വനിതാ ഐപിഎല്‍ സംപ്രേക്ഷണാവകാശം; 1250 കോടിയോളം ലക്ഷ്യമിട്ട് ബിസിസിഐ

പ്രഥമ വനിതാ ഐപിഎല്‍ (Women's IPL) 2023 മാര്‍ച്ചില്‍ തുടങ്ങുകയാണ്. മാര്‍ച്ച് 3 മുതല്‍ 26 വരെയാണ് അഞ്ച് ടീമുകള്‍ മത്സരിക്കുന്ന വനിതാ ഐപിഎല്‍. മത്സരങ്ങളുടെ സംപ്രേക്ഷണാവകാശത്തിനായി ബിഡുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. 2023-27 കാലയളവിലേക്കുള്ള സംപ്രേക്ഷണാവകാശം നല്‍കാനുള്ള ലേലം ജനുവരിയിലാവും സംഘടിപ്പിക്കുക.

പ്രതിവര്‍ഷം 220-250 കോടി രൂപ നിരക്കില്‍ അഞ്ച് വര്‍ഷത്തേക്ക് 1250 കോടി രൂപയോളമാണ് സംപ്രേക്ഷണ അവകാശം വില്‍ക്കുക വഴി ബിസിസിഐ ലക്ഷ്യമിടുന്നത്. വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ 22 മത്സരങ്ങളാവും ഉണ്ടാകുക. അതായത് ഓരോ മാച്ചിനും 11 ലക്ഷത്തോളം രൂപയാണ് ബിസിസിഐയ്ക്ക് ലഭിക്കുക.

എന്നാല്‍ പുരുഷ ഐപിഎല്ലിലെ സംപ്രേക്ഷണാവകാശം വിറ്റുപോയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് വെറും പത്തില്‍ ഒന്ന് മാത്രമാണ്. 2023-27 കാലയളവിലെ പുരുഷ ഐപിഎല്ലിന്റെ അവകാശങ്ങള്‍ വിറ്റതിലൂടെ ബിസിസിഐയ്ക്ക് ലഭിച്ചത് 47,332.52 കോടി രൂപയാണ്. ഈ വര്‍ഷം ജൂണില്‍ നടന്ന ലേലത്തില്‍ ടിവി സംപ്രേണാവകാശം ഡിസ്‌നി സ്റ്റാറും ഡിജിറ്റല്‍ അവകാശം റിലയന്‍സിന്റെ നേതൃത്വത്തിലൂള്ള വിയാകോം സ്‌പോര്‍ട്‌സ് 18നും ആണ്.

വനിതാ ഐപിഎല്ലിനായി ഡിസ്‌നി സ്റ്റാര്‍, വിയാകോം18, സോണി-സീ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തിയേക്കും. ഡിജിറ്റല്‍ അവകാശത്തിനായി ആമസോണ്‍ പ്രൈം, ഡ്രീം11 എന്നിവരും ശ്രമങ്ങള്‍ നടത്തിയേക്കും. അതേ സമയം വനിതാ ഐപിഎല്ലിനായുള്ള ടീമുകളെ ബിസിസിഐ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. ടീം തെരഞ്ഞെടുപ്പും ജനുവരിയില്‍ തുടങ്ങുമെന്നാണ് വിവരം. നിലവില്‍ ഐപിഎല്‍ ടീം ഉടമകള്‍ക്കാവും വനിതാ ടീമുകളെ സ്വന്തമാക്കാനുള്ള ആദ്യ അവസരം. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20, ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗ് എന്നിവയാണ് നിലവിലുള്ള പ്രമുഖ വനിതാ ടി20 ലീഗുകള്‍.

Related Articles
Next Story
Videos
Share it