ബാറുകളുടെ സമയം മാറും!
സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തില്‍ മാറ്റമായി. ബാറുകള്‍ ഇനി മുതല്‍ രാവിലെ ഒന്‍പത് മണിക്ക് തുറക്കും. ബാറുകളുടെയും, ബിയര്‍, വൈന്‍ പാര്‍ലറുകളുടെയും പ്രവൃത്തി സമയം ആണ് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു മണി വരെയാക്കിയത്.
നിലവില്‍ രാവിലെ 11 മുതല്‍ ഏഴു മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, മദ്യ വിതരണം പാഴ്സലായി മാത്രമേ ഉണ്ടാകൂ.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പൊലീസ് കാവലില്‍ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കുന്നത്.
വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചതിന് പിന്നാലെ നേരത്തെ സംസ്ഥാനത്ത് ബാറുകള്‍ ലോക് ഡൗണിന് ശേഷവും അടച്ചിട്ടിരുന്നു. വെയര്‍ ഹൗസ് മാര്‍ജിന്‍ 8 ശതമാനത്തില്‍ നിന്ന് 25 ശതമാനം ആക്കിയാണ് ഉയര്‍ത്തിയിരുന്നത്.
തുടര്‍ന്ന് ബാര്‍ ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍,ഇത് 13 ശതമാനമായി കുറച്ചു. ഇതിനെ തുടര്‍ന്നാണ് ബാറുകള്‍ തുറക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. സമയം പുനക്രമീകരിക്കണമെന്നും സര്‍ക്കാരുമായിട്ടുള്ള ചര്‍ച്ചയില്‍ ഉടമകള്‍ ആവശ്യമുയര്‍ത്തിയിരുന്നു.