയ്ല്‍ വിപ്ലവത്തിനൊരുങ്ങുകയാണ് റിലയന്‍സ് അടക്കമുള്ള വന്‍കിട കമ്പനികള്‍. ജിയോമാര്‍ട്ട് എന്ന പുതിയ സംരംഭത്തിലൂടെ രാജ്യത്തെ ലക്ഷണക്കിന് വരുന്ന ചെറുകിട ഷോപ്പുകളെ ഡിജിറ്റല്‍വത്കരിച്ച് തങ്ങളുടെ ഭാഗമാക്കാനുള്ള പദ്ധതി ഇക്കഴിഞ്ഞ 43 മത് വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് റിലയന്‍സ് പ്രഖ്യാപിച്ചത്.

അവര്‍ക്ക് കൂടുതല്‍ വരുമാനം നേടാനും കാലത്തിനനുസരിച്ച് ഡിജിറ്റല്‍വത്കരിച്ച് മുന്നേറാനും ഇതിലൂടെ അവസരമുണ്ടാകുമെന്ന് മുകേഷ് അംബാനി പറയുന്നു. ഉല്‍പ്പാദകരെയും ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഏകീകൃത ടെക് പ്ലാറ്റ്‌ഫോമില്‍ ഒന്നിപ്പിക്കുക, റിലയന്‍സ് റീറ്റെയ്‌ലിന്റെ സാന്നിധ്യം രാജ്യത്തിന്റെ എല്ലാ കോണിലും എത്തിക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളാണ് ഈ ഉദ്യമത്തിന് പിന്നിലെന്നാണ് ഇഷാ അംബാനി ജനറല്‍ മീറ്റിംഗില്‍ പറഞ്ഞത്.

ഇതിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് ബിസിനസ് വളര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും കഴിയുമെന്നാണ് അവര്‍ പറയുന്നത്. 48 മണിക്കൂറിനുള്ളില്‍ ഇത്തരം സ്ഥാപനങ്ങളെ അടിമുടി മാറ്റി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പുതിയ ഉല്‍പ്പന്നങ്ങള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിക്കാനാവുമെന്നത് വലിയ സാധ്യതകളാണ് തുറന്നിടുക.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആദ്യ ഓഫറും ജിയോമാര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യത്തെ ഓര്‍ഡറിനൊപ്പം കൊവിഡ് എസന്‍ഷ്യല്‍ കിറ്റ് സൗജന്യമായി നല്‍കുമെന്നതാണത്.

ജിയോമാര്‍ട്ട് ഒറ്റയ്ക്കല്ല

ജിയോമാര്‍ട്ടു മാത്രമല്ല, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, സൊമാറ്റോ, സ്വിഗ്ഗി പോലുള്ള സ്ഥാപനങ്ങളും ചെറുകിടക്കാരെ കൂടി ഒപ്പം നിര്‍ത്തി വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിലൂടെ രാജ്യത്തെ റീറ്റെയ്ല്‍ മേഖലയുടെ സ്വഭാവം തന്നെ മാറിമറിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ഇത്തരത്തിലുള്ള നീക്കം ചെറുകിടക്കാരെ വിഴുങ്ങി റീറ്റെയ്ല്‍ മേഖലയുടെ വൈവിധ്യത ഇല്ലാതാക്കുമെന്ന് വ്യാപാരികളില്‍ പലരും ഭയക്കുന്നു. തുടക്കത്തില്‍ വമ്പന്‍ ഓഫറുകളിലൂടെ തങ്ങളുടെ ഭാഗമല്ലാത്ത ചെറുകിട സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കി റീറ്റെയ്ല്‍ മേഖലയെ കുത്തകയാക്കാനുള്ള ശ്രമമാണിതെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ ദേശീയ സെക്രട്ടറി ഡോ. എം ജയപ്രകാശ് അഭിപ്രായപ്പെടുന്നു.

ടെലികോം രംഗത്ത് ജിയോ തിരികൊളുത്തിയ മാറ്റത്തില്‍ മറ്റു കമ്പനികളുടെ അടിത്തറയിളകുന്നതാണ് രാജ്യം കണ്ടത്. സമാനമായ രീതിയില്‍ റീറ്റെയ്ല്‍ രംഗത്തും ജിയോമാര്‍ട്ട് ആധിപത്യം നേടുമെന്ന് കണക്കുകൂട്ടുന്നവരുണ്ട്.

ചെറുകിടക്കാര്‍ക്ക് ഭീഷണിയെന്ന്

രാജ്യത്തെ റീറ്റെയ്ല്‍ മേഖലയെ സ്വദേശി വമ്പന്മാര്‍ വിഴുങ്ങുന്ന സ്ഥിതി വിശേഷമാണിതെന്ന് അദ്ദേഹം ആരോപിക്കുന്നു. 'ടെലികോം മേഖലയില്‍ ജിയോ നടപ്പിലാക്കിയ നയം തന്നെയാണ് റീറ്റെയ്ല്‍ മേഖലയിലേക്കും കൊണ്ടു വരുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകള്‍ നല്‍കി മറ്റു കടകളുടെ നിലനില്‍പ്പിന് ഭീഷണയാകും. പ്രാദേശിക തലത്തിലുള്ള മാളുകളെയും ചെറുകിട സ്ഥാപനങ്ങളെയും ഇല്ലാതാക്കി രാജ്യത്തെ റീറ്റെയ്ല്‍ ജനാധിപത്യത്തിന് അന്ത്യം കുറിക്കാനേ ഇതുപകരിക്കൂ' , ജയപ്രകാശ് പറയുന്നു.

നിലവില്‍ ഏതൊരാള്‍ക്കും എത്ര കുറഞ്ഞ മുതല്‍മുടക്കിലും ചെറിയൊരു കട വീടിനോട് ചേര്‍ന്ന് പോലും നടത്താനാകുമായിരുന്നു. കൊവിഡ് പടര്‍ന്നു പിടിക്കുന്ന ഇക്കാലത്ത് വലിയ മാളുകളേക്കാള്‍ ആളുകള്‍ ആശ്രയിച്ചതും ഇത്തരം ചെറുകിട കടകളെയാണ്. ഇവയുടെ നിലനില്‍പ്പ് ഇല്ലാതായാല്‍ സാമൂഹിക സാമ്പത്തിക പ്രതിസന്ധികളാണ് ഉണ്ടാവുകയെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ റീറ്റെയ്ല്‍ വിപണി ഈ വര്‍ഷത്തോടെ 77 ലക്ഷം കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ അതില്‍ 15 ശതമാനം മാത്രമാണ് സംഘടിത റീറ്റെയ്ല്‍ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനാവുന്നത്. 85 ശതമാനവും അസംഘടിത മേഖലയിലാണ്. 2021 ഓടെ ഇതിന്റെ 25 ശതമാനത്തോളം സംഘടിത റീറ്റെയ്ല്‍ മേഖലയ്ക്ക് സ്വന്തമാക്കാനാവുമെന്നാണ് കണക്കൂകൂട്ടല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com