Begin typing your search above and press return to search.
മൂന്ന് കോടിവരെ സബ്‌സിഡി; ഇനി നിങ്ങള്‍ക്കും തുടങ്ങാം വ്യവസായ പാര്‍ക്കുകള്‍
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് നാല് സ്ഥാപനങ്ങള്‍ക്കാണ് വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതിന് ലൈസന്‍സ് നല്‍കിയത്. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റുകളുടെ വിതരണം തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ മന്ത്രി പി രാജീവ് നിര്‍വഹിച്ചു. വരുന്ന മൂന്നര വര്‍ഷത്തിനുള്ളില്‍ 100 വ്യവസായ പാര്‍ക്കുകളെന്ന ലക്ഷ്യം കൈവരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഭൂമി ലഭ്യതയുടെ ദൗര്‍ലഭ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 10 ഏക്കറോ അതിനുമുകളിലോ ഭൂമിയുണ്ടെങ്കില്‍ വ്യവസായ പാര്‍ക്കിന് അപേക്ഷ സമര്‍പ്പിക്കാം. വ്യക്തികള്‍, ട്രസ്റ്റുകള്‍, കൂട്ടു സംരംഭങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ നടത്താം. ഏക്കര്‍ ഒന്നിന് 30 ലക്ഷം രൂപ എന്ന നിരക്കില്‍ പരമാവധി 3 കോടി രൂപ വരെയുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കും.
ഭൂമിയുടെ വിസ്തൃതി 5 ഏക്കര്‍ മാത്രമേ ഉള്ളൂവെങ്കിലും ഈ പദ്ധതിയുടെ ഭാഗമാകാം. അഞ്ച് ഏക്കര്‍ ഭൂമിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികളാണ് ആരംഭിക്കാനാവുക. വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള പൊതു സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിന് 3 കോടി രൂപ വരെ ധനസഹായം നല്‍കും. വകുപ്പു സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് അപേക്ഷകളില്‍ തീരുമാനമെടുക്കും. അനുമതി നല്‍കുന്നവര്‍ക്ക് എസ്റ്റേറ്റ് ഡവലപ്പര്‍ പെര്‍മിറ്റ് നല്‍കും.
കണ്ണൂര്‍ വി.പി.എം.എസ് ഫുഡ് പാര്‍ക്ക് ആന്റ് വെന്‍ചേഴ്‌സ്, കോട്ടയം ഇന്ത്യന്‍ വിര്‍ജിന്‍ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം മലബാര്‍ എന്റര്‍പ്രൈസസ്, പാലക്കാട് കടമ്പൂര്‍ ഇന്‍ഡസ്റ്റ്രിയല്‍ പാര്‍ക്ക് എന്നീ നാല് എസ്റ്റേറ്റുകള്‍ക്കാണ് ഇതിനകം പെര്‍മിറ്റ് നല്‍കിയത്. ആകെ 24 അപേക്ഷകളാണ് പുതിയ നയം പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന് ലഭിച്ചത്.
Next Story
Videos