നേരത്തെ ഉള്ള രോഗങ്ങള്‍ക്കും ആദ്യദിനം മുതല്‍ കവറേജ്; പോളിസികള്‍ അവതരിപ്പിച്ച് കമ്പനികള്‍

സാധാരണഗതിയില്‍ ഒരു പിഇഡി (പ്രീ എക്‌സിസ്റ്റിംഗ് ഡിസീസ് - നേരത്തെ ഉള്ള രോഗങ്ങള്‍) ഉള്ള ഉപയോക്താവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറിനായി കമ്പനികളെ സമീപിക്കുമ്പോള്‍ മൂന്നു കാര്യങ്ങളാണ് സംഭവിക്കുക. ഒന്ന്, പ്രൊപ്പോസല്‍ പൂര്‍ണമായി തഴയപ്പെടാം. രണ്ട് പിഇഡി ഇല്ലാതെ കവറേജ് ലഭിക്കും. ചിലപ്പോള്‍ രണ്ട് മുതല്‍ നാലുവര്‍ഷം വരെ വെയ്റ്റിംഗ് പിരീഡ് ലഭിച്ചേക്കാം.

എന്നാല്‍ പ്രീ എക്‌സിസ്റ്റിംഗ് ഡിസീസുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്ലാനുകള്‍ പല കമ്പനികളും
അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ആദിത്യ ബിര്‍ല ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഒരു പുതുക്കിയ സ്‌കീം അവതരിപ്പിച്ചത്- ആക്റ്റീവ് ഹെല്‍ത്ത് എന്‍ഹാന്‍സ് എന്ന ഈ പ്ലാനില്‍ ആസ്ത്മ, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം കവര്‍ ചെയ്യപ്പെടുന്നു.
ഒരു അസുഖവുമായി ജീവിക്കുന്ന ആള്‍ അയാള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നിരസിക്കപ്പെടുമോ എന്ന പേടിയായിട്ടാണ് ജീവിക്കുന്നത്. ഈ അവസ്ഥ മാറണം. അവര്‍ക്ക് പെട്ടെന്നുള്ള ഒരു സഹായമാണ് പലപ്പോഴും വേണ്ടി വരിക. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് തങ്ങള്‍ പ്രത്യേക പോളിസികള്‍ പുറത്തിറക്കുന്നതെന്ന് സ്റ്റാര്‍ ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ എസ് പ്രകാശ് പറഞ്ഞു.
ഇന്‍ഷുറന്‍സ് എടുത്താല്‍ കമ്പനിക്കാര്‍ പറയുന്ന കാത്തിരിപ്പ് കാലാവധിക്കു മുമ്പായി അസുഖങ്ങള്‍ക്കായി ചികിത്സ തേടേണ്ടി വരുമ്പോഴുണ്ടാകുന്ന അധിക ചെലവിനെക്കുറിച്ച് പലരും ആശങ്കാകുലരാണ്. എന്നാല്‍ പ്രീമിയം തുക കുറച്ചു ഉയര്‍ന്നേക്കാമെങ്കിലും ചികിത്സയ്ക്കായി വന്നേക്കാവുന്ന നിരക്കിനെ ഓര്‍ക്കുമ്പോള്‍ ഭേദമാണെന്ന ഉപയോക്താക്കളുടെ ഫീഡ് ബാക്ക് ലഭിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പലരും ഹെല്‍ത്ത് കോച്ചുകളെ വരെ ലഭ്യമാക്കുന്നുണ്ട് ഈ അവസരത്തിലെന്ന് ആദിത്യ ബിര്‍ല ഇന്‍ഷുറന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മയങ്ക് ബത്വാള്‍ പറയുന്നു. ഹൃഗ്രോഗമോ മറ്റ് അസുഖങ്ങളോ ഉള്ള വ്യക്തികള്‍ക്ക് അവരുടെ അസുഖങ്ങള്‍ക്ക് ഫുള്‍ കവറേജ് ലഭിക്കാന്‍ ഈ സ്‌പെഷ്യല്‍ പോളിസികളെ ആശ്രയിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്താണ് നിങ്ങള്‍ ചെയ്യേണ്ടത് ?
വിദഗ്ധര്‍ പറയുന്നതനുസരിച്ച് നിങ്ങള്‍ക്ക് ഒരു പ്രീ എക്‌സിസ്റ്റിംഗ് ഡിസീസ് (പിഇഡി) ഉണ്ട് എങ്കില്‍ അത് മറച്ചു വയ്ക്കാതെ ആദ്യം തന്നെ ഒരു റെഗുലര്‍ പോളിസി എടുക്കുക. ഉയര്‍ന്ന സം ഇന്‍ഷ്വേര്‍ഡ് തുക ലഭിക്കാന്‍ ഇത് സഹായിക്കും. 90 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിപ്പ് കാലാവധിയുള്ള പോളിസികള്‍ ആണ് പലതും. അത് ലഭിക്കുന്നില്ലെങ്കില്‍ മാത്രം പ്രീമിയം കൂടുതല്‍ നല്‍കി സ്‌പെഷ്യല്‍ പോളിസികള്‍ എടുക്കാം.
എല്ലാ അസുഖങ്ങളും തുറന്നു പറയുക
പോളിസി നിരസിക്കപ്പെടുന്നത് പലപ്പോഴും മുമ്പുള്ള അസുഖങ്ങള്‍ മറച്ചു വയ്ക്കുകയും പിന്നീട് ചികിത്സയ്ക്കായി ആശുപത്രികളെ സമീപിക്കുമ്പോള്‍ അവ കണ്ടെത്തുമ്പോഴുമാണ്. ഇന്ന് പല കമ്പനികളും എല്ലാത്തരം അസുഖങ്ങള്‍ക്കും കവറേജ് നല്‍കുന്നുണ്ട്. ക്യാന്‍സറിന് പ്രത്യേക കവറേജ് എടുക്കുന്നതാണ് എപ്പോഴും നല്ലത്.
ഉയര്‍ന്ന പ്രീമിയം
അസുഖങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്നതിനേക്കാള്‍ നല്ലത് ഹെല്‍ത്ത് ചെക്കപ്പ് നടത്തി അസുഖങ്ങള്‍ക്കെല്ലാം കവറേജ് ലഭിക്കുന്ന പോളിസികള്‍ എടുക്കുക എന്നതാണ്. കവറേജ് കൂട്ടുകയുമാകാം. സാധാരണ പോളിസികളെക്കാള്‍ 10-15 ശതമാനം പ്രീമിയം കൂടുതലായിരിക്കും ഇത്തരം സ്‌പെഷ്യല്‍ പോളിസികള്‍ക്കെന്നതിനാല്‍ ഇന്‍ഷുറന്‍സ് വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തെരഞ്ഞെടുക്കണം.


Related Articles

Next Story

Videos

Share it