യൂട്യൂബ് ഷോര്‍ട്ട്‌സ് ഇനി പണം നല്‍കും, നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ഷോര്‍ട്‌സ് ((Youtube Shorts) വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരുങ്ങി യൂട്യൂബ് . ഇതിന്റെ ഭാഗമായി 2023ന്റെ തുടക്കത്തില്‍ യൂട്യൂബ് ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കും. ബ്ലോഗ് പോസ്റ്റിലൂടെ യൂട്യൂബ് ക്രിയേറ്റേഴ്‌സ് പ്രോജക്ട് വൈസ് പ്രസിഡന്റ് അംജദ് ഹനീഫ് ആണ് ഇക്കാര്യം അറിയിച്ചത്.

1,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള ഷോര്‍ട്‌സ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബ് പാര്‍ട്ട്ണര്‍ പ്രോഗ്രാമിലേക്ക് (YPP) അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അവസാന 90 ദിവസം 10 മില്യണ്‍ കാഴ്ചക്കാരും 12 മാസം കുറഞ്ഞത് 4,000 മണിക്കൂര്‍ കാഴ്ച സമയവും ഉണ്ടായിരിക്കണം. അതേ സമയം മേഖലയിലെ തുടക്കക്കാര്‍ക്ക് പ്രത്യേക സ്‌കീമും യൂട്യൂബ് നല്‍കും.

തുടക്കക്കാര്‍ക്ക് സൂപ്പര്‍ താങ്ക്‌സ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കര്‍, ചാനല്‍ മെമ്പര്‍ഷിപ്പ് തുടങ്ങിയ സേവനങ്ങളിലൂടെ പണം നേടാനുള്ള അവസരമാണ് തുടക്കക്കാര്‍ക്ക് ലഭിക്കുക. ഷോര്‍ട്ട് വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പണം നേടാനുള്ള അവസരം ഒരുക്കുമെന്ന് ഇന്‍സ്റ്റഗ്രാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബും സമാന നീക്കവുമായി എത്തുന്നത്.

ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കുന്നതിന്റെ ഭാഗമായി ഷോര്‍ട്‌സ് ഫീഡില്‍ യൂട്യൂബ് പരസ്യങ്ങള്‍ ഉള്‍പ്പെടുത്തും. ആകെ ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ 48 ശതമാനവും ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുമെന്നാണ് യൂട്യൂബ് അറിയിച്ചത്. ബാക്കി തുക ക്രിയേറ്റര്‍മാര്‍ ഉപയോഗിക്കുന്ന മ്യൂസിക്കിന്റെ ലൈസന്‍സിനായി ആവും ചെലവഴിക്കുക. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ലോകത്താകമാനമുള്ള YPP ക്രിയേറ്റര്‍മാര്‍ 50 ബി്‌ല്യണ്‍ ഡോളറിലധികമാണ് സമ്പാദിച്ചതെന്നും യൂട്യൂബ് അറിയിച്ചു. 2030 ഓടെ ആഗോള തലത്തില്‍ ഷോര്‍ട്ട് വീഡിയോകളുടെ വിപണി 19 ബില്യണ്‍ ഡോളറിന്റേതാവും എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ്‌സീറിന്റെ (Redseer) റിപ്പോര്‍ട്ട്

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it