കൂട്ടികള്‍ക്കായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

കുട്ടികള്‍ മുതിര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാറാവുന്നതു വരെ രക്ഷിതാക്കള്‍ക്ക് ഓരോ കാര്യത്തിലും ആശങ്കയാണ്. അവര്‍ക്ക് അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എങ്ങനെ തെരഞ്ഞെടുക്കാം എന്നതില്‍ വരെ സംശയങ്ങളാവും. അവര്‍ക്കായി മികച്ച പോളിസി തെരഞ്ഞെടുക്കുന്നതും മികച്ച സാമ്പത്തികാസൂത്രണത്തിന്റെ ഭാഗം തന്നെയാണ്.

നിരവധി പ്ലാനുകള്‍ കുട്ടികള്‍ക്കായി ഉണ്ടെങ്കിലും അതില്‍ നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മികച്ച പ്ലാന്‍ കണ്ടെത്താനാകും.
അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിക്കുക
എത്ര ചെലവു വരും എന്നതു മാത്രമല്ല പ്ലാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. നെറ്റ് വര്‍ക്ക് ഹോസ്പിറ്റലുകള്‍ നമ്മുടെ സമീപത്ത് ഉണ്ടോ എന്ന് നോക്കേണ്ടത് പ്രധാനമാണ്. കമ്പനിയുടെ കാഷ്‌ലെസ് ചികിത്സ ലഭ്യമാകുന്ന ഹോസ്പിറ്റലുകള്‍ ഏറ്റവും അടുത്ത് കിട്ടുന്ന കമ്പനിയുടെ പ്ലാന്‍ വേണം തെരഞ്ഞെടുക്കാന്‍.
സം അഷ്വേര്‍ഡ് തുക കുട്ടിയുടെയും രക്ഷിതാവിന്റെയും ചികിത്സാ ചെലവുകള്‍ക്ക് മതിയായതായിരിക്കുകയും വേണം. ഏത് തരം അസുഖത്തിനും ആനുകൂല്യം ലഭ്യമാക്കുന്നതായിരിക്കണം പോളിസി.
ഒപിഡി സൗകര്യം വേണം
കുട്ടികള്‍ക്ക് ഓരോ സീസണിലും പനിയടക്കമുള്ള രോഗങ്ങളുണ്ടാവാം. അതുകൊണ്ടു തന്നെ അപ്പപ്പോള്‍ ചികിത്സ വേണ്ടി വന്നേക്കാം. എല്ലായ്‌പ്പോഴും കിടത്തി ചികിത്സിക്കണമെന്നുമില്ല. അപ്പോള്‍ ഒപിഡി സൗകര്യം ഉള്ള പ്ലാന്‍ തന്നെ തെരഞ്ഞെടുക്കണം. മാത്രമല്ല, 1 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ വിവിധയിനം വാക്‌സിനുകള്‍ക്കുള്ള ചെലവ് കൂടി ഉള്‍പ്പെടുത്തണം.
ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനില്‍ ഉള്‍പ്പെടുമോ
മുതിര്‍ന്നവര്‍ കൂടി ഉള്‍പ്പെടുന്ന ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനില്‍ ഉള്‍പ്പെടുന്നതിനുള്ള പ്രായപരിധി അറിഞ്ഞ് പ്ലാന്‍ തെരഞ്ഞെടുക്കാം. 91 ദിവസം പ്രായമുള്ള നവജാത ശിശുക്കളെ വരെ ഉള്‍പ്പെടുത്താവുന്നവയാണ് മിക്ക പ്ലാനുകളും. അതേ പോലെ 30 വയസ് വരെ അവരെ ഫാമിലി പ്ലാനില്‍ ഉള്‍ക്കൊള്ളിക്കാറുമുണ്ട്. എങ്കിലും ഇതില്‍ പ്ലാന്‍ മാറുന്നതിനനുസരിച്ച് വ്യത്യാസം വരാം. ഫാമിലി ഫ്‌ളോട്ടര്‍ പാന്‍ ആയാലും വ്യക്തിഗത പ്ലാന്‍ ആയാലും ഏറ്റവും കുറഞ്ഞ പ്രായം മുതല്‍ ചേരാവുന്ന പ്ലാന്‍ തെരഞ്ഞെടുക്കണം.
ഏതൊക്കെ അസുഖങ്ങള്‍ക്ക്
ഏറ്റവും കുറഞ്ഞ വെയ്റ്റിംഗ് പിരീഡും കൂടുതല്‍ രോഗങ്ങള്‍ കവര്‍ ചെയ്യുന്നതുമായ പ്ലാന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് എന്തു തരത്തിലുള്ള രോഗവും വന്നേക്കാം.
നവദമ്പതികള്‍ക്ക് ഗര്‍ഭകാല സംരക്ഷണവും നവജാത ശിശുവിനുള്ള സംരക്ഷണവും തരുന്ന പോളിസികളും വിപണിയിലുണ്ട്. ഇതിലൂടെ പ്രസവ ചികിത്സാ ചെലവുകളും നവജാത ശിശുവിന്റെ വാക്‌സിനേഷന്‍ അടക്കമുള്ള ചെലവുകളും പോളിസി കവര്‍ ചെയ്യും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it