53 വർഷം വിപ്രോയെ നയിച്ചു, ഇനി വിശ്രമം: അസിം പ്രേംജി വിരമിക്കുന്നു
വിപ്രോ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി ജൂലൈയിൽ വിരമിക്കും. 53 വർഷത്തോളം സ്ഥാപനത്തെ നയിച്ച അദ്ദേഹം മാനേജിങ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ജൂലൈ 30 ന് ഒഴിയും.
എന്നിരുന്നാലും കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ തുടരും.
അസിം പ്രേംജിയുടെ മകൻ റിഷാദ് പ്രേംജി എക്സിക്യൂട്ടീവ് ചെയർമാനാകും. വിപ്രോ സിഇഒ ആബിദലി നീമൂച്ച്‍വാല മാനേജിങ് ഡയറക്ടറുടെ ചുമതല വഹിക്കും. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും നേതൃമാറ്റം.
തന്റെ കുടുംബത്തിന്റെ ചെറുകിട വനസ്പതി നിർമാണ സ്ഥാപനത്തെ 850 കോടി ഡോളർ മൂല്യമുള്ള ഐടി കമ്പനിയായി വളർത്തിയ പ്രേംജി രാജ്യത്തെ ഏറ്റവും ഉദാരവാനായ ശതകോടീശ്വരനാണ്.
കഴിഞ്ഞ മാർച്ചിൽ 1.45 ലക്ഷം കോടി രൂപയാണ് (2100 കോടി ഡോളർ) അദ്ദേഹം ധർമപ്രവർത്തനങ്ങൾക്കായി നീക്കിവെച്ചത്. വിപ്രോയിലെ തന്റെ കുടുംബത്തിന്റെ 67 ശതമാനം ഓഹരിയാണ് ഇതിനായി നല്കുന്നത്.