സെരോധയുടെ ലാഭം 62% കുതിച്ചുയര്‍ന്ന് 4,700 കോടിയായി, കൈകാര്യം ചെയ്യുന്ന ആസ്തി ഒരു ലക്ഷം കോടി

രാജ്യത്തെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനമായ സെരോധയ്ക്ക് 2024 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ ലാഭം 62 ശതമാനം വര്‍ധിച്ച് 4,700 കോടി രൂപയിലെത്തി. വരുമാനം 21 ശതമാനം ഉയര്‍ന്ന് 8,320 കോടി രൂപയുമായി.

കൈയിലെത്താനുള്ള 1,000 കോടി രൂപയുടെ ലാഭം കണക്കാക്കാതെയാണിതെന്ന് കമ്പനിയുടെ സാമ്പത്തിക കണക്കുകളുടെ വിവരം ഭാഗികമായി പുറത്തുവിട്ടുകൊണ്ട് സ്ഥാപകനും ശതകോടീശ്വരനുമായ നിതിന്‍ കാമത്ത് ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. ഈ ലാഭം പിന്നീടാകും കമ്പനിയുടെ കണക്കുകളില്‍ ഉൾപ്പെടുത്തുക.
സെരോധ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി, അതായത് ഡീമാറ്റ് അക്കൗണ്ടിലുള്ള നിക്ഷേപം 5.66 ലക്ഷം കോടിയാണ്. വിപണിയിലെ കുതിപ്പിലും ഐ.പി.ഒ വിപണിയുടെ മികച്ച പ്രകടനത്തിലും റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് നേട്ടമായത്. അതേസമയം സെബിയുടെ ഭാഗത്തു നിന്നുണ്ടായ ചില നിയന്ത്രണങ്ങള്‍ കമ്പനിക്ക് നഷ്ടസാധ്യതയുണ്ടാക്കിയെന്നും നിതിന്‍ കാമത്ത് പറഞ്ഞു.

ഒക്ടോബര്‍ മുതലുള്ള പുതിയ നിയമങ്ങൾ ബാധിക്കും

വിപണിയില്‍ നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിച്ചതോടെ ഒക്ടോബര്‍ ഒന്നു മുതല്‍ ട്രൂ ടു ലേബല്‍ നിയമം നടപ്പാക്കാനൊരുങ്ങുന്നത് തിരിച്ചടിയാണ്. അതായത് മ്യൂച്വല്‍ഫണ്ടുകളുടെയും മറ്റ് സാമ്പത്തിക ഉത്പന്നങ്ങളുടെയും റിസ്‌ക് ലെവലിനെ കുറിച്ചും ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിയെ കുറിച്ചും വ്യക്തമാക്കിയിരിക്കണമെന്നതാണ്. നിക്ഷേപകര്‍ക്ക് കൃത്യമായി എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ഇത് വഴി സാധിക്കും. എന്നാല്‍ ഇത് നിലവില്‍ വരുന്നതോടെ കമ്പനിയുടെ വരുമാനത്തില്‍ 30-50 ശതമാനം ഇടിവിന് സാധ്യതയുണ്ടെന്ന് നിതിന്‍ കാമത്ത് പറയുന്നു.
ഇതുകൂടാതെ ഫ്യൂച്വേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ രംഗത്ത് നിന്ന് പിന്മാറി മറ്റ് ഉത്പന്നങ്ങളിലേക്ക് കടക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എഫ് ആന്‍ഡ് ഒയില്‍ പങ്കെടുക്കുന്ന 93 ശതമാനം പേരും നഷ്ടം വരുത്തുന്നുവെന്ന് സെബി അടുത്തിടെ വ്യക്തമാക്കിയിരുന്നു.


Related Articles
Next Story
Videos
Share it