ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു; സീറ്റുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും

ടിക്കറ്റ് നിരക്കുകളില്‍ 70 ശതമാനം വരെയാണ് അധിക വില ഈടാക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം air india express take off
Published on: 

രാജ്യത്ത് ഉത്സവ സീസണ്‍ ഡിമാന്‍ഡ് ശക്തമായി തുടരുന്നതിനിടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് പ്രമുഖ എയര്‍ലൈനുകള്‍. പതിവായി ഉത്സവകാലത്ത് സര്‍വീസുകള്‍ കൂട്ടാറുള്ള എയര്‍ലൈനുകള്‍ ഇത്തവണ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഉത്സവകാലത്ത് സീറ്റുകളുടെ എണ്ണം കുറച്ചു. ഇത് ആഭ്യന്തര വിമാന യാത്രാ നിരക്കുകളില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് കാരണമായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്‍ഡിഗോയുടെ ആകെ സീറ്റുകളുടെ എണ്ണത്തില്‍ 0.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത് (28,600 സീറ്റുകള്‍ കുറഞ്ഞു). ഒഎജി (OAG) ഡാറ്റ പ്രകാരം ആകെ 13.1 ദശലക്ഷം സീറ്റുകളാണ് കമ്പനിക്കുള്ളത്. അതേസമയം, കനത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എയര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറിലെ ശേഷി 12.6 ശതമാനമായി ചുരുക്കി. 4,78,000 സീറ്റുകളുടെ കുറവാണ് ഇയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സ്‌പൈസ് ജെറ്റാകട്ടെ 38.8 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സര്‍വീസ് ശേഷി വെട്ടിക്കുറച്ചത് (241,000 സീറ്റുകള്‍ കുറഞ്ഞു). ആകാശ എയര്‍ മാത്രമാണ് ശേഷി 35.6 ശതമാനം ഉയര്‍ത്തിയത്.

പ്രധാന റൂട്ടുകളിലെ യാത്രാ തിരക്കും നിരക്ക് വര്‍ധനയും

രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈ-ഡല്‍ഹി റൂട്ടില്‍ 681,800 സീറ്റുകളാണുള്ളത് (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം അധികം). ബെംഗളൂരു-ഡല്‍ഹി റൂട്ടില്‍ 475,100 സീറ്റുകളുണ്ടെങ്കിലും ശേഷിയില്‍ 1 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ കൊല്‍ക്കത്ത-ഡല്‍ഹി റൂട്ടില്‍ 13 ശതമാനം വര്‍ധനയോടെ 325,000 സീറ്റുകളായി ശേഷി ഉയര്‍ന്നു. ഉത്സവകാല യാത്രാ തിരക്ക് കാരണം ചില ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് 70 ശതമാനം വരെയാണ് ഉയര്‍ന്നിട്ടുള്ളത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഉത്സവങ്ങളും അവധിക്കാലവും കാരണം സാധാരണ നിരക്കുകളേക്കാൾ ശരാശരി ₹1,500 മുതൽ ₹3,000 വരെ വര്‍ധന ഉണ്ടാകാറുണ്ട്.

ഉയര്‍ന്ന വിമാന ഇന്ധന വില (എടിഎഫ്), രൂപയുടെ മൂല്യത്തകര്‍ച്ച, ആഗോള രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവയാണ് എയര്‍ലൈനുകളെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്.

ഈ ആഴ്ചയിലെ (ഒക്ടോബർ 20-27) കൊച്ചിയിൽ നിന്നുള്ള വിമാന നിരക്കുകൾ കഴിഞ്ഞ മാസത്തെ (സെപ്റ്റംബർ) അപേക്ഷിച്ച് ഏകദേശം 25% മുതൽ 40% വരെ വർദ്ധിച്ചിട്ടുണ്ട്. ദീപാവലി ഉത്സവ സീസൺ അടുത്തതിനാലും, ഒക്ടോബർ ആദ്യം മുതൽ ഇൻഡിഗോ ഉൾപ്പെടെയുള്ള എയർലൈനുകൾ ഏർപ്പെടുത്തിയ ഇന്ധന സർചാർജ് (Fuel Surcharge) വർദ്ധനവുമാണ് ഈ പെട്ടെന്നുള്ള നിരക്ക് വര്‍ധനയ്ക്ക്‌ പ്രധാന കാരണം. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏറ്റവും വലിയ വ്യത്യാസം വന്നിരിക്കുന്നത് ഡല്‍ഹി റൂട്ടിലാണ്. ഏകദേശം 3,500 മുതല്‍ 5,000 രൂപയുടെ വരെ വര്‍ധന നിലവിലുണ്ട്. കൊച്ചി-ചെന്നൈ, കൊച്ചി-ബംഗളൂരി നിരക്കുകളിലും 1000-2000 രൂപയുടെ വ്യത്യാസമുണ്ട്.

കേരളത്തില്‍ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കിലും വര്‍ധനയുണ്ട്. നിലവില്‍ 50,000 രൂപവരെയാണ് നിരക്ക് ഈടാക്കുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്രക്കാരില്‍ 40 ശതമാനം പേരും സൗദിയിലേക്കുള്ളവരാണ്.

സുപ്രീം കോടതിയുടെ ഇടപെടലും നിയമങ്ങളും

ഉയരുന്ന നിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭാരതീയ വായുയാന്‍ അധിനിയം, 2024-ന്റെ ചട്ടങ്ങള്‍ അന്തിമമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ചട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്നും നവംബര്‍ 16-ന് നടക്കുന്ന അടുത്ത വാദത്തില്‍ ഇവ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ യാത്രാ നിരക്കുകള്‍ യുക്തിസഹമാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com