

സൊമാറ്റോയുടെ മാതൃ കമ്പനിയുടെ പേര് എറ്റേണൽ ലിമിറ്റഡ് എന്ന് മാറ്റുന്നതിനുളള പ്രമേയത്തിന് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. പേര് മാറ്റം കമ്പനിക്ക് മാത്രമാണ് ബാധകമാകുക. സൊമാറ്റോ ബ്രാൻഡിനോ ആപ്പിനോ ബാധകമല്ല. ഭക്ഷണ വിതരണ സേവനം പഴയ പേരിൽ തന്നെ അറിയപ്പെടുമെന്ന് കമ്പനി അറിയിച്ചു.
കമ്പനിയുടെ ബിസിനസ് വൈവിധ്യവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പേരു മാറ്റം. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സൊമാറ്റോ, ക്വിക്ക് കൊമേഴ്‌സ് യൂണിറ്റ് ബ്ലിങ്കിറ്റ്, ഗോയിംഗ്-ഔട്ട് സർവീസ് ഡിസ്ട്രിക്റ്റ്, ബിസിനസ്-ടു-ബിസിനസ് ഗ്രോസറി സപ്ലൈ കമ്പനി ഹൈപ്പർപ്യൂർ തുടങ്ങിയവയാണ് നിലവില്‍ കമ്പനിയുടെ പ്രധാന വിഭാഗങ്ങള്‍.
റീബ്രാൻഡിംഗ് സൊമാറ്റോയുടെ വിപണി സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും ദീർഘകാല വളർച്ചയ്ക്ക് അടിത്തറ ഒരുക്കുമെന്നുമാണ് കരുതുന്നത്. നവീകരണത്തിലും വൈവിധ്യവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഭക്ഷ്യ-സാങ്കേതികവിദ്യ, ഇ-കൊമേഴ്‌സ് മേഖലയില്‍ കൂടുതല്‍ മത്സരാധിഷ്ഠിത മുന്നേറ്റം നടത്താന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
കമ്പനിയുടെ സ്റ്റോക്ക് ടിക്കർ ZOMATO എന്നതില്‍ നിന്ന് ഇനി ETERNAL എന്നതിലേക്ക് മാറുന്നതാണ്. സൊമാറ്റോ ഓഹരികള്‍ ഇന്ന് 2.70 ശതമാനം ഇടിഞ്ഞ് 211 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 22.27 ശതമാനത്തിന്റെ ഇടിവാണ് ഓഹരിക്ക് ഉണ്ടായിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine