വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ ഓഫീസുകളിലേക്ക്; വിപ്രോ ഉള്‍പ്പെടെ ഇന്ത്യന്‍ കമ്പനികള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാവുന്ന തരത്തില്‍ കാര്യങ്ങള്‍ ആയതോടെ ഇന്ത്യന്‍ കമ്പനികളും വാക്‌സിന്‍ സ്വീകരിച്ചവരെ തിരികെ വിളിക്കുന്നു. ഞായറാഴ്ചയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയായ വിപ്രോ ഇന്നു മുതല്‍ ജീവനക്കാരെ ഓഫീസിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നതായി അറിയിച്ചത്.

വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിപ്രോ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള താപനില പരിശോധനകളും ക്യുആര്‍ കോഡ് സ്‌കാനുകളും ഉള്‍പ്പെടെയുള്ള കൊവിഡ്-19 അനുബന്ധ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പങ്കിട്ടു.
ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസിലെത്തുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നത് തുടരുമെന്നും ഭാവിയില്‍ ഒരു ഹൈബ്രിഡ് മോഡലിലായിരിക്കും കമ്പനി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വിശദമാക്കി.
18 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്പനികള്‍ പലതും സജീവമാകുന്നത്. അടുത്ത മാസം മുതല്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ ഓഫീസും പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറിയിപ്പുണ്ട്. 2022 ജീനുവരി മുതലാകുമെന്നാണ് കമ്പനി വക്താവിന്റെ പ്രതികരണം. 2022 മുതല്‍ തന്നെ ഹൈബ്രിഡ് മോഡലില്‍ ഉബര്‍ ഇന്ത്യയും ജീവനക്കാരെ പ്രവേശിപ്പിച്ച് തുടങ്ങും. ഓരോ മാസവും പകുതി സമയത്തോളം ഓഫീസുകളില്‍ ചെലവിട്ടുകൊണ്ടുള്ള വര്‍ക്കിംഗ് പാറ്റേണ്‍ ആയിരിക്കും ഇവര്‍ സ്വീകരിക്കുക. മറ്റ് കമ്പനികളും പ്രവര്‍ത്തനം സജീവമാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നുണ്ട്.
ആന്റിജന്‍ ടെസ്റ്റ് നടത്തുക, ഓഫീസിലെത്താന്‍ കഴിയുന്നവര്‍ക്ക് കാബ് സൗകര്യം ഏര്‍പ്പാടാക്കല്‍, ജീവനക്കാര്‍ക്കും കുടുംബത്തിനും വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം, പൊതുജന സമ്പര്‍ക്കം ഒഴിവാക്കാന്‍ യാത്രാചെലവ് നല്‍കല്‍, ടോപ് മാനേജ്‌മെന്റ് തസ്തികയിലുള്ളവര്‍ക്ക് കൃത്യമായ അറ്റന്‍ഡന്‍സ് സംവിധാനം എന്നിവയൊക്കെയാണ് വിവിധ ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ തിരികെ വിളിക്കല്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it