കോഹ്‌ലിയെന്ന ബ്രാന്‍ഡിനെ മറികടക്കാന്‍ ഹിറ്റ്മാന് സാധിക്കുമോ..? ഇന്ത്യന്‍ നായകന്റെ സാധ്യതകള്‍

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രറ്റി ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേ ഉള്ളു, വിരാട് കോഹ്‌ലി. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിന്റെ നായക സ്ഥാനം ഏറ്റെടുത്തപ്പോള്‍ വലിയ വളര്‍ച്ചയാണ് കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഉണ്ടായത്. അടുത്ത ഊഴം രോഹിത് ശര്‍മയുടേതാണ്.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ എന്ന ബ്രാന്‍ഡിന്റെ സാധ്യതകള്‍ വളരെ വലുതാണ്. ക്രോള്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സെലിബ്രറ്റി ബ്രാന്‍ഡ് റാങ്കിംഗില്‍ (2020) ഒന്നാമനായ കോഹ്‌ലിയുടെ മൂല്യം 237.7 മില്യണ്‍ ഡോളറാണ്. രോഹിത് ശര്‍മയാകട്ടെ 25.7 മില്യണ്‍ ഡോളര്‍ മൂല്യവുമായി പതിനേഴാമതാണ്. എന്നാല്‍ പടിപടിയായി ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുകയാണ് രോഹിത്. 2018ല്‍ നിന്ന് 2020ല്‍ എത്തുമ്പോള്‍ 58.3 ശതമാനം വളര്‍ച്ചയാണ് മൂല്യത്തിലുണ്ടായത്. വിവിധ വിഭാഗങ്ങളിലായി ഇരുപത്തിനാലോളം ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ നായകനുമായി സഹകരിക്കുന്നത്.
ഹന്‍സ റിസര്‍ച്ചിന്റെ ഐപിഎല്ലോമാനിയ (2022) ടൂര്‍ണമെന്റിലെ ഏറ്റവും പോപ്പുലറായ കളിക്കാരനായാണ് രോഹിത് ശര്‍മയെ വിലയിരുത്തുന്നത്. കോഹ്‌ലിയും ധോനിയും ആണ് പിന്നാലെ. ഇത്തവണ ഐപിഎല്ലില്‍ മൂംബൈ ഇന്ത്യന്‍സ് മികച്ച പ്രകനം പുറത്തെടുത്താല്‍ അത് രോഹിത്തിന്റെ മൂല്യവും ഉയര്‍ത്തും. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കും വരെ കോഹ്‌ലിയുടെ മൂല്യം, 34ആം വയസില്‍ നായക സ്ഥാനം ലഭിച്ച രോഹിത്തിന് മറികടക്കാനാവുമോ എന്നത് ഒരു ചോദ്യമാണ്.
സഹകരിക്കുന്ന ബ്രാന്‍ഡുകളുടെ എണ്ണം തുടങ്ങി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വരെ കോഹ്‌ലി (30ല്‍ അധികം ബ്രാന്‍ഡുകള്‍)
ബഹുദൂരം മുന്നിലാണ്. ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിക്ക് 184 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ളപ്പോള്‍ രോഹിത് ശര്‍മയെ പിന്തുടരുന്നത് വെറും 22.8 മില്യണ്‍ പേരാണ്. എന്തായാലും ഇന്ത്യന്‍ നായക സ്ഥാനം, വമ്പന്‍ ബ്രാന്‍ഡുകളുടെ ആദ്യ പരിഗണനയായി രോഹിത്ത് ശര്‍മയെ മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. വരാനിരിക്കുന്ന ഐപിഎല്ലും, ടി20 ലോകകപ്പും നായകനെന്ന നിലയില്‍ മാത്രമല്ല, ഒരു ബ്രാന്‍ഡ് എന്ന നിലയിലും രോഹിത് ശര്‍മയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നവ ആയിരിക്കും.



Related Articles

Next Story

Videos

Share it