സൊമാറ്റോ കൊറിയര്‍ സേവനത്തിലേക്കും; 800 നഗരങ്ങളില്‍ 'എക്സ്ട്രീമിന്' തുടക്കം

കൊറിയര്‍ സേവനത്തിലേക്കും ചുവടുവച്ച് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. 3 ലക്ഷത്തിലധികം പേരുടെ ഇരുചക്രവാഹന വിഭാഗത്തെ ഉള്‍ക്കെള്ളിച്ചുകൊണ്ട് സൊമാറ്റോ കൊറിയര്‍ (ഹൈപ്പര്‍ലോക്കല്‍ ഡെലിവറി) സേവനമായ 'എക്സ്ട്രീം' ആരംഭിച്ചു. സോമാറ്റോ ഭക്ഷണ വിതരണം ചെയ്യുന്ന 750-800 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

അയയ്ക്കാം 10 കിലോ വരെ

എക്സ്ട്രീം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് 10 കിലോ വരെ ഭാരമുള്ള ഡോക്യുമെന്റുകള്‍, മരുന്നുകള്‍, ഭക്ഷണം, പലചരക്ക്, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ പാഴ്സലുകള്‍ അയയ്ക്കാന്‍ കഴിയും.ചെറുതും വലുതുമായ വ്യാപാരികളെയാണ് പ്രധാനമായും എക്സ്ട്രീം ലക്ഷ്യമിടുന്നത്. ആദ്യ കിലോമീറ്ററിന് 25 രൂപയാണ് ഈടാക്കുന്നതെന്നും ഓരോ കിലോമീറ്റര്‍ കൂടുന്തോറും താരിഫ് വര്‍ധിക്കുമെന്നും കമ്പനി അറിയിച്ചു. ഇത് ചരക്ക് സേവന നികുതി (ജി.എസ്.ടി) ഒഴിവാക്കിയുള്ള തുകയാണ്.

മറ്റ് കമ്പനികള്‍ക്ക് ഭീഷണിയെന്ന് വിദഗ്ധര്‍

കൊറിയര്‍ സേവനത്തിലേക്കുള്ള സൊമാറ്റോയുടെ വരവ് സമാനമായ സേവനം നല്‍കുന്ന ഡണ്‍സോ, ഓല, സ്വിഗ്ഗി തുടങ്ങിയ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അടുത്തിടെയാണ് ബെംഗളൂരുവില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച് ഓല പാഴ്‌സല്‍ പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് സേവനം ആരംഭിച്ചത്. സ്വിഗ്ഗിക്കും സമാനമായ കൊറിയര്‍ സേവന വിഭാഗമായ സ്വിഗ്ഗി ജീനിയുണ്ട്. അതേസമയം ഭക്ഷണ വിതരണത്തിനൊപ്പം കൊറിയര്‍ സേവനം ആരംഭിച്ചത് സൊമാറ്റോയ്ക്ക് പുതിയ വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരമാണെന്നും വിദഗ്ധര്‍ പറയുന്നു.

മുന്‍ വര്‍ഷം ജൂണ്‍ പാദത്തില്‍ 186 കോടി രൂപ നഷ്ടം നേരിട്ട സൊമാറ്റോ 2022-23 ജൂണ്‍ പാദത്തില്‍ 2 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് നേടിയത്. കമ്പനിയുടെ ലോയല്‍റ്റി പ്രോഗ്രാമായ ഗോള്‍ഡില്‍ നിന്നുള്ള മികച്ച് പ്രതികരണമാണ് ഇതിന് സഹായിച്ചതെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2022-23 ജൂണ്‍ പാദത്തില്‍ 71% ഉയര്‍ന്ന് 2,416 കോടി രൂപയായി. 2022-23 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം സൊമാറ്റോയ്ക്ക് 3.26 ലക്ഷം ഡെലിവറി എക്സിക്യൂട്ടീവുകളുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it