നിറപറ ഇനി വിപ്രോയ്ക്ക് സ്വന്തം, ഏറ്റെടുക്കല്‍ പുറത്തുവിട്ട് കമ്പനി

ചന്ദ്രിക, സന്തൂര്‍, എന്‍ചാന്റര്‍, യാഡ്‌ലി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള നിറപറ ബ്രാന്‍ഡ് ഏറ്റെടുക്കലുമായി വിപ്രോ. വിപ്രോയുടെ ഇന്ത്യയിലെ ഫുഡ് ബിസിനസിലേക്കുള്ള ചുവടുവയ്പിനൊപ്പം ലഘുഭക്ഷണ, സുഗന്ധവ്യഞ്ജന, റെഡി-ടു-കുക്ക് വിപണിയില്‍ ഒരു പ്രധാന പ്ലേയറാകാനുള്ള ലക്ഷ്യമാണ് വിപ്രോയുടെ പുതിയ തീരുമാനത്തിന് പിന്നില്‍.

''സുഗന്ധവ്യഞ്ജന, റെഡീ-ടു-കുക്ക് ഞങ്ങള്‍ക്ക് ശക്തമായ ചുവടുവയ്പ്പാകുന്ന നിറപറ ഞങ്ങളുടെ പതിമൂന്നാം ഏറ്റെടുക്കലാണ്. അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വലിയ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ബിസിനസ്സിന്റെ 63% കേരളത്തില്‍ നിന്നും, 8% ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും, 29% അന്താരാഷ്ട്ര വിപണികളില്‍ നിന്നും- പ്രധാനമായും ജിസിസി രാജ്യങ്ങളില്‍ നിന്നുമാണ്.'' വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് സിഇഒയും വിപ്രോ എന്റര്‍പ്രൈസസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗര്‍വാള്‍ ഏറ്റെടുക്കലിനെക്കുറിച്ച് പ്രതികരിച്ചു.

ബ്രാന്‍ഡ് പ്രശസ്തിക്കൊപ്പം നിറപറയുടെ ഉല്‍പ്പാദന മികവാണ് ഏറ്റെടുക്കലിലേക്ക് ആകര്‍ഷിച്ചതെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് ഫുഡ് ബിസിനസ്സ് പ്രസിഡന്റ് അനില്‍ ചുഘ് അഭിപ്രായപ്പെട്ടു.

1976-ല്‍ ആരംഭിച്ച നിറപറ ബ്ലെന്‍ഡഡ് മസാലകള്‍ക്കൊപ്പം റെഡി ടു ഈറ്റ് സെഗ്മെന്റിലും സജീവമാണ്. വിവിധതരം മസാല മിശ്രണങ്ങളും അപ്പം, ഇടിയപ്പം, പുട്ട്, ദോശ, ഇഡ്‌ലി തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടിയും ഉല്‍പ്പാദിപ്പിക്കുന്നതില്‍ ബ്രാന്‍ഡ് മുന്‍പന്തിയിലാണ്. 'നിറപറ'ബ്രാന്‍ഡ് നെയിം നിലനിര്‍ത്തിയേക്കുമെന്നാണ് അറിയുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it