

കോവിഡ് 19 ജനങ്ങളുടെ ജീവിതശൈലിയെ തന്നെ കീഴ്‌മേല്‍ മറിച്ചപ്പോള്‍ രാജ്യാന്തര കമ്പനികളുടെ മൂല്യങ്ങളുടെ സമവാക്യങ്ങളും മാറുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്തിലെ ഇപ്പോള്‍ ഏറ്റവും ജനകീയമായ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സൂമിന്റെ കമ്പനി മൂല്യം 48.78 ബില്യണ്‍ ഡോളറാണ്. ഇത് ലോകത്തിലെ വമ്പന്‍ എയര്‍ലൈനുകളുടെ മൊത്തം മൂല്യത്തേക്കാള്‍ കൂടുതല്‍.
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് (14.04 ബില്യണ്‍ ഡോളര്‍), ഡെല്‍റ്റ (12.30ബില്യണ്‍ ഡോളര്‍), യൂണൈറ്റഡ് (5.867 ബില്യണ്‍ ഡോളര്‍), ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ഗ്രൂപ്പ് (4.111 ബില്യണ്‍ ഡോളര്‍), ലുഫ്താന്‍സ (3.873 ബില്യണ്‍ ഡോളര്‍), അമേരിക്കന്‍ (3.886 ബില്യണ്‍ ഡോളര്‍) എയര്‍ ഫ്രാന്‍സ് (2.137 ബില്യണ്‍ ഡോളര്‍) എന്നിവയുടെ മൊത്തം മൂല്യം ഇപ്പോള്‍ 46.214 ബില്യണ്‍ ഡോളര്‍ മാത്രമാണ്. കഴിഞ്ഞ ജനുവരി 31ന് ഈ എഴ് എയര്‍ലൈന്‍ വമ്പന്മാരുടെ മൊത്തം മൂല്യം 121.301 ബില്യണ്‍ ഡോളറായിരുന്നു! മെയ് 15 ആയപ്പോഴേക്കും അവയുടെ മൊത്തം മൂല്യത്തില്‍ വന്ന ഇടിവ് 62 ശതമാനം. 0.1 മൈക്രോണ്‍ വലുപ്പമുള്ള ഒരു വൈറസ് രാജ്യാന്തര കമ്പനികളുടെ മൂല്യത്തില്‍ വരുത്തിയിരിക്കുന്ന മാറ്റം ഒന്നു നോക്കൂ.
ജനങ്ങള്‍ വീടുകളിലേക്ക് ഒതുങ്ങിയതോടെയാണ് സൂമിന്റെ തലവര തെളിഞ്ഞത്. ഉപയോഗിക്കാനുള്ള എളുപ്പവും ഏറെ പേരെ ഒരേസമയം കണക്റ്റ് ചെയ്യാന്‍ പറ്റുന്നതും സൂമിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. പ്ലേ സ്‌കൂള്‍ മുതല്‍ 12 ക്ലാസ് വരെയുള്ള ഓണ്‍ലൈന്‍ പഠനത്തിന് സൂം സൗജന്യമായി ഉപയോഗിക്കാമെന്ന കമ്പനി സിഇഒ എറിക് യൂവാന്റെ വാഗ്ദാനം കൂടി വന്നതോടെ ഓണ്‍ലൈന്‍ ലേണിംഗിനും സൂം ആപ്പ് വ്യാപകമായി. 2019 ഡിസംബറില്‍ സൂമിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 10 മില്യണ്‍ ആയിരുന്നെങ്കില്‍ ഏപ്രില്‍ 23ന് പ്രതിദിന സൂം മീറ്റിംഗ് പങ്കാളികളുടെ എണ്ണം 300 മില്യണായി.
ലോകമെമ്പാടും ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നുകഴിയുമ്പോള്‍ സൂമിന് സമാനമായ കുതിപ്പ് തുടരാനാകുമോയെന്നാണ് വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. സുരക്ഷാ സംബന്ധമായ കാര്യങ്ങളെ തുടര്‍ന്ന് സൂം പുകമറയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴും കമ്പനി കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് വേണ്ട സേവനം നല്‍കികൊണ്ടുതന്നെ വളരുകയാണ്. എയര്‍ലൈനുകള്‍ സര്‍വീസ് പുനരാരംഭിച്ചാലും പൊതുഗതാഗത സൗകര്യങ്ങള്‍ വീണ്ടും ലഭ്യമായാലും ജനങ്ങള്‍ അതിവേഗം പഴയരീതിയിലേക്ക് തിരിച്ചുവരാനിടയില്ല. അതുകൊണ്ട് തന്നെ സൂമിന്റെ പ്രഭാവം അതിവേഗം മങ്ങാനുമിടയില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine