ഫെഡ് സൂചന കിട്ടി, പിടിവിട്ട് സ്വര്‍ണം; കേരളത്തിലും വില മേലേക്ക്

രാജ്യാന്തര വിലയ്‌ക്കൊപ്പം സംസ്ഥാനത്തും ഇന്ന് സ്വര്‍ണ വില കയറ്റത്തില്‍. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,450 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 51,600 രൂപയിലുമാണ് സ്വര്‍ണത്തിന്റെ വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയും 40 രൂപ വര്‍ധിച്ച് ഗ്രാമിന് 5,340 രൂപയുമായി.

ഇന്നലെ രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 90 രൂപയിലെത്തിയ വെള്ളി വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു.
യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകളില്‍ ഇന്നലെ മാറ്റം വരുത്തിയില്ലെങ്കിലും സെപ്റ്റംബറില്‍ നിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കിയതാണ് സ്വര്‍ണവിലയില്‍ മുന്നേറ്റത്തിനിടയാക്കിയത്. 10 വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടവും കുറഞ്ഞു. യു.എസില്‍ പണപ്പെരുപ്പം ഫെഡ് ലക്ഷ്യം വയ്ക്കുന്ന രണ്ട് ശതമാനത്തിനടുത്ത്‌ത്തെയിട്ടുണ്ട്. ഇതാണ് സെപ്റ്റംബറില്‍ തന്നെ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കിയത്. സെപ്റ്റംബര്‍ 17-18 തീയതികളിലാണ് അടുത്ത ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി (FOMO).
പലിശ നിരക്കും ഭൗമ രാഷ്ട്രിയപ്രശ്‌നങ്ങളും
ഭൗമ, രാഷ്ട്രിയ പ്രശ്‌നങ്ങളും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷഭീതി നിലനില്‍ക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
രാജ്യാന്തര വില ഇന്നലെ ഒന്നര ശതമാനത്തിലധികം കയറി ഔണ്‍സിന് 2,450 ഡോളറിനു മുകളിലെത്തിയിരുന്നു. പിന്നീട് ഇടിഞ്ഞു. ഇന്ന് 0.10 ശതമാനം താഴ്ന്ന് 2,443.31 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
യു.എസ് പലിശ നിരക്കു കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വര്‍ണ വില ഇനിയും ഉയര്‍ത്തുമെന്നാണ് നിഗമനങ്ങള്‍. അടുത്ത വര്‍ഷത്തോടെ 2,700 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് പ്രവചനങ്ങള്‍.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 51,600 രൂപ. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 55,859 രൂപയെങ്കിലും വേണ്ടി വരും. അതായത് പവന്‍ വിലയേക്കാള്‍ 4,187 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം. ഇനി ബ്രാന്‍ഡഡ് ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ 16-20 ശതമാനമൊക്കെ പണിക്കൂലി നല്‍കേണ്ടതുണ്ടെന്ന് മറക്കരുത്.
Related Articles
Next Story
Videos
Share it