'ഫോണ്‍പേ' ഉണ്ടോ, ആദായനികുതി അടയ്ക്കാം

ഫോണ്‍പേ (PhonePe) ആപ്പിലൂടെ ഇനി ആദായനികുതി അടയ്ക്കാം. ഉപയോക്താക്കളെ ഫോണ്‍പേ ആപ്പില്‍ ആദായനികുതി സമര്‍പ്പിക്കുന്നതിനായി പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സേവന കമ്പനിയായ പേമെയ്റ്റുമായി (PayMate) ഫോണ്‍പേ കരാറിലേര്‍പ്പെട്ടു. ആപ്പിലെ 'ഇന്‍കം ടാക്സ് പേയ്മെന്റ്' എന്ന ഫീച്ചര്‍ വഴി വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഫോണ്‍പേ ആപ്പില്‍ നിന്ന് സെല്‍ഫ് അസസ്‌മെന്റും, മുന്‍കൂര്‍ ടാക്‌സും അടയ്ക്കാനാകും.

ഇങ്ങനെ നികുതി അടയ്ക്കാം

ഫോണ്‍പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഹോംപേജിലെ 'ഇന്‍കം ടാക്സ്' ഐക്കണില്‍ ക്ലിക് ചെയ്യുക. നിങ്ങള്‍ അടയ്‌ക്കേണ്ട നികുതിയുടെ തരം, അനുമാന വര്‍ഷം എന്നിവ തിരഞ്ഞെടുക്കുക. നിങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക. മൊത്തം നികുതി തുക നല്‍കുക, ഇഷ്ടമുള്ള പേയ്‌മെന്റ് മോഡ് ഉപയോഗിച്ച് അടയ്ക്കുക.

പണമിടപാട് നടത്തിക്കഴിഞ്ഞാല്‍ നികുതിദായകര്‍ക്ക് ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ ഒരു യുണീക്ക് ട്രാന്‍സാക്ഷന്‍ റഫറന്‍സ് (UTR) നമ്പര്‍ ലഭിക്കും. പേയ്‌മെന്റിന് ശേഷം, രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തുക ടാക്സ് പോര്‍ട്ടലിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ആദായ നികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ഇതെല്ലാം സാധ്യമാകുമെന്ന് കമ്പനി അറിയിച്ചു.

സമയപരിധി ജൂലൈ 31

ഉപയോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇതിനായി ഉപയോഗിക്കാം. ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് 45 ദിവസത്തെ പലിശ രഹിത കാലയളവും അവരുടെ ബാങ്കിനെ ആശ്രയിച്ച് നികുതി പേയ്‌മെന്റുകളില്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യുമെന്ന് ഫോണ്‍പേ പറഞ്ഞു. നിലവില്‍ 2023-24 അനുമാന വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമയപരിധി ജൂലൈ 31 ആണ്.

Related Articles
Next Story
Videos
Share it