ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവരും കോവിഡ് ചികിത്സയ്ക്കായി കയ്യില്‍ പണം കരുതണം; കാരണം ഇതാണ്

നിങ്ങള്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കിലും കോവിഡ് ചികിത്സയ്ക്കായി ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ ഗണ്യമായ ഒരു തുക വഹിക്കേണ്ടി വരും. സ്വകാര്യ ആശുപത്രികളില്‍ പലയിടങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് ക്യാഷ്‌ലെസ് ആണെങ്കില്‍ കൂടി കോവിഡ് ഉള്ള ഒരാള്‍ക്ക് അഡ്മിഷനും മറ്റുമായി അപ്രൂവല്‍ ആകുന്നത് വരെ ഒരു തുക കയ്യില്‍ വയ്‌ക്കേണ്ടിവരും. കോവിഡ് ചികിത്സയോടൊപ്പം അനുബന്ധ രോഗങ്ങളും അസ്വസ്ഥതകളും മനസ്സിലാക്കി മാത്രമേ ചികിത്സാ തുക അനുവദിക്കുന്നുള്ളു.

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആകുമ്പോള്‍ മുതല്‍ ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന പിപിഇ കിറ്റിനും എടുക്കേണ്ട മുറിക്കും മറ്റും പണം കരുതണം. പലരും രോഗികളില്‍ നിന്നും അഡ്വാന്‍സ് ആയി മുറി വാടക ഈടാക്കുന്നതായും കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റെന്തെങ്കിലും രോഗവുമായി എത്തുന്നവര്‍ക്കും നിര്‍ബന്ധിത കോവിഡ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട് ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും. പണരഹിതമായ ചികിത്സയ്ക്കുള്ള ഇന്‍ഷുററുടെ അംഗീകാരത്തിന് സമയമെടുത്തേക്കും എന്നതിനാല്‍ ഇതിനിടയില്‍, ചികിത്സ ആരംഭിക്കുന്നതിന് ഹോസ്പിറ്റല്‍ ചില തുക മുന്‍കൂര്‍ നല്‍കാന്‍ ആവശ്യപ്പെടാം.
നിങ്ങളുടെ പോളിസിയില്‍ ഒരു ചെറിയ തുക മാത്രം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടെങ്കിലോ ചില കാരണങ്ങളാല്‍ ഒരു നെറ്റ്വര്‍ക്ക് ഇതര ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിതനാണെങ്കിലോ നിങ്ങള്‍ക്ക് പണം ആവശ്യമായി വന്നേക്കാമെന്നും ഇന്‍ഷുറന്‍സ് രംഗത്തുള്ളവര്‍ പറയുന്നു. ആശുപത്രികളില്‍ ബെഡ് ഒഴിവില്ലാതാകുന്നതാണ് ഈ പ്രശ്‌നത്തെ രൂക്ഷമാക്കുന്നത്. മാത്രമല്ല സഞ്ചാരത്തിന് നിയന്ത്രണമുണ്ടെന്നിരിക്കെ വ്യക്തികള്‍ ഏത് പ്രദേശത്തെ ആശുപത്രിയില്‍ ആണോ പ്രവേശിക്കപ്പെടുന്നത് അവിടെ ഇന്‍ഷുറന്‍സ് ലഭിക്കുക എന്നതും പ്രധാനം തന്നെ.
ഐആര്‍ഡിഐ ഉത്തരവ് പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത എല്ലാ വ്യക്തികള്‍ക്ക് പരിരക്ഷ ലഭിക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ചേര്‍ത്തിട്ടുള്ള ആശുപത്രികളില്‍ മാത്രമായിരിക്കും ഇത്. അതിനാല്‍ തന്നെ ഈ അത്യാവശ്യ സന്ദര്‍ഭത്തില്‍ കോവിഡ് പരിരക്ഷ
ഉറപ്പുവരുത്താന്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ത്തിട്ടുള്ള കോവിഡ് പോളിസികള്‍ എടുക്കുന്നതും ഉത്തമമായിരിക്കും. നിലവില്‍ കുറഞ്ഞ തുക എടുത്തിട്ടുള്ളവര്‍ക്ക് വലിയ തുകയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കവിയും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it