

നികുതി നേട്ടത്തിന്റെ (tax credit) സഹായത്തോടെ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ജൂണ്‍ പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 2 കോടി രൂപ രേഖപ്പെടുത്തി. പ്രധാന ബിസിനസുകളിലെ ശക്തമായ വളര്‍ച്ചയില്‍ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 64% വര്‍ധിച്ച് 2,597 കോടി രൂപയിലെത്തി.
എന്നാല്‍ ചെലവിന്റെ കാര്യത്തില്‍ 48% വര്‍ധനയോടെ 2,612 കോടി രൂപ രേഖപ്പെടുത്തി. ഇത് 15 കോടി രൂപ നഷ്ടമുണ്ടാക്കി. എന്നാല്‍ 17 കോടി രൂപ നികുതി നേട്ടത്തിന്റെ പിന്തുണയോടെയാണ് ജൂണ്‍ പാദത്തില്‍ കമ്പനിയ്ക്ക് 2 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭമുണ്ടായാത്. മുന്‍ വര്‍ഷം ഇതേ പാദത്തിൽ കമ്പനിക്ക് 186 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ശക്തമായ വളര്‍ച്ച കൈവരിക്കും
കമ്പനി പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങള്‍ നല്‍കിയതായി സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. വരും മാസങ്ങളില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി. വരുന്ന നാല് പാദങ്ങള്‍ ലാഭകരമാകാനാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ നാഴികക്കല്ലിലെത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഒന്നേമുക്കാൽ കോടി ഉപയോക്താക്കൾ
പ്രതിമാസ ഇടപാടിന്റെ കണക്ക് പരിശോധിച്ചാല്‍ 2023 ജൂണ്‍ അവസാനത്തോടെ സൊമാറ്റോയ്ക്ക് ഏകദേശം 1.75 കോടി ഉപയോക്താക്കളുണ്ടായിരുന്നു. കമ്പനി ഇപ്പോള്‍ ഭക്ഷ്യവിതരണിന്റെ മൊത്തം ഓര്‍ഡര്‍ മൂല്യത്തില്‍ 30 ശതമാനത്തിലധികം സംഭാവന ചെയ്യുന്നു. ഈ വിഭാഗത്തിന്റെ മൊത്തം ഓര്‍ഡര്‍ മൂല്യം ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ 6,425 കോടി രൂപയില്‍ നിന്ന് 7,318 കോടി രൂപയായി ഉയര്‍ന്നു.
ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം നല്ല ഫലങ്ങള്‍ ഉണ്ടായത് നിക്ഷേപകര്‍ സ്വീകരിച്ചു.2 കോടി രൂപ ലാഭം രേഖപ്പെടുത്തിയതോടെ സൊമാറ്റോയുടെ ഓഹരുകള്‍ ഇന്ന് എന്‍.എസ്.ഇയില്‍ 13% വരെ ഉയര്‍ന്നു. നിലവില്‍ 10.46% ഉയര്‍ന്ന് 95.60 രൂപയില്‍ (12:40pm, 2/08/2023) സൊമാറ്റോ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine