സീ ഓഹരി 30% കൂപ്പുകുത്തി; രക്ഷകനായി അദാനി വന്നേക്കും

സോണിയുമായുള്ള ലയന നീക്കം പൊളിഞ്ഞതിനെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി വില ഇന്ന് 30 ശതമാനത്തോളം തകര്‍ന്നടിഞ്ഞു. 2021 മുതല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു രണ്ട് പ്രമുഖ എന്റര്‍ട്ടെയ്ന്‍മെന്റ് ചാനലുകളും തമ്മിലുള്ള ലയന വാര്‍ത്ത. എന്നാല്‍ ലയന വ്യവസ്ഥകളില്‍ പിന്നീട് തര്‍ക്കങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ സീ മീഡിയയുടെ വില 14 ശതമാനത്തോളം ഇടിഞ്ഞ് വില്‍പ്പന സമ്മര്‍ദ്ദത്തിലായി. സീ എന്റര്‍ട്ടെയ്ന്‍മെന്റ് ഓഹരികള്‍ 30 ശതമാനം ഇടിവോടെ 166.15 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്.

പുതിയ കമ്പനിയുടെ നേതൃത്വത്തെ ചുറ്റിപ്പറ്റിയാണ് തര്‍ക്കമാണ് ലയന ചര്‍ച്ചയില്‍ വിള്ളല്‍ വീഴ്ത്തിയത്. 2021ല്‍ ഒപ്പുവച്ച പ്രാഥമിക കരാര്‍ പ്രകാരം, ലയിപ്പിച്ച സ്ഥാപനത്തിന്റെ തലപ്പത്ത് പുനീത് ഗോയങ്കയെ നിയമിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഗോയങ്കയെ നേതൃസ്ഥാനത്തിരുത്താന്‍ സോണിക്ക് താല്പര്യമില്ലെന്നും ഇതാണ് ലയന തീരുമാനം ഉപേക്ഷിക്കാൻ കാരണമായത് എന്നുമാണ് റിപ്പോര്‍ട്ട്.

ലിസ്റ്റഡ് കമ്പനികളിലെ ഉന്നത പദവിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഗോയങ്കയെ വിലക്കിയിരുന്നു. എന്നാല്‍ ഗോയങ്ക വിഷയം തന്നെയാണോ നിലവിലെ ലയന തീരുമാനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് വ്യക്തമല്ല. സീയില്‍ നിന്ന് സോണി ടെര്‍മിനേഷന്‍ ഫീസാവശ്യപെട്ടിട്ടുണ്ട്. സീ 200-300 കോടി രൂപ ഇതുവരെ മുടക്കിയതായാണ് അറിയിച്ചിട്ടുള്ളത്. സോണിക്കെതിരെ സീ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.

അദാനിയുടെ രംഗപ്രവേശം

സോണിക്കെതിരെ സീ കോടതിയിലെത്തിയ വാര്‍ത്തകള്‍ക്കിടയില്‍ സീയെ സ്വന്തമാക്കാന്‍ എന്‍.ഡി.ടി.വി മുന്നോട്ട് വന്നേക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. വാര്‍ത്താ ചാനല്‍ സെഗ്മെന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള എന്‍.ഡി.ടി.വിക്ക് സീയെ സ്വന്തമാക്കുന്നതിലൂടെ എന്റര്‍ട്ടെയ്ന്‍മെന്റ് സെഗ്മെന്റിലേക്കുള്ള പ്രവേശനം എളുപ്പമായേക്കും.

നിലവിലെ അടിസ്ഥാന സൗകര്യങ്ങളില്‍ സീയ്ക്ക് തനിച്ച് ചാനല്‍ വളര്‍ത്തിക്കൊണ്ടു വരിക എന്നത് അസാധ്യവുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ മാധ്യമ ലോകത്ത് ബിസിനസ് വിപുലമാക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലാകുമോ സീ എന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്.

സുഭാഷ് ചന്ദ്ര 1991ല്‍ ആരംഭിച്ച സീയ്ക്ക് വാര്‍ത്താ മാധ്യമ രംഗത്തും എന്റര്‍ട്ടെയ്ന്‍മെന്റ് രംഗത്തും ശ്രദ്ധേയമാകാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലുള്‍പ്പെടെ ചാനലുകള്‍ സജീവമാണ്. എന്നാല്‍ ടൂത്ത് പേസ്റ്റ് ബിസിനസിലുള്‍പ്പെടെ പ്രവേശിച്ച കമ്പനിക്ക് നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം (ROI) ചുരുങ്ങിയ നിലയിലാണ് മുന്നോട്ട് പോകുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it