INTERVIEW - വണ്ടര്‍ലാ വളരും, ഇന്ത്യയിലെമ്പാടും, മുന്നിലുള്ളത് വലിയ അവസരങ്ങള്‍: അരുണ്‍ ചിറ്റിലപ്പിള്ളി

കൃത്യം 24 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എറണാകുളം ജില്ലയിലെ കാക്കനാട്ട് 'വീഗാലാന്‍ഡ്' എന്ന അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിച്ചത്. വിജയിക്കുമോ എന്ന ഭയം മനസില്‍ അലയടിച്ച കാലം. പക്ഷേ, ജനങ്ങള്‍ ഇരുകൈയും നീട്ടി പാര്‍ക്കിനെ വരവേറ്റു. മലയാളികളുടെ മാത്രമല്ല, ദക്ഷിണേന്ത്യക്കാരുടെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടെയും അതുവരെയുണ്ടായിരുന്ന വിനോദ സങ്കല്‍പ്പങ്ങള്‍ തന്നെ പാര്‍ക്ക് മാറ്റിയെഴുതി. വീഗാലാന്‍ഡ് വന്‍ ഹിറ്റായി.
ബ്രാന്‍ഡിന്റെ പേര് പിന്നീട് ഐ.പി.ഒയ്ക്ക് മുമ്പായി വണ്ടര്‍ലാ എന്ന് മാറ്റി. അടുത്ത വര്‍ഷം രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുകയാണ് വണ്ടര്‍ലാ കൊച്ചി പാര്‍ക്ക്. അമ്യൂസ്മെന്റ് പാര്‍ക്ക് എന്നതിനപ്പുറം പുതിയ കാലത്തെ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഗെയിമിംഗ്, വെര്‍ച്വല്‍ റിയാലിറ്റി മേഖലകളിലേക്കും വണ്ടര്‍ലാ ചുവടുവയ്ക്കുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മകനും വണ്ടര്‍ലാ ഹോളിഡേയ്സിന്റെ മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി വണ്ടര്‍ലാ കടന്നുവന്ന വളര്‍ച്ചയുടെ പടവുകളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും 'ധന'ത്തോട് മനസ് തുറക്കുന്നു.
കൊച്ചിയില്‍ 2000ത്തിലാണ് തുടക്കം. ഇപ്പോള്‍ ബംഗളൂരുവിലും ഹൈദരാബാദിലും പാര്‍ക്കുകള്‍. ഇതിനകം നാല് കോടിയിലേറെ സന്ദര്‍ശകര്‍. ഭുവനേശ്വറിലും ചെന്നൈയിലും പുതിയ പാര്‍ക്കുകള്‍ വരുന്നു. വണ്ടര്‍ലായുടെ ഇതുവരെയുള്ള യാത്രയെ എങ്ങനെ കാണുന്നു?
ഡാഡിയുടെ (കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്സ് എന്നിവയുടെ സ്ഥാപകന്‍, മുന്‍ ചെയര്‍മാന്‍) സ്വപ്ന പദ്ധതിയായിരുന്നു വീഗാലാന്‍ഡ്. ഒരു വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയാകണമെന്ന ലക്ഷ്യമൊന്നും അന്നുണ്ടായിരുന്നില്ല. അമേരിക്കയിലൊക്കെ കാണുന്നതുപോലെ ഒരു വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് സ്വന്തം നാട്ടിലും കൊണ്ടുവന്നു എന്ന് മാത്രം.
വീഗാലാന്‍ഡിന്റെ നിര്‍മാണച്ചെലവ് 25 കോടി രൂപയായിരുന്നു. അന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് 100 കോടി രൂപയ്ക്കടുത്ത് മാത്രം വിറ്റുവരവേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം പാര്‍ക്കൊക്കെ 25 കോടി മുടക്കി പണിയണോ എന്ന് പലരും ചോദിച്ചു. പക്ഷേ, പാര്‍ക്ക് തുറന്നപ്പോള്‍ വലിയ വിജയമായി. അതോടെ ബംഗളൂരുവിലും (2005) പാര്‍ക്ക് തുടങ്ങി. അതും വിജയിച്ചപ്പോള്‍ ധൈര്യം കൂടി. മൂന്നാം പാര്‍ക്ക് ഹൈദരാബാദില്‍ (2016) തുറന്നു. ഐ.പി.ഒ 2014ല്‍ ആയിരുന്നു. ഭുവനേശ്വര്‍ പാര്‍ക്കിന് ഒഡീഷ സര്‍ക്കാരില്‍ നിന്ന് കുറഞ്ഞ പാട്ടച്ചെലവില്‍ ഭൂമിയും നിക്ഷേപത്തിന് സബ്സിഡിയും ലഭിച്ചു. ചെന്നൈയിലെ പാര്‍ക്കിന് തമിഴ്നാട് സര്‍ക്കാര്‍ 10 വര്‍ഷത്തേക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.
ടേണിംഗ് പോയിന്റ് എവിടെയായിരുന്നു?
വീഗാലാന്‍ഡ് വിജയിച്ചപ്പോള്‍ തന്നെ ആത്മവിശ്വാസം വന്നു. ബംഗളൂരു പാര്‍ക്കും വിജയിച്ചതോടെ ആത്മവിശ്വാസം കൂടി. പാര്‍ക്കുകളിലേക്കുള്ള റൈഡുകള്‍ മിക്കതും ഞങ്ങള്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്നതാണ്. അത് ഞങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. നിക്ഷേപച്ചെലവ് കുറയ്ക്കാനും മെയിന്റനന്‍സും സുരക്ഷയും കാര്യക്ഷമമാക്കാനും അത് സഹായിച്ചു.
നാല് കോടിപ്പേരെ വണ്ടര്‍ലാ ഇതിനകം ത്രില്ലടിപ്പിച്ചു. താങ്കളെ വ്യക്തിപരമായി ത്രസിപ്പിച്ച കാര്യമെന്താണ്?
കൊച്ചിയില്‍ 25 കോടി രൂപയ്ക്ക് പാര്‍ക്ക് തുടങ്ങിയപ്പോള്‍ ബംഗളൂരു പാര്‍ക്കിനായി ഞങ്ങള്‍ ചെലവിട്ടത് 100 കോടിയാണ്. നല്ല ടെന്‍ഷനുണ്ടായിരുന്നു. എനിക്കന്ന് 27 വയസേയുള്ളൂ. ആ പ്രായത്തില്‍ വലിയ റിസ്‌കാണെടുത്തത്. അതുതന്നെയാണ് എന്നെ ഏറെ ത്രില്‍ ചെയ്യിപ്പിച്ചതും. നിങ്ങളൊരിക്കല്‍ റിസ്‌ക് എടുത്താല്‍ പിന്നെയത് ശീലമാകും.
വണ്ടര്‍ലാ പുതുതായി എന്തൊക്കെയാണ് സന്ദര്‍ശകര്‍ക്കായി കരുതിയിട്ടുള്ളത്?
കുട്ടികളും യുവാക്കളുമാണ് വണ്ടര്‍ലായുടെ വിജയത്തിന്റെ യഥാര്‍ത്ഥ ഡ്രൈവര്‍മാര്‍. എന്റര്‍ടെയ്ന്‍മെന്റ് എന്നത് എപ്പോഴും പുതുമ വേണ്ടൊരു കാര്യമാണ്. പഴയകാര്യം ഇപ്പോള്‍ അവതരിപ്പിച്ചാല്‍ വിജയിക്കണമെന്നില്ല.
കൊച്ചി പാര്‍ക്കില്‍ വേനലവധിക്കാലത്തിന് മുന്നോടിയായി 'എയര്‍ റേസ്' പോലുള്ള പുത്തന്‍ റൈഡ് അവതരിപ്പിച്ചത് അതിന്റെ ഭാഗമാണ്. ഇറ്റലിയില്‍ നിന്ന് 15 കോടി രൂപ ചെലവിട്ട് ഇറക്കുമതി ചെയ്ത റൈഡാണിത്. വിമാന യാത്ര ചെയ്യുന്ന അനുഭവം റൈഡ് സമ്മാനിക്കും.
വെര്‍ച്വല്‍ റിയാലിറ്റി റൈഡുകളും വരും. ആദ്യം ബംഗളൂരു പാര്‍ക്കിലും പിന്നെ കൊച്ചിയിലും. മെല്ലെ മറ്റ് പാര്‍ക്കുകളിലും. മറ്റൊന്ന് പാര്‍ക്കിലെ ഭക്ഷണമാണ്. പുതിയ തലമുറയ്ക്ക് വേണ്ടത് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇടാനൊക്കെ പറ്റുന്നതരം ഭക്ഷണമാണ്. ഊണാണെങ്കില്‍ 'ചട്ടിച്ചോറ്' പോലുള്ളവ വേണം. അത്തരം പുതുമകള്‍ ഉള്‍പ്പെടുത്തി റെസ്റ്റൊറന്റുകളും മാറ്റി. ഞങ്ങളുടെ വരുമാനത്തില്‍ അഞ്ച് വര്‍ഷം മുമ്പ് 20 ശതമാനത്തില്‍ താഴെയായിരുന്നു നോണ്‍-ടിക്കറ്റ് റെവന്യൂ. അതായത്, റെസ്റ്റൊറന്റുകളില്‍ നിന്നും മറ്റും കിട്ടിയിരുന്ന വരുമാനം. ഇപ്പോഴത് 35 ശതമാനമാണ്.
കേരളം കണ്ട ഏറ്റവും വിജയം കുറിച്ച വ്യവസായികളിലൊരാളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. പല സംരംഭകര്‍ക്കും മാതൃക. അദ്ദേഹത്തില്‍ നിന്ന് വണ്ടര്‍ലായുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍ എന്ത് തോന്നി?
എന്നെക്കൊണ്ട് പറ്റുമോ എന്നാണ് തോന്നിയത്. എന്നാല്‍, റിസ്‌ക് എടുക്കാനും പുതിയ കാര്യങ്ങള്‍ ചെയ്യാനുമുള്ള ധൈര്യം ഡാഡിയില്‍ നിന്നുതന്നെ എനിക്ക് കിട്ടിയിട്ടുണ്ട്. വണ്ടര്‍ലാ പോലൊരു വലിയ പ്രസ്ഥാനത്തെ എങ്ങനെ നയിക്കണം, ജീവനക്കാരോടും ജനങ്ങളോടും എങ്ങനെ നീതിപുലര്‍ത്തണം ഇതൊക്കെ ഡാഡിയില്‍ നിന്നുതന്നെ എനിക്കും സഹോദരനും (മിഥുന്‍ കെ. ചിറ്റിലപ്പിള്ളി, വീ-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍) കിട്ടിയ ഗുണങ്ങളാണ്.
സ്വന്തമായി റൈഡുകള്‍ നിര്‍മിക്കാന്‍ വണ്ടര്‍ലായ്ക്കുള്ള സൗകര്യങ്ങള്‍?
എന്‍ജിനീയറിംഗ് ഇഷ്ടമുള്ളവരാണ് ഞാനും ഡാഡിയും. വണ്ടര്‍ലായ്ക്ക് മികച്ച എന്‍ജിനീയറിംഗ് ടീമുമുണ്ട്. നിലവിലെ റൈഡുകളില്‍ 40 ശതമാനത്തോളം ഞങ്ങള്‍ തന്നെ ഉണ്ടാക്കിയതാണ്. കൊച്ചിയിലും ബംഗളൂരുവിലുമാണ് നിര്‍മാണ കേന്ദ്രങ്ങള്‍. ഓരോ പാര്‍ക്കിലും 50-60 വീതം റൈഡുകളുണ്ട്. മൊത്തം റൈഡുകള്‍ 160ല്‍പ്പരവും.
കേരളത്തില്‍ മറ്റൊരു പാര്‍ക്ക് ആലോചിച്ചിട്ടുണ്ടോ? ഭുവനേശ്വര്‍, ചെന്നൈ പാര്‍ക്കുകള്‍ എപ്പോള്‍ തുറക്കും?
കേരളത്തില്‍ മറ്റൊരു ശൈലിയില്‍ വെറൊരു പാര്‍ക്ക് തുറക്കാം. പക്ഷേ, തല്‍ക്കാലം അതാലോചിക്കുന്നില്ല. വണ്ടര്‍ലാ എന്ന ബ്രാന്‍ഡിനെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വളര്‍ത്തുകയെന്ന ലക്ഷ്യമേ ഇപ്പോഴുള്ളൂ.
അടുത്ത മെയിലോ ജൂണിലോ ഭുവനേശ്വര്‍ പാര്‍ക്ക് തുറക്കും. നിര്‍മാണച്ചെലവ് 170-180 കോടി രൂപയാണ്. ചെന്നൈയിലേത് 450-500 കോടി രൂപയുടെ വലിയ പാര്‍ക്കാണ്. ഇത് 2025ല്‍ തുറക്കും. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും ചുവടുവെയ്ക്കാനുള്ള നടപടികളായിട്ടുണ്ട്.
വിദേശരാജ്യങ്ങളിലേക്ക് കടക്കുന്നുണ്ടോ?
ശ്രീലങ്ക, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നൊക്കെ അന്വേഷണങ്ങളുണ്ടായിരുന്നു. പക്ഷേ, വേണ്ടെന്നുവെച്ചു. ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കാനാണ് തീരുമാനം. അടുത്ത അഞ്ച് വര്‍ഷം എന്തായാലും ഇന്ത്യയില്‍ തന്നെയാകും ശ്രദ്ധ. ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖല എന്ന മികവ് നിലനിര്‍ത്തണം. ഇപ്പോഴും രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രമേ ഞങ്ങളുള്ളൂ.
കുറഞ്ഞത് 25 നഗരങ്ങളിലെങ്കിലും അമ്യൂസ്മെന്റ് പാര്‍ക്കിന് സാധ്യതകളുണ്ട്. വലിയ അവസരമാണ് മുന്നിലുള്ളത്. അടുത്ത വര്‍ഷം രജതജൂബിലി വര്‍ഷമാണ്. ഇനിയങ്ങോട്ട് ഓരോ വര്‍ഷവും ഓരോ പുതിയ പാര്‍ക്ക് ഞങ്ങള്‍ തുറക്കും. ഇന്ത്യയിലെമ്പാടുമായി വളരും. ഗെയിമിംഗ്, വെര്‍ച്വല്‍ റിയാലിറ്റി, ടെക്നോളജി അധിഷ്ഠിത റൈഡുകളും കൊണ്ടുവരും. എന്റര്‍ടെന്‍മെന്റ് രംഗത്തെ എല്ലാ വിഭാഗത്തിലും വണ്ടര്‍ലാ എന്ന ബ്രാന്‍ഡുണ്ടാവണം. അതാണ് ലക്ഷ്യം. ഇത്രയും 'അഗ്രസീവായൊരു' വികസനം വണ്ടര്‍ലാ നേരത്തേയൊന്നും എടുത്തിട്ടില്ല.
പുതിയ പാര്‍ക്കുകള്‍ തുടങ്ങുന്നു, നിലവിലുള്ളത് വികസിപ്പിക്കുന്നു. ഇതിനൊക്കെ എങ്ങനെയാണ് പണം കണ്ടെത്തുന്നത്?
ഞങ്ങളിപ്പോള്‍ കടമില്ലാ കമ്പനിയാണ്. കമ്പനിയുടെ ലാഭം തന്നെയാണ് വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ വികസനത്തിനായി വായ്പകള്‍ എടുത്തേക്കാം. മൂലധനത്തിനായി ഓഹരികളും കടപ്പത്രങ്ങളും ഇറക്കാനും നടപടിയുണ്ടാകും.
5,000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് വണ്ടര്‍ലാ. മള്‍ട്ടിബാഗര്‍ ഓഹരിയുമാണ്. അടുത്ത ഒരു ദശാബ്ദത്തെ എങ്ങനെ കാണുന്നു?
കൃത്യം 10 വര്‍ഷം മുമ്പായിരുന്നു വണ്ടര്‍ലാ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. അന്ന് വിപണിമൂല്യം 800 കോടിയോളം രൂപയായിരുന്നു. ഇനിയുള്ള 10 വര്‍ഷം ഞങ്ങളുടെ വളര്‍ച്ചാവേഗം കൂടും. 2030 ആകുമ്പോഴും വിപണിമൂല്യം 15,000 കോടി കടക്കുമെന്ന് കരുതുന്നു.
ജീവനക്കാരെക്കുറിച്ച്?
വണ്ടര്‍ലാ ആരംഭിക്കുമ്പോള്‍ 200ഓളം പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 2,500ഓളം പേരുണ്ട്. 20 ശതമാനവും വനിതകള്‍. 2030ഓടെ ജീവനക്കാരുടെ എണ്ണം 5,000 കടക്കും. വണ്ടര്‍ലായുടെ വിജയത്തിന് പിന്നില്‍ ജീവനക്കാരുടെ പങ്ക് വിലപ്പെട്ടതാണ്.
സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ചെയ്യുന്നുണ്ട്?
പാര്‍ക്ക് സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ക്ഷേമത്തിന് നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കൂടുതലും വിദ്യാഭ്യാസ രംഗത്താണ്. കുട്ടികള്‍ക്ക് മികച്ച സാഹചര്യങ്ങളില്‍ പഠിക്കാനുള്ള പിന്തുണ നല്‍കുന്നു. വീടുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നു. ഹെല്‍ത്ത്കെയര്‍ സേവനങ്ങളും നല്‍കുന്നു. ഓരോ വര്‍ഷവും 3-5 കോടി രൂപയാണ് സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി (CSR) വണ്ടര്‍ലാ ചെലവഴിക്കുന്നത്.
ഓരോ പാര്‍ക്കിനൊപ്പവും റിസോര്‍ട്ട് സ്ഥാപിക്കും
ബംഗളൂരുവില്‍ 2012ല്‍ പാര്‍ക്കിനൊപ്പം റിസോര്‍ട്ടും തുടങ്ങി. എല്ലാ പാര്‍ക്കിനൊപ്പവും റിസോര്‍ട്ട് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. പക്ഷേ, ഇപ്പോള്‍ ശ്രദ്ധ പുതിയ പാര്‍ക്കുകള്‍ തുറക്കാനാണ്. പിന്നീട്, ഓരോ പാര്‍ക്കിനൊപ്പവും റിസോര്‍ട്ട് സ്ഥാപിക്കും. എന്റര്‍ടെയ്ന്‍മെന്റ്, ഹോസ്പിറ്റാലിറ്റി, തീം പാര്‍ക്ക് മേഖലകളിലായിരിക്കും വണ്ടര്‍ലായുടെ ഊന്നല്‍. മറ്റ് ബിസിനസ് മേഖലകളിലേക്ക് കടക്കാന്‍ തല്‍ക്കാലം ചിന്തയില്ല.
(ധനം ബിസിനസ് മാഗസിന്റെ ഏപ്രില്‍ രണ്ടിന് പ്രസിദ്ധീകരിച്ച ലക്കത്തില്‍ നിന്ന്)
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it