

കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി നിരക്കിലുള്ള ഗാര്‍ഹിക എല്‍.പി.ജി (LPG) സിലിണ്ടര്‍ റീഫില്ലുകള്‍ക്ക് ബയോമെട്രിക് ആധാര്‍ ഓതന്റിക്കേഷന്‍ (Biometric Aadhaar Authentication - BAA) നിര്‍ബന്ധമാക്കാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. വരുന്ന ഒക്ടോബര്‍ 1 മുതലാണ് പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നത്. നിര്‍ദിഷ്ട തീയതിക്കുള്ളില്‍ ഓതന്റിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ ഗ്യാസ് ലഭിക്കില്ല.
അനര്‍ഹരായവര്‍ സബ്സിഡി കൈപ്പറ്റുന്നതും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ വാണിജ്യ-വ്യാവസായിക ആവശ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതും തടയാനാണ് നടപടിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു.
കേരളത്തിലടക്കം രാജ്യത്തുടനീളമുള്ള 89.9 ശതമാനം (27.43 കോടി) സജീവ ഗാര്‍ഹിക എല്‍.പി.ജി ഉപഭോക്താക്കളും നിലവില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇവര്‍ ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. സാധാരണ പോലെ സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. എന്നാല്‍ ഇതുവരെ പ്രക്രിയ പൂര്‍ത്തിയാക്കാത്തവര്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പായി ഇത് ചെയ്യേണ്ടതുണ്ട്.
ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തിക്കുന്ന ഡെലിവറി ജീവനക്കാരുടെ പക്കലുള്ള എണ്ണക്കമ്പനികളുടെ ഒഫീഷ്യല്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ബയോമെട്രിക് സമര്‍പ്പിക്കാം.
നിങ്ങളുടെ എല്‍.പി.ജി വിതരണക്കാരുടെ (LPG Distributor) ഷോറൂമില്‍ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങള്‍ കൈമാറാം. ഉപഭോക്താക്കള്‍ക്ക് സ്വന്തമായി എണ്ണക്കമ്പനികളുടെ ഔദ്യോഗിക ആപ്പുകള്‍ (ഇന്‍ഡെയ്ന്‍ ഉപഭോക്താക്കള്‍ക്ക് IndianOil ONE, ഭാരത് ഗ്യാസിന് HelloBPCL, എച്ച്.പി ഗ്യാസിന് HP PAY) വഴി ഇ-കെ.വൈ.സി പൂര്‍ത്തിയാക്കാവുന്നതാണ്.
ബയോമെട്രിക് വിവരങ്ങള്‍ നല്‍കാന്‍ താല്പര്യമില്ലാത്തവര്‍ക്കോ സാധിക്കാത്തവര്‍ക്കോ ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കപ്പെടില്ല. എന്നാല്‍ ഇവര്‍ക്ക് സബ്സിഡിയില്ലാത്ത വിപണി വിലയില്‍ (Market Price) മാത്രമേ സിലിണ്ടര്‍ ലഭിക്കൂ. ഇതിനായി കമ്പനികളുടെ വെബ്സൈറ്റോ ആപ്പോ വാട്സ്ആപ്പ് ബോട്ട് വഴിയോ താല്പര്യം അറിയിക്കണം. ലഭ്യതയ്ക്കനുസരിച്ച് 5 കിലോ, 10 കിലോ സിലിണ്ടറുകളാകും ഇവര്‍ക്ക് വിതരണം ചെയ്യുക.
14.2 കിലോ വരുന്ന ഒരു ഗാര്‍ഹിക സിലിണ്ടറിന് സെപ്റ്റംബറില്‍ ഏകദേശം 210 രൂപയോളമാണ് കേന്ദ്രം സബ്സിഡിയായി നല്‍കുന്നത്. ജൂണില്‍ ഇത് 721 രൂപ വരെയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലും അടുത്ത വര്‍ഷത്തിലുമായി (FY 2025-26, FY 2026-27) സബ്സിഡി വിഹിതമായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 30,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് എണ്ണക്കമ്പനികളുടെ അണ്ടര്‍ റിക്കവറി (Under-recovery) ഭാരം 62,000 കോടി രൂപ കടന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായവരിലേക്ക് മാത്രം സബ്സിഡി പരിമിതപ്പെടുത്തുന്നത്.
സഹായങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് 1800 2333 555 എന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Mandatory biometric authentication for subsidised LPG refills takes effect on October 1; non-compliant consumers face market rates without subsidy.
Read DhanamOnline in English
Subscribe to Dhanam Magazine